കാണാതായ എണ്ണടാങ്കര്‍ ഇറാനില്‍ തന്നെ; കേടുപാട് തീര്‍ക്കാന്‍ എത്തിയതാണെന്ന് വാദം

കാണാതായ എണ്ണടാങ്കര്‍ ഇറാനില്‍ തന്നെ; കേടുപാട് തീര്‍ക്കാന്‍ എത്തിയതാണെന്ന് വാദം
  • ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതാകാമെന്ന് അമേരിക്ക സംശയമുന്നയിച്ചിരുന്നു
  • ഇറാന്‍ സമുദ്രാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ശേഷമാണ് ടാങ്കര്‍ കാണാതായത്
  • ശനിയാഴ്ച രാത്രിയാണ് കപ്പലില്‍ നിന്നും അവസാനമായി സിഗ്നല്‍ ലഭിച്ചത്

ദുബായ്: ഗള്‍ഫ് സമുദ്ര മേഖലയില്‍ നിന്ന് ‘അപ്രത്യക്ഷമായ’ എണ്ണടാങ്കര്‍ ഇറാനിലുണ്ടെന്നതിന് സ്ഥിരീകരണം. കേടുപാടുകള്‍ പരിഹരിക്കുന്നതിനായി ടാങ്കര്‍ ഇറാനിലെത്തിയതായി ഇറാനിലെ അര്‍ദ്ധ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎസ്എന്‍എ വ്യക്തമാക്കി. ഇറാന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടന്ന ശേഷം എംടി റിയ എന്ന എണ്ണ ടാങ്കര്‍ കാണാതായ സംഭവത്തില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തിയിരുന്നു.ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതാകാമെന്നും അമേരിക്ക സംശയം പ്രകടിപ്പിച്ചു. എന്നാല്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവ പരിഹരിക്കാന്‍ ടാങ്കര്‍ ഇറാനിലേക്ക് വന്നതായി ഇറാന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎസ്എന്‍എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ടാങ്കറിന് എന്താണ് സംഭവിച്ചതെന്നോ, ട്രാക്കിംഗ് സംവിധാനങ്ങള്‍ ഓഫ് ചെയ്ത് വെച്ചത് എന്തിനെന്നോ ഇവര്‍ വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൗസവി അറിയിച്ചു.

യുഎഇ ഉടമസ്ഥതയില്‍ ഉള്ളതോ, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കപ്പല്‍ കമ്പനികളുടെ നിയന്ത്രണത്തിലുള്ളതോ അല്ല ഈ കപ്പലെന്ന് യുഎഇ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ടാങ്കറില്‍ നിന്നും അപകടസൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും യുഎഇ അറിയിച്ചു. ടാങ്കറിനുള്ളില്‍ എമിറാറ്റി പൗരന്മാര്‍ ആരും തന്നെ ഇല്ലെന്നും അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് യുഎഇ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായും യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ രാജ്യാന്തര സുരക്ഷാ സഹകരണ വിഭാഗം ഡയറക്ടര്‍ സലിം അല്‍സാബി അറിയിച്ചു.

പനാമ പതാകയുള്ള എംടി റിയാ എന്ന താരതമ്യേന ചെറിയ എണ്ണ ടാങ്കറില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് സ്ഥലവിവരങ്ങള്‍ സംബന്ധിച്ച സിഗ്നലുകള്‍ അവസാനമായി ലഭിച്ചത്. ആ സമയത്ത് യുഎഇ സമുദ്രാതിര്‍ത്തി വിട്ട് ഇറാനിലേക്ക് കടക്കുകയായിരുന്നു ഈ ടാങ്കര്‍. തുടര്‍ന്ന് ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്തതാകാമെന്ന് അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. ഇറാനിലെ ഇസ്ലാമിക് റെവലൂഷനറി ഗാര്‍ഡ് കോര്‍പിന്റെ ആസ്ഥാനമുള്ള ഖ്വേഷം ദ്വീപിന് അടുത്തായിരുന്നു ഈ ടാങ്കര്‍ ഉണ്ടായിരുന്നതെന്ന് പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഗള്‍ഫ് സമുദ്രമേഖലയിലേക്കുള്ള പ്രവേശന കവാടമായ ഹോര്‍മൂസ് കടലിടുക്ക് കടന്നതിന് ശേഷമാണ് ദുരൂഹ സാഹചര്യത്തില്‍ ടാങ്കറില്‍ നിന്നുള്ള സിഗ്നലുകള്‍ അവസാനിച്ചത്. അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ ആണ് ടാങ്കര്‍ കാണാതായ സംഭവം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. റെവലൂഷനറി ഗാര്‍ഡ് കോര്‍പിന്റെ ആജ്ഞ പ്രകാരം ടാങ്കര്‍ ഇറാന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സികള്‍ കരുതുന്നതെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ടാങ്കര്‍ സ്വയമേ സിഗ്നല്‍ സംവിധാനം ഓഫ് ചെയ്ത് ഇറാനിലേക്ക് പ്രവേശിക്കുകയായിരുന്നുവെന്ന് ചില ഗള്‍ഫ് വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.

ടാങ്കര്‍ അപ്രത്യക്ഷമായെന്ന് തന്നെയാണ് കപ്പലുകളെ നിരീക്ഷിക്കുന്ന വെബ്‌സൈറ്റായ ടാങ്കര്‍ട്രാക്കര്‍ ഡോട്ട് കോം സ്ഥാപകനായ സമീര്‍ മദനിയും പറഞ്ഞത്. സംവിധാനങ്ങള്‍ ഉപയോഗിച്ച് ടാങ്കര്‍ കണ്ടെത്താന്‍ ശ്രമം നടത്തുന്നതായും അദ്ദേഹം അറിയിച്ചു. ഇറാന്‍ തുറമുഖങ്ങളിലൊന്നും ഈ ടാങ്കര്‍ ചെന്നതായി സൂചന ലഭിച്ചിരുന്നില്ല. ചെറിയ ടാങ്കര്‍ ആണെന്നത് കൊണ്ടുതന്നെ സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തുക പ്രയാസമാണ്. പ്രസ്തുത ടാങ്കര്‍ അവസാനമായി യുഎഇ തീരത്തിലൂടെ സഞ്ചരിക്കുന്നതായാണ് കണ്ടത്. ജൂലൈ 14ന് ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് ശേഷം ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ടാങ്കര്‍ ഇറാനിലേക്ക് പ്രവേശിച്ചതെന്നും സമീര്‍ മദനി പറഞ്ഞിരുന്നു. കേടുപാട് തീര്‍ക്കാന്‍ ടാങ്കര്‍ ഇറാനില്‍ എത്തി എന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് ടാങ്കര്‍ അങ്ങോട്ട് പ്രവേശിച്ചതെന്നും എന്താണ് സംഭവിച്ചതെന്നും ഉള്ള വിവരങ്ങള്‍ അവ്യക്തമാണ്.

എകദേശം ഒമ്പത് മീറ്റര്‍ വീതിയുള്ള തീരപ്രദേശങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു ടാങ്കറാണിതെന്ന്് മദനി പറഞ്ഞു. പൊതുവേ 60 മീറ്റര്‍ വീതിയും 200,000 ടണ്‍ ശേഷിയും ഉള്ള വന്‍കിട കപ്പലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റിയ വളരെ ചെറിയ ടാങ്കറാണ്. ടാങ്കറിനുള്ളിലെ സ്ഥലവിവരങ്ങള്‍ നല്‍കുന്ന ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് സാധാരണയായി കപ്പലുകളെ ട്രാക്ക് ചെയ്യുന്നത്. കപ്പലിന്റെ സഞ്ചാരപാത, വേഗത, സ്ഥലങ്ങള്‍ തുടങ്ങി നിര്‍ണായക വിവരങ്ങള്‍ ഈ ഉപകരണങ്ങള്‍ രേഖപ്പെടുത്തുന്നു. കടലില്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനും കൂട്ടിയിടി ഒഴിവാക്കാനുമാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍ അപകടകരമായ മേഖലകളിലൂടെ സഞ്ചരിക്കുമ്പോഴും സ്ഥലം, പ്രഭവസ്ഥാനം, ചരക്ക് തുടങ്ങിയ വിവരങ്ങള്‍ മറച്ചുവെക്കേണ്ടപ്പോഴും ചിലപ്പോള്‍ കപ്പലുകള്‍ ഇത്തരം ട്രാക്കിംഗ് സംവിധാനങ്ങള്‍ ഓഫ് ചെയ്ത് വെക്കാറുണ്ട്.

അമേരിക്കയുടെ ഉപരോധം നേരിടുന്ന ഇറാനിലെ എണ്ണടാങ്കറുകള്‍ അമേരിക്ക അറിയാതെ എണ്ണ കടത്തുന്നതിന് ആഴ്ചകളോളം സിഗ്നലുകള്‍ ഓഫ് ചെയ്ത് വെക്കാറുണ്ട്. ഇറാനില്‍ നിന്നും എണ്ണ കൊണ്ടുപോകുന്ന മറ്റ് കപ്പലുകളും ഇത്തരത്തില്‍ സിഗ്നലുകള്‍ ഓഫ് ചെയ്തതായി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ ദുബായ്, ഷാര്‍ജ, ഫുജെയ്‌റ എന്നിവിടങ്ങളില്‍ മൂന്ന് മാസമായി നടത്തിയ യാത്രയിലൊന്നും റിയ സിഗ്നല്‍ ഓഫ് ചെയ്തിരുന്നില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കാണാതാവല്‍ ആശങ്ക ഉണ്ടാക്കുന്നതാണെന്നും വിവരശേഖരണ കമ്പനിയായ റെഫിനിറ്റീവിലെ ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ രഞ്ജിത് രാജ പറയുന്നു.

അഥവാ ഇറാന്‍ റിയ പിടിച്ചെടുത്തതാണെങ്കില്‍ അവരുടെ ഭാഗത്ത് നിന്നുള്ള അസാധാരണ നടപടിയാകും അത്. 30 വര്‍ഷം പഴക്കമുള്ള കേവലം 2,000 ടണ്‍ മാത്രം ചരക്ക് ശേഷിയുള്ള ടാങ്കറാണിതെന്നാണ് മറൈന്‍ ട്രാഫിക് വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ആഴ്ച ഗള്‍ഫില്‍ നിന്നും പുറത്തുകടക്കവേ ഇറാന്‍ കപ്പലുകള്‍ തടയാന്‍ ശ്രമിച്ച യുകെയുടെ എണ്ണടാങ്കറായ ബ്രിട്ടീഷ് ഹെറിറ്റേജിന്റെ ശേഷിയായ 160,000 ടണ്ണിനേക്കാള്‍ വളരെ കുറവാണിത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗള്‍ഫ് മേഖലയില്‍ ചരക്ക് കപ്പലുകള്‍ ലക്ഷ്യമാക്കി നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന ആരോപണം ഉയരുന്നുണ്ടെങ്കില്‍ ഇറാന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മേയിലും ജൂണിലുമായി ആറ് ടാങ്കറുകളാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ അക്രമിക്കപ്പെട്ടത്. കഴിഞ്ഞ ആഴ്ചകളില്‍ യുകെയ്‌ക്കെതിരായി മാത്രമേ ഇറാന്‍ ആക്രമണ ഭീഷണി ഉയര്‍ത്തിയിട്ടുള്ളു. ബ്രിട്ടീഷ് റോയല്‍ മറൈനുകളുടെ സഹായത്തോടെ ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുകയാണെന്ന സംശയത്തില്‍ ഇറാന്റെ എണ്ണടാങ്കര്‍ പിടിച്ചെടുത്ത ശേഷമായിരുന്നു ഇത്.

ബഹ്‌റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നാവികസേനയുടെ ഫിഫ്ത് ഫഌറ്റ് സംഭവത്തെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: Arabia
Tags: Oil tanker