വിദ്യാഭ്യാസത്തില്‍ പുതിയ പരീക്ഷണവുമായി മോണിംഗ്‌ഗ്ലോറി

വിദ്യാഭ്യാസത്തില്‍ പുതിയ പരീക്ഷണവുമായി മോണിംഗ്‌ഗ്ലോറി

ആദിവാസി സമുദായത്തിനും സമൂഹത്തിലെ മറ്റ് പാവപ്പെട്ട കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനുള്ള പരിശീലനവും സ്‌കൂള്‍ നല്‍കും

മോണിംഗ് ഗ്ലോറി, കര്‍ണാടകയിലെ പ്രകൃതിരമണീയതയ്ക്ക് പേര് കേട്ട കൂര്‍ഗ് ജില്ലയിലെ ഒരു സ്‌കൂളാണിത്. സ്‌കൂളിന്റെ പേര് സൂചിപ്പിക്കും പോലെ പുതിയൊരു പ്രഭാതത്തിന്റെ മഹിമ വിളിച്ചോതാന്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണിവര്‍. അധികം വൈകാതെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന സ്‌കൂള്‍ പൂര്‍ണമായും സമൂഹത്തിലെ താഴെത്തട്ടിലുള്ള വിദ്യാര്‍ത്ഥികളുടെ പഠനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. പ്രധാനമായും തോട്ടം തൊഴിലാളികളുടെ മക്കള്‍ക്കും ആദിവാസി സമുദായത്തിനും സമൂഹത്തിലെ മറ്റ് പാവപ്പെട്ട കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായുള്ള പരിശീലന പദ്ധതികള്‍ പഠിപ്പിക്കാന്‍ കൂടിയാണ് പദ്ധതിയിട്ടിരിക്കുന്നത്. വിദ്യാഭ്യാസവും പരിശീലനവും തികച്ചും സൗജന്യമാണെന്നതാണ് മോണിംഗ് ഗ്ലോറിയുടെ മറ്റൊരു സവിശേഷത.

കഥ പറഞ്ഞ് പാട്ട് പാടി ബോധവല്‍ക്കരണം

ബെംഗളുരുവിലെ ഒരു എജുക്കേഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മോണിംഗ് സ്റ്റാര്‍ സ്‌കൂളിന്റെ നിര്‍മാണത്തിനാവശ്യമുള്ള നിക്ഷേപമിറക്കിയത് ഓറഞ്ച് കൗണ്ടി ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട്‌സാണ്. പുതിയ തലമുറയിലെ കുട്ടികള്‍ക്കിടയില്‍ തികച്ചും വ്യത്തിയുള്ള, ആരോഗ്യകരമായ, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കാനാണ് സ്‌കൂളിന്റെ ശ്രമം. പരിസ്ഥിതിയുടെ ശരിയായ നിലനില്‍പ്പിന് ശരിയായ പരിചരണം ആവശ്യമാണ്. അതിനാവശ്യമായ പരിശീലനം കുട്ടികള്‍ക്ക് നല്‍കാനാണ് ശ്രമം. കുട്ടികളുടെ പ്രായം കണക്കിലെടുത്താകും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ പ്രകൃതി പരിചരണ ക്ലാസുകള്‍ നല്‍കുക.

പരിസ്ഥിതി സംരക്ഷണ പരിശീലനത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക.R-e-du-c-e, R-e-cy-c-l-e, R-eu-se .. എന്നീ മൂന്നു വിഷയങ്ങളുടെ പ്രാധാന്യം പാട്ടുകളിലൂടെയും കഥകളിലൂടെയും ദൃശ്യ കലകളിലൂടെയും കുട്ടികളെ പഠിപ്പിക്കും. ഇതിനു പുറമെ മറ്റ് പരിശീലന പദ്ധതികളും സ്‌കൂള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്‌കൂളില്‍ തയാറാക്കിയിരിക്കുന്ന പൂന്തോട്ടത്തിലൂടെ കുട്ടികളെ അവയുടെ പരിചരണത്തെക്കുറിച്ച് പഠിപ്പിക്കുകയും പുതിയ സസ്യങ്ങളും വൃക്ഷത്തൈകളും നട്ടുവളര്‍ത്തി പരിപോഷിപ്പിക്കാന്‍ പരിശീലനം നല്‍കുകയും ചെയ്യും.

പ്ലാസ്റ്റിക്കിനോട് നോ പറയാന്‍ പരിശീലനം

മാലിന്യ നിര്‍മാര്‍ജ്ജനത്തെ രീതികളെ കുറിച്ചും സ്‌കൂളില്‍ പഠനവും പരിശീലനവുമുണ്ട്. പ്രകൃതിയുടെ ഉറവിടങ്ങളെ സംരക്ഷിച്ചുകൊണ്ട് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കാനും പരിശീലനം നല്‍കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിവതും കുറച്ചുകൊണ്ടാണ് സ്‌കൂളിലെ ഓരോ ഉപകരണങ്ങളും നിര്‍മിച്ചിരിക്കുന്നത്. കുട്ടികളെയും പ്ലാസിറ്റ് ഉപയോഗിക്കാതിരിക്കാന്‍ ശീലിപ്പിക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷ് മാധ്യമത്തിലാണ് ഇവിടുത്തെ പഠനം. പുസ്തകം, ബാഗ് എന്നിവ ആവശ്യമായ കുട്ടികള്‍ക്ക് നല്‍കുന്നതിനൊപ്പം രണ്ടു നേരം സൗജന്യമായി ഭക്ഷണവും ഒരുക്കിയാണ് മോണിംഗ്‌ഗ്ലോറി മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാകുന്നത്. ഈ അധ്യയന വര്‍ഷം നിലവില്‍ 40 വിദ്യാര്‍ത്ഥികള്‍ മോണിംഗ്‌ഗ്ലോറിയിലേക്ക് പ്രവേശനം റെഡിയാക്കി കാത്തിരിക്കുകയാണ്.

Comments

comments

Categories: FK Special