ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറയുന്നു

ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറയുന്നു

ഇന്ത്യയില്‍ പോഷകാഹാരക്കുറവിന്റെ പ്രശ്‌നം കുറയുന്നതായും പൊണ്ണത്തടി കൂടിവരുന്നതായും ഐക്യരാഷ്ട്ര സംഘടന. ആഗോളതലത്തില്‍ 820 ദശലക്ഷത്തിലധികം ആളുകള്‍ പട്ടിണി അനുഭവിക്കുന്നതിനിടയിലാണിത്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും അമിതവണ്ണമുള്ളവരാണ്. ഐക്യരാഷ്ട്രസഭയുടെ ഈ വര്‍ഷത്തെ ആഗോള ഭക്ഷ്യസുരക്ഷാ പോഷക റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. യുഎന്‍ ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷന്‍ (എഫ്എഒഒ), ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലപ്‌മെന്റ് (ഐഎഫ്എഡി), യുഎന്‍ ചില്‍ഡ്രന്‍സ് ഫണ്ട് (യുനിസെഫ്), ലോക ഭക്ഷ്യവസ്തു പ്രോഗ്രാം (ഡബ്ല്യുഎഫ്പി), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണിത്.

ലോകമെമ്പാടുമുള്ള 820 ദശലക്ഷം ആളുകള്‍ക്ക് 2018 ല്‍ ആവശ്യത്തിനു ഭക്ഷണം കഴിക്കാന്‍ പ്രാപ്തിയില്ലെന്നു റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇത് 811 ദശലക്ഷമായിരുന്നു. ഇത് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഈ വര്‍ധന. ഇത് സുസ്ഥിര വികസനം കൈവരിക്കുന്നതു വലിയ വെല്ലുവിളിയാണെന്ന കാര്യം അടിവരയിടുന്നു. 2030 ആകുമ്പോഴേക്കും ലോകത്ത് നിന്ന് വിശപ്പ് പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തെ ഇത് പിന്നോട്ടടിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്ത്യയില്‍ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 2004-06ലെ 253.9 ദശലക്ഷത്തില്‍ നിന്ന് 2016-18 ല്‍ 194.4 ദശലക്ഷമായി കുറഞ്ഞു. അതേസമയം പ്രായപൂര്‍ത്തിയായ പൊണ്ണത്തടിയന്മാരുടെ എണ്ണം 2012 ലെ 24.1 ദശലക്ഷത്തില്‍ നിന്ന് 2016 ല്‍ 32.8 ദശലക്ഷമായി ഉയര്‍ന്നു. അമിതഭാരമുള്ള അഞ്ചു വയസ്സില്‍് താഴെയുള്ള കുട്ടികളുടെ എണ്ണം 2018 ല്‍ 2.9 ദശലക്ഷമായിരുന്നു. ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 2004-06ല്‍ പോഷകാഹാരക്കുറവു നേരിട്ടവരുടെ നിരക്ക് 22.2 ശതമാനവും 2016-18 ല്‍ 14.5 ശതമാനവുമായിരുന്നു. മുതിര്‍ന്നവരുടെ ജനസംഖ്യയില്‍ അമിതവണ്ണത്തിന്റെ വ്യാപനം 2012 ല്‍ മൂന്ന് ശതമാനമായിരുന്നത് 2016 ല്‍ 3.8 ശതമാനമായി വര്‍ദ്ധിച്ചു. സാമ്പത്തിക വളര്‍ച്ച പിന്നിലായ പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും, അന്താരാഷ്ട്ര പ്രാഥമിക ചരക്ക് വ്യാപാരത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളിലും ആഗോളതലത്തില്‍ പട്ടിണി വര്‍ദ്ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Health