ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ട് വ്യവസായ സമൂഹം

ശുഭാപ്തിവിശ്വാസം നഷ്ടപ്പെട്ട് വ്യവസായ സമൂഹം
  • നടപ്പു വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദം സംബന്ധിച്ച ബിസിനസ് ശുഭാപ്തി വിശ്വാസം ഏപ്രില്‍-ജൂണ്‍ പാദത്തെ അപേക്ഷിച്ച് 10.7 ശതമാനം കുറഞ്ഞു
  • മൂന്നാം പാദത്തിലെ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് കോംപോസിറ്റ് ബിസിനസ് ശുഭാപ്തി വിശ്വാസ സൂചിക 70 എന്ന ശതമാനത്തിലാണ് നിലയുറപ്പിച്ചിട്ടുള്ളത്

ന്യൂഡെല്‍ഹി: രാജ്യത്ത് നടപ്പു വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദം സംബന്ധിച്ച ബിസിനസ് ശുഭാപ്തി വിശ്വാസം കുറഞ്ഞതായി റിപ്പോര്‍ട്ട്. ഏപ്രില്‍-ജൂണ്‍ പാദത്തെ അപേക്ഷിച്ച് 10.7 ശതമാനം ഇടിവാണ് ബിസിനസ് ശുഭാപ്തി വിശ്വാസത്തില്‍ ഉണ്ടായിട്ടുള്ളത്. മൂന്നാം പാദത്തിലെ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് കോംപോസിറ്റ് ബിസിനസ് ശുഭാപ്തി വിശ്വാസ സൂചിക 70 എന്ന ശതമാനത്തിലാണ് നിലയുറപ്പിച്ചിട്ടുള്ളത്.

നിക്ഷേപ, ഉപഭോക്തൃ ആവശ്യകയില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ടതാണ് രാജ്യത്ത് ബിസിനസ് ശുഭാപ്തി വിശ്വാസം കുറയാന്‍ ഇടയാക്കിയത്. ആഭ്യന്തര, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് സംബന്ധിച്ച ആശങ്കകള്‍ക്ക് ആക്കം കൂടിയതായും ബിസിനസുകാരുടെ ശുഭാപ്തിവിശ്വാസത്തെ ഇത് ബാധിച്ചതായും ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ മനീഷ് സിന്‍ഹ പറഞ്ഞു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം സംബന്ധിച്ച ബിസിനസുകാരുടെ ശുഭാപ്തിവിശ്വാസം 66 ശതമാനമാണ്. നടപ്പു വര്‍ഷം ജൂണ്‍ പാദത്തിലെ ശുഭാപ്തിവിശ്വാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് ശതമാനം പോയ്ന്റിന്റെ ഇടിവാണ് അറ്റാദായം സംബന്ധിച്ച ശുഭാപ്തിവിശ്വാസത്തില്‍ ഉണ്ടായത്. പുതിയ ഓര്‍ഡറുകളിലുള്ള ശുഭാപ്തിവിശ്വാസം ആറ് ശതമാനം പോയ്ന്റ് കുറഞ്ഞ് 57 ശതമാനമായി. അതേസമയം, വില്‍പ്പന സംബന്ധിച്ച ശുഭാപ്തി വിശ്വാസം ഒന്‍പത് ശതമാനം പോയ്ന്റ് താഴ്ന്ന് 65 ശതമാനമായി.

എന്‍ബിഎഫ്‌സി പ്രതിസന്ധിയും ഗ്രാമീണ മേഖലയിലെ നിരാശയും എംഎസ്എംഇ മേഖലയിലെ വായ്പ ഒഴുക്ക് കുറഞ്ഞതും ഓട്ടോമൊബീല്‍-വ്യോമയാന മേഖലയിലെ തടസങ്ങളും വ്യാപാ തര്‍ക്കങ്ങളുമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസം സൃഷ്ടിച്ചതെന്ന് മനീഷ് സിന്‍ഹ അഭിപ്രായപ്പെട്ടു. സമീപ ഭാവിയില്‍ ആവശ്യകത വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷ ബിസിനസുകാര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.8 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യ നേടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. നടപ്പു വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പെട്ടെന്നൊരു വീണ്ടെടുപ്പിന് സാധ്യതയില്ലെന്നാണ് ബിസിനസുകാരുടെ നിരീക്ഷണം. ബിസിനസുകാരുടെ പള്‍സ് അളക്കുന്ന സൂചികയാണ് ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്റെ ശുഭാപ്തിവിശ്വാസ സൂചിക. ബിസിനസ് പ്രതീക്ഷകള്‍ സംബന്ധിച്ച പ്രതിമാസ സര്‍വേയുടെ അടിസ്ഥാനത്തിലാണ് സൂചിക തയാറാക്കുന്നത്.

Comments

comments

Categories: FK News
Tags: industry