ഇന്ത്യയുടെ വികസന യാത്രയ്ക്ക് ഊര്‍ജമേകുന്ന പ്രഖ്യാപനങ്ങള്‍

ഇന്ത്യയുടെ വികസന യാത്രയ്ക്ക് ഊര്‍ജമേകുന്ന പ്രഖ്യാപനങ്ങള്‍

ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ്, അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള വളര്‍ച്ച യാഥാര്‍ത്ഥ്യമാക്കാനുള്ള കര്‍മപദ്ധതി മുന്നോട്ടുവെക്കുന്നതാണ്. സാമ്പത്തിക ഉത്തേജനം നല്‍കാനുദ്ദേശിച്ചുള്ള വന്‍ അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ പ്രഖ്യാപിക്കുമ്പോഴും ധന കമ്മിയുടെ കാര്യത്തില്‍ അച്ചടക്കം പുലര്‍ത്തിയിരിക്കുന്നു. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ വാട്ടര്‍ ഗ്രിഡ്, ഐ-വേസ് (ഇന്‍ഫര്‍മേഷന്‍ ഗ്രിഡ്), പ്രാദേശിക വിമാനത്താവളങ്ങള്‍ എന്നിവയുടെ നിര്‍മാണം വഴിയും റെയ്ല്‍വേ അടിസ്ഥാനസൗകര്യ വികസനം കാര്യക്ഷമമാക്കിയും രാജ്യത്തെ ഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു

കഴിഞ്ഞ മാസം ആദ്യം നടന്ന നിതി ആയോഗ് യോഗത്തില്‍ 2024 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യണ്‍ ഡോളറിന്റെ സമ്പദ് വ്യവസ്ഥയാക്കാനുള്ള ധീരമായ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനുശേഷം ബഹുജന മാധ്യമങ്ങളില്‍ ഈ ആശയത്തെത്തുറിച്ചുള്ള ചര്‍ച്ചകള്‍ തുടര്‍ച്ചയായി നടക്കുകയാണ്. പതിവുപോലെ കേന്ദ്ര ബജറ്റിന് തലേ ദിവസം അവതരിപ്പിച്ച സാമ്പത്തിക സര്‍വേ, ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പ്രതിവര്‍ഷം എട്ടുശതമാനത്തിന്റെയെങ്കിലും വളര്‍ച്ച ഇന്ത്യ കൈവരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. നമ്മുടെ കൈവശമുള്ള കണക്കുകളനുസരിച്ച് ഇത് യാഥാസ്ഥിതികമായ ലക്ഷ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2.7 ട്രില്യണ്‍ ഡോളര്‍ എന്ന നിലവിലെ നിലയില്‍ നിന്നും അഞ്ച് ട്രില്യണ്‍ ഡോളറെന്ന നിലയിലേക്കുള്ള വളര്‍ച്ചയെന്നത് 85 ശതമാനത്തിന്റെ ഉല്‍പ്പാദന വികസനമാണ്. അതായത് വര്‍ഷം തോറും 13 ശതമാനത്തിന്റെ വികസനം.

പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന നിരക്കായ നാല് ശതമാനത്തില്‍ നിലനില്‍ക്കുമെന്ന് കരുതിയാല്‍, നേട്ടങ്ങളുണ്ടാക്കാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വര്‍ഷം തോറും ഒന്‍പത് ശതമാനം വളരേണ്ടതുണ്ട്. എന്നിരുന്നാലും ഈ രണ്ട് സാഹചര്യങ്ങളിലും അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കുകയെന്നത് ഇന്ത്യക്ക് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നതാണെന്ന് ഉറപ്പായും വാദിക്കാനാവും.

സുസ്ഥിരമായി ഇത്തരമൊരു ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് നേടിയിട്ടുള്ള രാജ്യങ്ങളില്‍ ചൈന, ദക്ഷിണകൊറിയ പോലെയുള്ള ഏഷ്യന്‍ സമ്പദ് വ്യവസ്ഥകളുണ്ട്. നിക്ഷേപങ്ങള്‍, പ്രത്യേകിച്ച് സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്നാണ് ഈ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞത്. ഉയര്‍ന്ന വളര്‍ച്ച കൈവരിച്ച സമ്പദ് വ്യവസ്ഥകള്‍ ഈ തിരിച്ചറിവ് ഗുണപരമായി പ്രയോജനപ്പെടുത്തുകയും ചെയ്‌തെന്ന് സര്‍വേ വിലയിരുത്തിയത് ശരിയായ ദിശയിലുള്ള ചിന്തയാണ്.

സ്വകാര്യ മേഖലയ്ക്ക് പുതുജീവന്‍ നല്‍കേണ്ടതുണ്ടെന്നും ആക്രമണോല്‍സുകമായ കയറ്റുമതി നയം പിന്തുടരണം എന്നുമാണ് ഈ വസ്തുതകളുടെ പിന്‍പറ്റി ശുപാര്‍ശ ചെയ്യാനുള്ളത്. ഇത്തരത്തിലുള്ള ഒരു നിര്‍ദേശം, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നിന്ന് ലഭിക്കാവുന്ന സാമ്പത്തിക ഉത്തേജനത്തെപ്പറ്റിയുള്ള പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ്. തുടര്‍ച്ചയായ മൂന്ന് പലിശ നിരക്ക് വെട്ടിക്കുറക്കലുകളിലൂടെ സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നല്‍കാനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതുമാണ് ഈ നടപടികള്‍.

സാമ്പത്തിക ഉത്തേജനം നല്‍കാനുദ്ദേശിച്ചുള്ള പതിവ് രീതികളിലുള്‍പ്പെടുന്ന വന്‍തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പരിപാടികളുടെ രൂപരേഖ നിര്‍മല സീതാരാമന്റെ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അടുത്ത ഒരു ദശാബ്ദത്തിനുള്ളില്‍ വാട്ടര്‍ ഗ്രിഡ്, ഐ-വേസ് (ഇന്‍ഫര്‍മേഷന്‍ ഗ്രിഡ്), പ്രാദേശിക വിമാനത്താവളങ്ങള്‍ എന്നിവയുടെ നിര്‍മാണം വഴിയും റെയ്ല്‍വേ അടിസ്ഥാനസൗകര്യ വികസനം വലിയതോതില്‍ ഉയര്‍ത്തിയും രാജ്യത്തെ ഗതാഗത മേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതിയാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പക്ഷേ, ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുവേണ്ട തുക കണ്ടെത്തുന്നതിനായി നികുതിദായകരെ പിഴിയുന്നതിന് പകരം പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയാണ് ബജറ്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള മാതൃക സാമ്പത്തികപരമായി വിവേകമുള്ളതായേക്കാം. എന്നാല്‍ ഇപ്പോള്‍ത്തന്നെ നിക്ഷേപക മാന്ദ്യം നേരിടുന്ന സമ്പദ് വ്യവസ്ഥയില്‍ പിപിപി മാതൃക വെല്ലുവിളികളെ നേരിട്ടേക്കാം. വളര്‍ച്ചാ ഗതി തിരിച്ചുപിടിക്കുന്നതിന് കൂടുതല്‍, നേരിട്ടുള്ള സാമ്പത്തിക ഉണര്‍വ് നല്‍കേണ്ടതായും വന്നേക്കാം. എതായാലും നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനകമ്മി 3.3 ശതമാനമായി കുറച്ച് നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ബജറ്റില്‍ ധനപരമായ വിവേകത്തിന് മുന്‍ഗണന നല്‍കിയിരിക്കുകയാണ്. ഫെബ്രുവരിയിലവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 3.4 ശതമാനമായിരുന്നു സര്‍ക്കാരിന്റെ ധന കമ്മി ലക്ഷ്യം.

സാമ്പത്തിക ഏകീകരണ പാതയില്‍ തന്നെ തുടരാനുള്ള ഉദ്ദേശ്യം പ്രശംസനീയമാണെങ്കിലും നിലവിലെ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തേണ്ടതിന്റെ അടിയന്തര ആവശ്യകത പരിഗണിക്കുമ്പോള്‍ കര്‍ക്കശ നിലപാടുകളില്‍ ഇളവനുവദിക്കുന്നത് അത്ര പ്രശ്‌നം സൃഷ്ടിക്കാനിടയില്ല. എന്നാല്‍ ബജറ്റ് കണക്കുകള്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍ കുറഞ്ഞ ധന കമ്മി ലക്ഷ്യങ്ങള്‍ അടുത്ത വര്‍ഷം യാഥാര്‍ത്ഥ്യമാക്കാന്‍ ബുദ്ധിമുട്ടാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ അറ്റ നികുതി വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയാണ് ധനകമ്മി 3.3 ശതമാനത്തിലേക്ക് താഴ്ത്തി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി വരുമാനത്തില്‍ ആറ് ശതമാനത്തിന്റെ വര്‍ധനവുണ്ടായെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ ഇത് ശുഭാപ്തി വിശ്വാസം പകരുന്നതാണ്. നികുതി വരുമാനത്തിലെ അസ്ഥിരത പരിഗണിച്ചുകൊണ്ട് പുതിയ ബജറ്റില്‍ വന്‍തോതിലുള്ള സാമ്പത്തിക ഉത്തേജനം അവഗണിക്കപ്പെട്ടതാകാനാണ് സാധ്യത.

എയര്‍ ഇന്ത്യയടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതാണ് ബജറ്റിന്റെ സാമ്പത്തിക കണക്കുകള്‍ ശുഭ പ്രതീക്ഷ നല്‍കുന്ന മറ്റൊരു മേഖല. വ്യോമയാന മേഖലയിലെ നിലവിലെ മോശം സ്ഥിതി പരിഗണിക്കുമ്പോള്‍ കടക്കെണിയില്‍പ്പെട്ട സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ വിമാനകമ്പനിയുടെ വില്‍പ്പനയില്‍ അങ്ങേയറ്റം ജാഗ്രത കാട്ടേണ്ടതുണ്ട്. അതുകൊണ്ട് സാമ്പത്തിക ധൂര്‍ത്ത് ഒഴിവാക്കിയുള്ള മുന്നോട്ടുപോക്ക് തന്നെയാണ് ഉചിതമായ സമീപനമെന്ന് വിലയിരുത്തപ്പെടുന്നു.

അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള വഴി ഒരു ഇടക്കാല ലക്ഷ്യമാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥ സ്വീകരിക്കേണ്ട ശരിയായ ദിശാബോധം നല്‍കുന്ന സമീപനങ്ങളെക്കുറിച്ചുള്ള വാദ്ഗാനങ്ങളും ബജറ്റിലുണ്ട്. രാജ്യത്തെ പൗരന്‍മാരെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെ ഉള്‍കൊള്ളുന്നതില്‍ ജിഡിപി കണക്കുകള്‍ പരാജയപ്പെടുകയാണെന്ന് പണ്ടേ വാദമുണ്ട്. ഉയര്‍ന്ന ഉല്‍പ്പാദനം ഉയര്‍ന്ന വരുമാനം നേടാന്‍ സഹായിക്കുമെന്നതാണ് ആശയം, ഇത് പൗരന്‍മാര്‍ക്ക് മികച്ച ജീവിത നിലവാരം ഉറപ്പാക്കാന്‍ സഹായകമാകും.

ആ സ്ഥിതിക്ക് ജീവിതം സുഗമമാക്കാനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ബജറ്റില്‍ നല്‍കിയിരിക്കുന്ന ഊന്നല്‍ പ്രശംസനീയമായ ആശയമാണ്. ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടയുള്ള രംഗങ്ങളില്‍ കാര്യക്ഷമമായ സേവനം നല്‍കണമെന്ന ആഗ്രഹം തീര്‍ച്ചയായും ശരാശരി ഇന്ത്യന്‍ പൗരന് 8-9 ശതമാനം വളര്‍ച്ചാ നിരക്കെന്ന ആശയത്തേക്കാള്‍ പ്രാധാന്യമുള്ളതാണ്. ശക്തമായ ജനവിധിയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ പ്രഭാവം ചെലുത്തുന്ന മാറ്റം കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ പക്കല്‍ അപൂര്‍വമായ അവസരമാണ് വന്നുചേര്‍ന്നിരിക്കുന്നത്. ഈ അവസരം കാര്യക്ഷമായി ഉപയോഗിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം ഏറെ പ്രതീക്ഷ പകരുന്നതുമാണ്.

(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്‌നെസ് അധ്യക്ഷനാണ് ലേഖകന്‍. amit.kapoor@competitiveness.in എന്ന വെബ് വിലാസത്തില്‍ അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്)

Categories: FK Special, Slider