സോളാര്‍ ബോധവല്‍ക്കരണവുമായി ഗ്രീന്‍ റൈഡ്

സോളാര്‍ ബോധവല്‍ക്കരണവുമായി ഗ്രീന്‍ റൈഡ്

പരിസ്ഥിതി സംരക്ഷണത്തിനായി സോളാര്‍ വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് സുശീല്‍ റെഡ്ഡിയുടെ യാത്ര. കഴിഞ്ഞ മാസം 25 നു ബെംഗളുരില്‍ നിന്നും തുടങ്ങിയ യാത്ര ഈ മാസം 26 ന് അവസാനിക്കും

എണ്ണയുടേയും വൈദ്യുതിയുടേയും വില റോക്കറ്റ് പോലെ കുതിച്ചുയരുന്ന കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. ഈ സാഹചര്യത്തില്‍ നിന്നും രക്ഷ നേടാന്‍ ഒരു മികച്ച ഉപായമാണ് സൗരോര്‍ജ്ജത്തിലേക്ക് മാറുകയെന്നത്. സൗരോര്‍ജ്ജത്തിലുള്ള വാഹനം എന്ന ആശയം ആര്‍ക്കുംതന്നെ ഒരു പുതിയ വാര്‍ത്തയല്ല, എന്നാല്‍ ഈ ഊര്‍ജജ സ്രോതസിനെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങളും ആശങ്കകളും ഇന്നും നിലനില്‍ക്കുന്നുണ്ട്. സൗരോര്‍ജ്ജം സുരക്ഷിതമാണോ മിതമായ നിരക്കിലുള്ളതാണോ? എന്നിങ്ങനെയുള്ള നിരവധി സംശയങ്ങളാണ് സോളാറിലേക്ക് മാറുന്ന തീരുമാനത്തില്‍ നിന്നും സാധാരണഗതിയില്‍ നിങ്ങളെ പിന്തിരിപ്പിക്കുക. ഇവയ്‌ക്കെല്ലാമുള്ള ഉത്തരം നല്‍കാന്‍ സുശീല്‍ റെഡ്ഡിയുടെ സോളാര്‍ വാഹനങ്ങളിലുള്ള ബോധവല്‍ക്കരണ യാത്ര, ‘സോളാര്‍പെഡല്‍ റൈഡ്’ സഹായിക്കും.

സോളാര്‍ ഓട്ടോ യാത്രയിലൂടെ ബോധവല്‍ക്കരണം

സോളാര്‍പെഡല്‍ റൈഡ്, എന്ന ഉദ്യമം രാജ്യത്തുടനീളമുള്ള സോളാര്‍ വാഹനത്തിലുള്ള യാത്രയാണ്. ഈ യാത്രയിലൂടെ ആളുകള്‍ ഇത്തരത്തില്‍ പ്രകൃതിസൗഹൃദ വാഹനങ്ങളിലേക്ക്് മാറാനുള്ള ആഹ്വാനമാണ് സുശീല്‍ റെഡ്ഡി നല്‍കി വരുന്നത്. സുശീലിന്റെ ഈ യാത്രയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഏറ്റവും പുതിയതായി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷയിലാണ് അദ്ദേഹത്തിന്റെ യാത്ര. ഐഐടി-മുംബൈ ബിരുദധാരിയായ അദ്ദേഹം ഇത്തവണ ഡെല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളിലൂടെയുള്ള ബോധവല്‍ക്കരണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ”ക്ലീന്‍ എനര്‍ജിയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് യാത്രയുടെ ലക്ഷ്യം. ആളുകള്‍ക്ക് സോളാര്‍ വാഹനങ്ങളെ കുറിച്ച് സംശയങ്ങള്‍ ഏറെയുണ്ട്. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇവ എത്രത്തോളം സഹായകമാണ്, ചെലവ് കൂടുതലാണോ എന്നതടക്കമുളള സംശയങ്ങള്‍ക്ക് പരിഹാരം കാണാനാണ് എന്റെ ശ്രമം” സുശീല്‍ പറയുന്നു. കഴിഞ്ഞ മേയ് മാസം 25 ന് ബെംഗളുരില്‍ നിന്നും തുടക്കമിട്ട യാത്ര ഈ മാസം 26 ഓടുകൂടി അവസാനിപ്പിക്കാനാണ് തീരുമാനം. ആദ്യ 22 ദിവസങ്ങളില്‍ 2200 കിലോമീറ്റര്‍ പിന്നിട്ട യാത്ര ഇപ്പോള്‍ 3500 കിലോമീറ്ററിലേറെ പിന്നിട്ടിരിക്കുന്നു.

മധുര, ആഗ്ര, കാണ്‍പൂര്‍, ലക്‌നൗ, സുല്‍ത്താന്‍പുര്‍, വരാണസി എന്നീ സ്ഥലങ്ങളിലൂടെയാണ് ഈയടുത്ത ദിവസങ്ങളില്‍ ബോധവല്‍ക്കരണ യാത്ര നടന്നത്. എന്നാല്‍ ഡെല്‍ഹിയില്‍ എത്തിയപ്പോഴേക്കും വായുവിനുണ്ടാകുന്ന വ്യത്യസ്ത നേരിട്ട് അനുഭവിച്ചറിയാന്‍ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. വിഷലിപ്തമാണ് ഇവിടുത്തെ വായു. മറ്റൊരു നഗരത്തിലും ഈ അനുഭവമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഡെല്‍ഹിയില്‍ നിലവിലെ വാഹനങ്ങള്‍ക്കൊരു ബദല്‍ വളരെ അത്യാവശ്യമായിരിക്കുന്നുവെന്നും സുശീല്‍ ചൂണ്ടിക്കാട്ടി. യാത്രയിലുടനീളം ജനങ്ങളുമായി സംവദിച്ച്് സൗരോര്‍ജ്ജത്തിന്റെ ഉപയോഗത്തെ കുറിച്ചും അത് ജീവിതനിലവാരം മെച്ചപ്പെടുത്തി, പരിസ്ഥിതിയെ ഏതെല്ലാം തരത്തില്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ആളുകളെ പറഞ്ഞു മനസിലാക്കാനായി. ഒരു കിലോവാട്ട് സോളാര്‍ പവറിന് ഏകദേശം ഒരു ലക്ഷം രൂപയാണ് വില. എന്നാല്‍ സോളാര്‍ പാനലുകള്‍ 25 വര്‍ഷം വരെ നിലനില്‍ക്കും. അതുകൊണ്ട് ഒരു ദീര്‍ഘ കാലയളവിലേക്കുള്ള നിക്ഷേപമായി ഇതിനെ കാണാം. തുടക്കത്തില്‍ മുടക്കുമുതല്‍ അല്‍പ്പം കൂടുതലാണെങ്കിലും ഭാവിയില്‍ അതു നേട്ടമാകുമെന്നും സുശീല്‍ വിശദമാക്കുന്നുണ്ട്.

യാത്രയ്ക്ക് സഹായവുമായി നിരവധിയാളുകള്‍

സുശീലിന്റെ ഈ ബൃഹത് യാത്രയ്ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനായി ഒരു പറ്റം കമ്പനികളും രംഗത്തുണ്ട്. യാത്രയിലുടനീളം താമസമൊരുക്കുന്നത് ഐബിസ് ഗ്രൂപ്പാണ്. ഭൂമിയുടെ നിലനില്‍പ്പിനായി അവര്‍ തുടങ്ങിവെച്ച സസ്റ്റെയ്‌നബിലിറ്റി പ്ലാനറ്റ് 2021 എന്ന പരിപാടിയും സമാന ആശയത്തിലുള്ളതിനാല്‍ കമ്പനി യാത്രയ്ക്കാവശ്യമായ സൗകര്യം ഒരുക്കുകയായിരുന്നു. വാഹനം ചാര്‍ജ് ചെയ്യുന്നതിനുള്ള ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അവരുടെ ഹോട്ടലുകളിലുള്ളത് സുശീലിന്റെ ബോധവല്‍ക്കരണ യാത്രയ്ക്ക് സഹായകമായി. ഇതിനെല്ലാം പുറമെ മിക്കയിടങ്ങളില്‍ നിന്നും ആളുകള്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നുമുണ്ട്. യാത്രയിലെ ഏറ്റവും വലിയ വെല്ലുവിളി കനത്ത ചൂടാണ്. വേനല്‍ക്കാലത്തുള്ള യാത്ര ആയതിനാല്‍ മിക്കയിടങ്ങളിലും എല്ലാ ദിവസവും 45 ഡിഗ്രിയാണ് ചൂട്.

മണിക്കൂറില്‍ 55 കിലോമീറ്റര്‍ ദൂരം, 600 കിലോഗ്രാം ഭാരം താങ്ങും

സുശീലിന്റെ ഓട്ടോറിക്ഷ എല്‍ 5 വിഭാഗത്തില്‍ ലൈസന്‍സ് അനുവദിച്ച റിക്ഷ മോഡലാണ്. മണിക്കൂറില്‍ 55 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന ഈ ഓട്ടോയ്ക്ക് 600 കിലോഗ്രാം ഭാരം വരെ താങ്ങാനാകുമെന്നും സുശീല്‍ പറയുന്നു. സുശീലിന്റെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി ഈ ഓട്ടോ നിര്‍മിച്ചു നല്‍കിയത് ബെംഗളുരില്‍ സ്ഥിതി ചെയ്യുന്ന വോള്‍ട്ട ഓട്ടോമോട്ടീവ് ഇന്ത്യ എന്ന കമ്പനിയാണ്. പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ ഇലക്ട്രിക് മോഡലിലേക്ക് മാറ്റുന്ന കമ്പനിയാണിത്. വാഹനത്തിന്റെ മുകള്‍ഭാഗത്തായി സോളാര്‍ പാനല്‍ ഘടിപ്പിച്ചു നല്‍കിയത് നോയിഡയിലെ ജാക്‌സണ്‍ ഗ്രൂപ്പാണ്. സൗരോര്‍ജ്ജത്തിലല്ലാതെ ഇലക്ട്രിക് ചാര്‍ജ്ജിംഗ് വഴിയും ഈ ഓട്ടോ പ്രവര്‍ത്തിപ്പിക്കാനാവും വിധത്തിലാണ് നിര്‍മാണം. മോട്ടോറും ലിഥിയം ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്ന വാഹനത്തില്‍ സോളാര്‍ പാനലും ബാറ്ററിയും തമ്മിലുള്ള വോള്‍ട്ടേജ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായി ചാര്‍ജ് കണ്‍ട്രോളറും സ്ഥാപിച്ചിട്ടുണ്ട്. സോളാര്‍ പവറില്‍ മാത്രം ചാര്‍ജ് ചെയ്താല്‍ ദിവസം 40 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനാകും. സോളാര്‍ ഓട്ടോറിക്ഷയിലുള്ള ഈ യാത്ര അവസാനിച്ചു കഴിഞ്ഞാല്‍ മറ്റൊരു ദീര്‍ഘദൂര ഇ-ഓട്ടോറിക്ഷ യാത്ര തുടങ്ങാനും സുശീല്‍ പദ്ധതിയിട്ടിട്ടുണ്ട്.

ഇ-സൈക്കിള്‍ യാത്രയില്‍ റെക്കോര്‍ഡ്

സുശീലിന്റെ യാത്രകള്‍ ഇതാദ്യമായല്ല. 2016ല്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇ-സൈക്കിളിലായിരുന്നു ആദ്യമായി രാജ്യം ചുറ്റി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്. അന്ന് സുശീലും സംഘവും 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഇ-സൈക്കിളില്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ചതിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. പിന്നീട് മറ്റു രാജ്യങ്ങളില്‍ സമാന യാത്രകള്‍ സംഘടിപ്പിച്ചവര്‍ക്കൊപ്പവും അദ്ദേഹം യാത്ര ചെയ്യുകയുണ്ടായി.

Comments

comments

Categories: FK Special
Tags: Greenride, solar