എമിറേറ്റ്‌സ് എന്‍ബിഡിയുടെ രണ്ടാംപാദത്തിലെ അറ്റാദായത്തില്‍ 80 ശതമാനം വളര്‍ച്ച

എമിറേറ്റ്‌സ് എന്‍ബിഡിയുടെ രണ്ടാംപാദത്തിലെ അറ്റാദായത്തില്‍ 80 ശതമാനം വളര്‍ച്ച

നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണലിന്റെ പ്രഥമ ഓഹരി വില്‍പ്പന നേട്ടമായി

ദുബായ്: ആസ്തിയുടെ കാര്യത്തില്‍ ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയുടെ രണ്ടാംപാദത്തിലെ അറ്റാദായത്തില്‍ 80 ശതമാനം വളര്‍ച്ച. ബാങ്കിന്റെ പേയ്‌മെന്റ് പ്രൊസസിംഗ് യൂണിറ്റായ നെറ്റ് വര്‍ക്ക് ഇന്റെര്‍നാഷ്ണലിന്റെ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ഉണ്ടായ വരുമാനമാണ് അറ്റാദായ വര്‍ധനയില്‍ പ്രതിഫലിച്ചത്.

ജൂണ്‍ 30ന് അവസാനിച്ച രണ്ടാംപാദത്തില്‍ ബാങ്കിന്റെ അറ്റാദായം 4.74 ബില്യണ്‍ ദിര്‍ഹം ആയി ഉയര്‍ന്നതായി ദുബായ് ധനകാര്യ വിപണിയില്‍ സമര്‍പ്പിച്ച പ്രസ്താവനയില്‍ ബാങ്ക് വ്യക്തമാക്കി. ലണ്ടനില്‍ നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണലിന്റെ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ 2.1 ബില്യണ്‍ ദിര്‍ഹം നേടിയെന്നും ബാങ്ക് അറിയിച്ചു.

കഴിഞ്ഞ മാസമാണ് പശ്ചിമേഷ്യയിലെ പ്രമുഖ പേയ്‌മെന്റ് കമ്പനിയായ നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ ലണ്ടന്‍ ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത്. ഈ വര്‍ഷം നടന്ന ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന ആയാണ് നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷ്ണല്‍ ഐപിഒ വിലയിരുത്തപ്പെട്ടത്.

ഈ വര്‍ഷം ആദ്യപാദത്തില്‍ എമിറേറ്റ്‌സ് എന്‍ബിഡിയുടെ അറ്റാദായത്തില്‍ 49 ശതമാനം വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വായ്പാവളര്‍ച്ച, വിദേശ കറന്‍സി വിനിമയത്തില്‍ നിന്നുള്ള വരുമാന വളര്‍ച്ച, നിക്ഷേപങ്ങളിലുള്ള വര്‍ധനവ് എന്നിവയും ബാങ്കിന്റെ ആദായത്തെ സ്വാധീനിച്ചു. 2019 ആദ്യപകുതിയില്‍ ബാങ്കിന്റെ ആകെ വരുമാനം 9.53 ബില്യണ്‍ ദിര്‍ഹമായി വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം അധികമാണിത്.

Comments

comments

Categories: Arabia
Tags: emirates