പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ പദ്ധതിയില്ല: ധര്‍മേന്ദ്ര പ്രധാന്‍

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ പദ്ധതിയില്ല: ധര്‍മേന്ദ്ര പ്രധാന്‍

മുന്‍ഗണന നല്‍കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നും മന്ത്രി

ന്യൂഡെല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം സമീപ ഭാവിയിലൊന്നും പൂര്‍ണമായി അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്നില്ലെന്ന് കേന്ദ്ര എണ്ണ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇലക്ട്രിക് വാഹനങ്ങളുടെ കൂടുതലായുള്ള ഉപയോഗത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ഊര്‍ജിതമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇന്ത്യയുടെ ഊര്‍ജ ഉപയോഗത്തിന്റെ 80 ശതമാനത്തോളവും നിറവേറ്റപ്പെടുന്നത് എണ്ണയിലൂടെയും കല്‍ക്കരിയിലൂടെയുമാണ്. സമ്പദ് വ്യവസ്ഥ വളര്‍ച്ച പ്രാപിക്കുന്നതിനാല്‍ ഇന്ധന ആവശ്യകത വര്‍ധിക്കുകയാണെന്നും പുനരുപയോഗ സ്രോതസുകളെ മാത്രമായി ആശ്രയിക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

ബിഎസ് 4 ഗ്രേഡിലേക്ക് ഉയര്‍ത്തപ്പെട്ട് മലിനീകരണം കുറഞ്ഞ പെട്രോളും ഡീസലും പ്രകൃതി വാതകവും ജൈവ ഇന്ധനങ്ങളുമെല്ലാം വൈദ്യുതിക്കൊപ്പം വാഹനങ്ങളില്‍ ഉപയോഗിക്കേണ്ടി വരും. എങ്കിലും മുന്‍ഗണന നല്‍കുന്നത് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തന്നെയായിരിക്കുമെന്നും ഒരു വ്യാവസായിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ കേന്ദ്ര മന്ത്രി പറഞ്ഞു.
2030നു ശേഷം ഇന്ത്യയിലെ വാഹന വില്‍പ്പന പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളുടേത് ആക്കുന്നത് ലക്ഷ്യമിട്ടുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് നിതി ആയോഗ് സര്‍ക്കാരിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ത്രീവീലറുകളിലും 2 വീലറുകളിലും 150 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളുടെ വില്‍പ്പന 2025നു ശേഷം പൂര്‍ണമായും ഇലക്ട്രിക് ആക്കി മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Comments

comments

Categories: FK News

Related Articles