പരമ്പരാഗത ഇഷ്ടികയ്ക്ക് ബദല്‍ ‘റിക്‌സ്’

പരമ്പരാഗത ഇഷ്ടികയ്ക്ക് ബദല്‍ ‘റിക്‌സ്’

ഇഷ്ടിക നിര്‍മാണത്തില്‍ പുത്തന്‍ കണ്ടുപിടിത്തവുമായി നാലംഗ വിദ്യാര്‍ത്ഥികള്‍. പ്ലാസ്റ്റിക്, വ്യാവസായിക മാലിന്യങ്ങളടക്കമുള്ളവ റീസൈക്കിള്‍ ചെയ്താണ് ഇവര്‍ ഇഷ്ടിക നിര്‍മിച്ചിരിക്കുന്നത്

ലോകമൊട്ടാകെ ഇഷ്ടിക നിര്‍മാണത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് ഈ നിരയില്‍ രണ്ടാം സ്ഥാനമാണുള്ളത്. പ്രതിവര്‍ഷം 200 ബില്യണിലേറെ ഇഷ്ടികകളാണ് ഇവിടെ നിര്‍മിക്കപ്പെടുന്നത്. ഇഷ്ടിക നിര്‍മാണം കൂടുന്നതനുസരിച്ച് വായു മലിനീകരണവും വര്‍ധിക്കും. പരിസ്ഥിതിയെ മലിനമാക്കുന്ന ഈ നിര്‍മാണത്തിന് ഉത്തമബദല്‍ മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള ഒരു സംഘം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. പ്രാദേശിക, വ്യാവസായിക മാലിന്യങ്ങളില്‍ നിന്നാണ് അവര്‍ പരിസ്ഥിതിക്കിണങ്ങിയ പുതിയ ഇഷ്ടിക നിര്‍മിച്ചിരിക്കുന്നത്.

ടെക്‌നോ ഇന്ത്യ എന്‍ജെആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളായ കുഞ്ച്പ്രീത് കൗര്‍ അറോറ, കൃഷ്ണ ചൗധരി, ദൈദിപ്യ കോത്താരി, ഹണി സിംഗ് കോത്താരി എന്നിവരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നാലംഗ സംഘം. തൃച്ചിയില്‍ നടന്ന സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2018 എന്ന പരിപാടില്‍ മികച്ച ഇന്നൊവേഷനുള്ള സമ്മാനമായ 75000 രൂപയും അവര്‍ മുമ്പ് നേടിയിരുന്നു.

പരിസ്ഥിതിക്കിണങ്ങിയ ഇഷ്ടിക നിര്‍മാണം

കോളെജ് പരിസരത്ത് സ്ഥിരമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് നാലംഗ സംഘം പുതിയ കണ്ടുപിടിത്തത്തിനുള്ള ഗവേഷണ നിരീക്ഷണങ്ങള്‍ തുടങ്ങിയത്. ആ മാലിന്യങ്ങളിലൂടെ എന്തെങ്കിലും ഉപയോഗപ്രദമായി നിര്‍മിക്കണമെന്നുള്ള ആഗ്രഹമാണ് പിന്നീടവരെ മുന്നോട്ട് നയിച്ചത്. പ്രൊഫസര്‍മാരുടെ സഹായത്തോടെ ഒരു വര്‍ഷം നീണ്ട ഗവേഷണത്തിനൊടുവില്‍ അവര്‍ തങ്ങളുടെ ഉദ്യമത്തില്‍ വിജയിച്ചു. 30-40 ശതമാനം പ്ലാസ്റ്റിക് മാലിന്യം, 40-50 ശതമാനം കെട്ടിടം പൊളിക്കുമ്പോഴുള്ള മാലിന്യം, 20 ശതമാനം മാര്‍ബിള്‍, തെര്‍മല്‍ മാലിന്യം എന്നിവ ചേര്‍ത്താണ് ഇഷ്ടികയുടെ പ്രോട്ടോടൈപ്പ് മാതൃക നിര്‍മിച്ചത്.

റിക്‌സ് (wr-i-c-k-s) എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇഷ്ടിക സാധാരണ ഇഷ്ടിക നിര്‍മാണത്തിലേതു പോലെയുള്ള വായു മലിനീകരണം ഉണ്ടാക്കില്ലെന്നു മാത്രമല്ല, വളരെ എളുപ്പത്തില്‍ നിര്‍മിക്കാനാകുമെന്നതും സവിശേഷതയാണ്. മണിക്കൂറില്‍ 100 മുതല്‍ 120 ഇഷ്ടികകള്‍ വരെ നിര്‍മിക്കാനാകും. ഈ രീതിയിലുള്ള നിര്‍മാണത്തില്‍ മാലിന്യമൊന്നും അവശേഷിക്കില്ലെന്നു മാത്രമല്ല കാര്‍ബണ്‍ പുറംതളളലും കുറവാണ്.

Comments

comments

Categories: FK Special