ബിസിനസുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം;സുപ്രധാന പ്രഖ്യാപനവുമായി സൗദി

ബിസിനസുകള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം;സുപ്രധാന പ്രഖ്യാപനവുമായി സൗദി

പ്രത്യേക ഫീസ് അടച്ച് ബിസിനസുകള്‍ക്ക് ഈ അവസരം പ്രയോജപ്പെടുത്താം

റിയാദ്: റീറ്റെയ്ല്‍, റെസ്റ്റോറന്റ് സംരംഭങ്ങള്‍ അടക്കം രാജ്യത്തെ ബിസിനസുകള്‍ക്ക് ദിവസം മുഴുവന്‍ പ്രവര്‍ത്തനാനുമതി നല്‍കുന്ന നിര്‍ണായക പ്രഖ്യാപനവുമായി സൗദി അറേബ്യ. രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിന് കരുത്ത് പകരുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഉപഭോക്തൃ നിലവാരം കൂട്ടുക എന്നീ ലക്ഷ്യങ്ങളോടെയാണ് സൗദി പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പ്രത്യേക ഫീസ് നല്‍കി ബിസിനസുകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.

ഏതൊക്കെ ബിസിനസ് മേഖലകളാണ് ഈ തീരുമാനത്തിന്റെ പരിധിയില്‍ വരിക, ഇതിനായി നല്‍കേണ്ട ഫീസ് എത്ര തുടങ്ങിയ വിഷയങ്ങളില്‍ നഗര, ഗ്രാമ കാര്യ മന്ത്രാലയം തീരുമാനമെടുക്കും. ബിസിനസുകള്‍ക്ക് മുഴുവന്‍ സമയ പ്രവര്‍ത്തനാനുമതി നല്‍കാനുള്ള തീരുമാനം രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും ബിസിനസ് രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വാണിജ്യ നിക്ഷേപ വകുപ്പ് മന്ത്രി ഡോ. മജീദ് അല്‍ ഖാസബി പറഞ്ഞു. തീരുമാനം നിലവില്‍ വരുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉള്ള ആവശ്യകത വര്‍ധിക്കും. ഉപഭോക്താക്കളുടെ ചിലവിടല്‍ കൂടും.തൊഴിലവസരങ്ങള്‍ വര്‍ധിക്കും.കൂടുതല്‍ മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനും രാജ്യത്തെ മാക്രോ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. മാത്രമല്ല, വിനോദം, ടൂറിസം, ഗതാഗതം, ആശയ വിനിമയം തുടങ്ങിയ മേഖലകള്‍ക്കും പുതിയ തീരുമാനം നേട്ടമുണ്ടാക്കും.

രാജ്യത്തെ ബിസിനസ് അന്തരീക്ഷത്തിന് കരുത്ത് പകരുന്ന തീരുമാനമായാണ് പൊതുവേ വ്യാപാര സമൂഹം ഈ പ്രഖ്യാപനത്തെ കാണുന്നത്. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍, കഫേ, സിനിമാസ് തുടങ്ങിയവരായിരിക്കും പുതിയ തീരുമാനത്തിന്റെ മുഖ്യ ഗുണഭോക്താക്കള്‍.

രാജ്യത്ത് കൂടുതല്‍ സുഗമമായി ബിസിനസ് നടത്താനുള്ള അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സൗദി ഭരണകൂടം കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പിലാക്കുന്ന വികസനോന്മുഖവും പുരോഗമനപരവുമായ പരിഷ്‌കാരങ്ങളുടെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനമാണ് ഇരുപത്തിനാല് മണിക്കൂറും ബിസിനസ് നടത്താനുള്ള അനുമതി. സ്വകാര്യമേഖലയെയും സംരംഭകരെയും ലക്ഷ്യമാക്കി നിരവധി നിയമഭേദഗതികളും നിയമ നിര്‍മാണങ്ങളും സാമ്പത്തിക പരിഷ്‌കാരങ്ങളും കഴിഞ്ഞിടെ സൗദിയില്‍ നടപ്പിലാക്കിയിട്ടുണ്ട്.

അതേസമയം പ്രാര്‍ത്ഥനാസമയങ്ങളില്‍ വ്യാപാര കേന്ദ്രങ്ങളടക്കം എല്ലാ മേഖലകളും പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന നിബന്ധനയ്ക്ക് പുതിയ തീരുമാനത്തോടെ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല. നിലവില്‍ ദിവസത്തില്‍ അഞ്ച് നേരം പ്രാര്‍ത്ഥനയ്ക്ക് വേണ്ടി സൗദി അറേബ്യയിലെ കഫേകളും റെസ്റ്റോറന്റുകളും പലചരക്ക് കടകളും ഷോപ്പിംഗ് മാളുകളും ഫാര്‍മസികളുമടക്കമുള്ള ബിസിനസ് മേഖലകള്‍ അരമണിക്കൂര്‍ അടച്ചിടാറുണ്ട്.

Comments

comments

Categories: Arabia