രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍

മരണനിരക്ക് കുറയ്ക്കുന്നതിന് നാല് ജില്ലകളില്‍ ബിപി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നു. ഉയര്‍ന്ന ബിപി കാരണം ഉണ്ടാകുന്ന രക്താതിമര്‍ദ്ദവും ഹൃദ്രോഗവുമടങ്ങുന്ന സാംക്രമികേതര രോഗങ്ങളുടെ വര്‍ദ്ധനവ് മൂലം മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യ ഹൈപ്പര്‍ടെന്‍ഷന്‍ മാനേജ്‌മെന്റ് ഓര്‍ഗനൈസേഷന്‍ എന്ന ദേശീയ പരിപാടി ആരംഭിച്ചു. മഹാരാഷ്ട്രയിലെ, വിദര്‍ഭയിലുള്ള വാര്‍ധ, ഭണ്ഡാര, സത്താറ, സിന്ധുദുര്‍ഗ് എന്നീ നാല് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രതലത്തില്‍ ജില്ലകളിലെ രക്താതിമര്‍ദ്ദരോഗികളെ കണ്ടെത്താന്‍ സര്‍വേ സംഘടിപ്പിക്കും.

മഹാരാഷ്ട്രയില്‍ രക്താതിമര്‍ദ്ദത്തിന്റെ വ്യാപനം 24.8 ശതമാനമാണ്. 2025 ഓടെ ഹൃദ്രോഗ മരണനിരക്ക് 25 ശതമാനം കുറയ്ക്കാനാണ് പദ്ധതി. 30 ശതമാനം ആളുകളില്‍ ഉപ്പ് ഉപഭോഗം നിയന്ത്രിക്കാനും 2023 ഓടെ കൊഴുപ്പിന്റെ ആധിക്യം കുറയ്ക്കാനും പദ്ധതിയുണ്ടെന്ന് ദേശീയ പ്രോഗ്രാം ഓഫീസര്‍ ഡോ. അഭിഷേക് കുവര്‍ പറഞ്ഞു. 45ശതമാനം ഹൃദ്രോഗ മരണങ്ങളും 40-70 വയസ്സിനിടയിലാണ് സംഭവിക്കുന്നത്. പൊതുവേ ആളുകള്‍ ജീവിതത്തിലുടനീളം മരുന്നുകള്‍ കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല, ഉയര്‍ന്ന ബിപി ഹൃദ്രോഗമരണത്തിലേക്കു നയിക്കുമെന്നും അവര്‍ കരുതുന്നില്ലെന്ന് ഡോ. കുവര്‍ ചൂണ്ടിക്കാട്ടുന്നു. ട്രാന്‍സ് ഫാറ്റ് ഉപഭോഗം മൂലം അഞ്ചു ലക്ഷം മരണങ്ങള്‍ സംഭവിക്കുന്നുവെന്ന് ലോക ബാങ്കിന്റെ സാങ്കേതിക ഉപദേഷ്ടാവും ഡെല്‍ഹിസര്‍വകലാശാലയിലെ അധ്യപകനുമായ ഡോ. ഇറാം റാവു പറഞ്ഞു. പാചകത്തിന് അമിതമായി എണ്ണ ഉപയോഗിക്കുന്നത് ദോഷകരമാണ്. അതിന്റെ ഉപയോഗം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ‘ട്രാന്‍സ് ഫാറ്റ്‌സ് എലിമിനേഷന്‍’ നയം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഏകദേശം 66% മരണങ്ങളും ജീവിതശൈലീരോഗങ്ങള്‍ മൂലമാണു നടക്കുന്നതെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ അറിയിച്ചു. നാഗ്പൂരില്‍ ഏകദേശം മൂന്നു ലക്ഷം പേര്‍ കടുത്ത രക്തസമ്മര്‍ദ്ദരോഗികളാണ്. എന്നാല്‍ അവരില്‍ ഭൂരിഭാഗത്തിനും ഇത് അറിയില്ല. രക്തസമ്മര്‍ദ്ദ നിര്‍ണയം വീടുകളില്‍ നടത്താനാകണം. രോഗികള്‍ക്ക്് മരുന്നുകള്‍ നല്‍കി അവരെ നിരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായികമായി ഉല്‍പാദിപ്പിക്കുന്ന ട്രാന്‍സ്ഫാറ്റുകള്‍ ഭക്ഷണക്രമത്തില്‍ നിന്ന് പൂര്‍ണമായും അകറ്റാന്‍ ഫലപ്രദമായ നിയന്ത്രണ നടപടികള്‍ ആവിഷ്‌കരിക്കണമെന്ന് കണ്‍സ്യൂമര്‍ വോയ്‌സ് എന്ന സംഘടനയിലെ ആഷിം സന്യാല്‍ പറഞ്ഞു. എണ്ണകളിലെയും കൊഴുപ്പുകളിലെയും ഫാറ്റി ആസിഡുകള്‍ രണ്ടു ശതമാനത്തില്‍ കൂടരുത് എന്ന നിയന്ത്രണം ഭക്ഷ്യ സുരക്ഷാ, സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 ജനുവരിയില്‍ നിയമം പ്രാബല്യത്തിലാകും.

Comments

comments

Categories: Health