ബാങ്കുകളുടെ കിട്ടാക്കടം 9.34 ലക്ഷം കോടിയായി കുറഞ്ഞു: ധനമന്ത്രി

ബാങ്കുകളുടെ കിട്ടാക്കടം 9.34 ലക്ഷം കോടിയായി കുറഞ്ഞു: ധനമന്ത്രി
  • 2018-2019ല്‍ 1.02 ലക്ഷം കോടി രൂപയുടെ കുറവാണ് വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ ഉണ്ടായത്
  • 1,56,746 കോടി രൂപയുടെ കിട്ടാക്കടം ഇക്കാലയളവില്‍ വീണ്ടെടുക്കാനായി
  • കിട്ടാക്കടം കുറയ്ക്കുന്നതും ബാങ്കിംഗ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങളുടെ ഫലമാണിത്

ന്യൂഡെല്‍ഹി: രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 9.34 ലക്ഷം കോടി രൂപയായി കുറഞ്ഞെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കിട്ടാക്കടം കുറയ്ക്കുന്നതും ബാങ്കിംഗ് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ള ശ്രമങ്ങളുടെ ഫലമായി വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.02 ലക്ഷം കോടി രൂപയുടെ കുറവ് വന്നിട്ടുണ്ടെന്നാണ് നിര്‍മല സീതാരാമന്‍ പറയുന്നത്.

സുതാര്യമായ രീതിയില്‍ ബാങ്കിംഗ് രംഗത്തെ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) കണ്ടെത്തുന്നതിനും സമ്മര്‍ദിത ആസ്തികളില്‍ നിന്നും കിട്ടാക്കടം വീണ്ടെടുക്കുന്നതിനും അവ പരിഹരിക്കുന്നതിനുമായി സമഗ്ര 4 ആര്‍ സ്ട്രാറ്റജി സര്‍ക്കാര്‍ വികസിപ്പിച്ചിരുന്നു. പൊതുമേഖലാ ബാങ്കിംഗ് രംഗത്തെ പരിഷ്‌കരണങ്ങളിലൂടെയും ബോണ്ടുകളുടെ റീകാപ്പിറ്റലൈസേഷന്‍ വഴി ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തിയും കിട്ടാക്കടം പരിഹരിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ധനമന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

വായ്പാ സംസ്‌കാരത്തില്‍ മാറ്റം വരുത്തികൊണ്ട് പാപ്പരത്ത നിയമം (ഐബിസി) നടപ്പാക്കിയതും തിരിച്ചടവ് മുടക്കിയ കമ്പനികളുടെ നിയന്ത്രണം എടുത്തുകളഞ്ഞതും വായ്പാ തിരിച്ചടവില്‍ മനപൂര്‍വ്വം വീഴ്ചവരുത്തിയവരെ റെസലൂഷന്‍ നടപടികളില്‍ നിന്ന് വിലക്കിയതുമാണ് കിട്ടാക്കടം കുറയ്ക്കുന്നതിന് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ള മറ്റ് നടപടികളെന്നും മന്ത്രി പറഞ്ഞു.

2018 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 10,36,187 കോടി രൂപയിലെത്തിയതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഇവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയത്. 2019 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം ബാങ്കുകളുടെ കിട്ടാക്കടം 1,02,562 കോടി രൂപ കുറഞ്ഞ് 9,33,625 കോടി രൂപയിലെത്തിയിട്ടുണ്ടെന്ന് സീതാരാമന്‍ അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒരു ലക്ഷത്തിലധികം രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുകള്‍ നടന്നതായും സീതരാമന്‍ സഭയില്‍ അറിയിച്ചിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് ഉള്‍പ്പെട്ട 374 തട്ടിപ്പുകളും കൊട്ടക് മഹീന്ദ്ര ബാങ്കില്‍ 338 തട്ടിപ്പുകളും എച്ച്ഡിഎഫ്‌സി ബാങ്കില്‍ 273 തട്ടിപ്പുകളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 273 തട്ടിപ്പുകളും ഇക്കാലയളവില്‍ നടന്നു. ആക്‌സിസ് ബാങ്ക് 195 തട്ടിപ്പ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ ബാങ്കിംഗ് കോര്‍പ്പറേഷന്‍ 190 തട്ടിപ്പ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി മന്ത്രി പറഞ്ഞു.

തട്ടിപ്പുകള്‍ തടയുന്നതിനും നിരവധി നടപടികള്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ട്. തട്ടിപ്പിനുള്ള സാധ്യതകള്‍ തടയുന്നതിന് 50 കോടി രൂപയ്ക്ക് മുകളിലുള്ള എന്‍പിഎ എക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തട്ടിപ്പിനെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചതും നടുവിടുന്ന സാമ്പത്തിക കുറ്റവാളികള്‍ക്കായുള്ള നിയമം ഭേദഗതി ചെയ്തതും സെന്‍ട്രല്‍ ഫ്രോഡ് രജിസ്ട്രി രൂപീകരിച്ചതും പൊതുമേഖലാ ബാങ്കുകളുടെ മേധാവികളെ ശാക്തീകരിച്ചതും ഇതില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളിലായി 4,01,424 കോടി രൂപയുടെ കിട്ടാക്കടമാണ് വീണ്ടെടുക്കാനായിട്ടുള്ളതെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ് ഏറ്റവും കൂടുതല്‍ എന്‍പിഎ (1,56,746 കോടി രൂപ) വീണ്ടെടുക്കാനായതെന്നും ആര്‍ബിഐയുടെ ജൂലൈ 9ലെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി. ബാങ്കിംഗ് രംഗത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് പരിഷ്‌കരണങ്ങളെ കുറിച്ചും മന്ത്രി സംസാരിച്ചിട്ടുണ്ട്.

Comments

comments

Categories: Banking