വാഹന വില്‍പ്പന ജൂണില്‍ 5.4% ഇടിഞ്ഞു

വാഹന വില്‍പ്പന ജൂണില്‍ 5.4% ഇടിഞ്ഞു

ന്യൂഡെല്‍ഹി: സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും ബാങ്കുകള്‍ വായ്പാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതും തിരിച്ചടിയായതോടെ രാജ്യത്ത് വാഹന വില്‍പ്പന ഗണ്യമായി ഇടിയുന്നു. കഴിഞ്ഞ മാസത്തില്‍ വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പന 5.4 ശതമാനം ഇടിഞ്ഞ് 16,46,776 യൂണിറ്റായെന്ന് ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രാ വാഹനങ്ങളുടെ ഷോറൂം വില്‍പ്പന 4.6 ശതമാനം കുറഞ്ഞ് 2,24,755 യൂണിറ്റായി. വാഹന നിര്‍മാതാക്കള്‍ ഡീലര്‍മാരിലേക്ക് വാഹനങ്ങള്‍ എത്തിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം യാത്രാ വാഹനങ്ങളുടെ മൊത്ത വില്‍പ്പന 17.54 ശതമാനം ഇടിഞ്ഞ് 2,25,732 യൂണിറ്റായി.

വാണിജ്യ വാഹനങ്ങളുടെ റീട്ടെയ്ല്‍ വില്‍പ്പന 19.3 ശതമാനം കുറഞ്ഞ് 48,752 യൂണിറ്റിലേക്കുമെത്തിയിട്ടുണ്ട്. ബാങ്കിംഗ് ഇതര നകാര്യ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാഞ്ഞത് ട്രക്ക് ഉടമകളുടെ സ്ഥിതിയും വഷളാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 5% ശതമാനം കുറഞ്ഞ് 13,24,822 യൂണിറ്റായി.

Categories: Auto
Tags: vehicle sale