യുഎഇയുടെ ആണവ പദ്ധതിക്ക് വന്‍ ജനപിന്തുണയെന്ന് എനെക് സര്‍വേ റിപ്പോര്‍ട്ട്

യുഎഇയുടെ ആണവ പദ്ധതിക്ക് വന്‍ ജനപിന്തുണയെന്ന് എനെക് സര്‍വേ റിപ്പോര്‍ട്ട്

ആണവപദ്ധതിക്ക് ഇത്രയേറെ ജനപിന്തുണ ലഭിക്കുന്നത് ലോകത്തില്‍ തന്നെ ആദ്യം

അബുദാബി: ബറാഖ ആണവോര്‍ജ പദ്ധതിക്ക് വന്‍ ജനപിന്തുണയെന്ന് സര്‍വേ റിപ്പോര്‍ട്ട്. ആണവോര്‍ജത്തിന്റെ നേട്ടം കണക്കിലെടുക്കുമ്പോള്‍ ദൂഷ്യവശങ്ങള്‍ സാരമുള്ളതല്ലെന്ന് രാജ്യത്തെ 75 ശതമാനം ജനങ്ങളും വിശ്വസിക്കുന്നു. എമിറേറ്റ്‌സ് ആണവോര്‍ജ കോര്‍പ്പറേഷന്‍(എനെക്) 2018ല്‍ നടത്തിയ സര്‍വേയിലാണ് രാജ്യത്തെ ആണവോര്‍ജ പദ്ധതിക്ക് വന്‍ ജനസ്വീകാര്യത ഉള്ളതായി കണ്ടെത്തിയത്. ലോകത്തില്‍ തന്നെ ദേശീയ തലത്തിലുള്ള ആണവോര്‍ജ പദ്ധതിക്ക് ഇത്രയധികം ജനപിന്തുണ ഉണ്ടാകുന്നത് ഇതാദ്യമാണ്.

2017ല്‍ നടത്തിയ സര്‍വേയില്‍ 83 ശതമാനം ആളുകളാണ് ആണവോര്‍ജ പദ്ധതിയെ അനുകൂലിച്ചതെങ്കില്‍ ഇത്തവണ അത് 85 ശതമാനമായി വര്‍ധിച്ചു.ബറാഖ ആണവോര്‍ജ നിലയം സ്ഥിതിചെയ്യുന്ന അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലുള്ളവരാണ് പദ്ധതിയെ കൂടുതലായി അനുകൂലിച്ചത്. നേരത്തെ മേഖലയിലുള്ള 84 ശതമാനം പേര്‍ പദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നെങ്കില്‍ ഇത്തവണ അത് 94 ശതമാനമായി വര്‍ധിച്ചു. മാത്രമല്ല, ഈ പദ്ധതി സുരക്ഷിതവും, ശുദ്ധവും, ആശ്രയിക്കാന്‍ കഴിയുന്നതും, വൈദ്യുതി നിര്‍മാണത്തിന് മികച്ച മാര്‍ഗവുമാണെന്ന് വിശ്വസിക്കുന്ന അല്‍ ദഫ്ര നിവാസികളുടെ എണ്ണം 82 ശതമാനത്തില്‍ നിന്നും 93 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

അഭിപ്രായ സര്‍വേയുടെ ഭാഗമായി സ്ത്രീകളും പുരുഷന്മാരും രാജ്യത്തെ പൗരന്മാരും പ്രവാസികളും ഉള്‍പ്പടെ ആയിരത്തോളം ആളുകളെയാണ് സര്‍വേയില്‍ പങ്കെടുപ്പിച്ചത്.

ബറാഖ ആണവോര്‍ജ നിലയത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് പദ്ധതിയെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം അറിയാന്‍ സര്‍വേ സംഘടിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് വരെ നടന്ന നിര്‍മാണത്തില്‍ നിലയത്തിലെ നാല് യൂണിറ്റുകളുടെ നിര്‍മാണം 93 ശതമാനത്തോളമ പൂര്‍ത്തിയായിരുന്നു. യൂണിറ്റ് 1ന്റെ നിര്‍മാണം പൂര്‍ണമായിട്ടുണ്ട്. നിലയത്തിലെ നാല് യൂണിറ്റുകള്‍ ശുദ്ധവും മികച്ചതും ആശ്രിക്കാവുന്നതുമായ വൈദ്യുതി രാജ്യത്തിന് നല്‍കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. മാത്രമല്ല, ഇവ പ്രവര്‍ത്തന നിരതമാകുന്നതോടെ പ്രതിവര്‍ഷം 21 മില്യണ്‍ ടണ്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നത് തടയാന്‍ സാധിക്കുമെന്നും പറയപ്പെടുന്നു. 3.2 മില്യണ്‍ സെഡാന്‍ കാറുകളില്‍ നിന്നും പുറത്തുപോകുന്ന കാര്‍ബണിന് തുല്യമാണിത്.

ഉന്നത ഗുണനിലവാരത്തോടും സുരക്ഷയോടുമാണ് എനെക് ബറാഖ ആണവ നിലയം നിര്‍മിക്കുന്നതെന്ന് രാജ്യത്തെ 96 ശതമാനം ആളുകളും വിശ്വസിക്കുന്നു.

Comments

comments

Categories: Arabia