സ്‌കോഡ റാപ്പിഡ് റൈഡര്‍ എഡിഷന്‍ പുറത്തിറക്കി

സ്‌കോഡ റാപ്പിഡ് റൈഡര്‍ എഡിഷന്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 6.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : സ്‌കോഡ റാപ്പിഡ് റൈഡര്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.99 ലക്ഷം രൂപയാണ് ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. റാപ്പിഡ് സെഡാന്റെ ആക്റ്റീവ് എന്ന ബേസ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് റൈഡര്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും സ്‌കോഡ റാപ്പിഡ് റൈഡര്‍ എഡിഷന്‍ ലഭിക്കുന്നത്. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. റൈഡര്‍ നെയിംപ്ലേറ്റ് സ്‌കോഡ ഇന്ത്യയുടെ വാഹന നിരയില്‍ ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ തലമുറ ഒക്ടാവിയ മോഡലില്‍ റൈഡര്‍ നെയിംപ്ലേറ്റ് കണ്ടിരുന്നു. മല്‍സരാധിഷ്ഠിതമായി വില നിശ്ചയിച്ചതോടെ ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിന് കോംപാക്റ്റ് സെഡാന്‍ സെഗ്‌മെന്റിലെ മാരുതി സുസുകി സിയാസ്, ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നീ എതിരാളികളേക്കാള്‍ വില കുറവാണ്.

സ്റ്റാന്‍ഡേഡ് വേരിയന്റുകളുമായി താരതമ്യം ചെയ്യുമ്പോള്‍, തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ളതാണ് ഗ്രില്‍, ബി പില്ലറുകള്‍ എന്നിവ. കൂടാതെ ലിമിറ്റഡ് എഡിഷന്‍ വേര്‍ഷനില്‍ കറുപ്പ് നിറത്തിലുള്ള ട്രങ്ക് ലിപ്പ് ഗാര്‍ണിഷ് നല്‍കിയിരിക്കുന്നു. എബണി-സാന്‍ഡ് നിറങ്ങളിലാണ് ഡുവല്‍ ടോണ്‍ കാബിന്‍ തീര്‍ത്തിരിക്കുന്നത്. ഐവറി സ്ലേറ്റ് നിറമുള്ളതാണ് പ്രീമിയം അപ്‌ഹോള്‍സ്റ്ററി. സ്‌കഫ് പ്ലേറ്റുകളില്‍ റാപ്പിഡ് എന്ന് എഴുതിയിരിക്കുന്നു. ബേസ് വേരിയന്റ് അടിസ്ഥാനമാക്കിയാണ് റാപ്പിഡ് റൈഡര്‍ എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ അലോയ് വീലുകള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും മറ്റ് ഫീച്ചറുകളും നല്‍കിയിട്ടില്ല.

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആന്റി-ഗ്ലെയര്‍ ഇന്‍സൈഡ് റിയര്‍ വ്യൂ മിറര്‍, റിയര്‍ വിന്‍ഡ്‌സ്‌ക്രീന്‍ ഡീഫോഗര്‍, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ്‌ബെല്‍റ്റുകള്‍, റഫ് റോഡ് പാക്കേജ്, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്. മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 1.6 ലിറ്റര്‍ എംപിഐ പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി കരുത്തും 153 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. 15.41 കിലോമീറ്ററാണ് റാപ്പിഡ് സെഡാന്റെ ഇന്ധനക്ഷമത.

റോഡ്‌സൈഡ് അസിസ്റ്റന്‍സ് ഉള്‍പ്പെടെ റാപ്പിഡ് റൈഡറിന് നാല് വര്‍ഷ വാറന്റി ലഭിക്കും. സ്‌കോഡ ഷീല്‍ഡ് പ്ലസ് ഓഫര്‍ തെരഞ്ഞെടുത്താല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ്, 24 മണിക്കൂര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടെ വാറന്റി ആറ് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാം. 35,000 രൂപ നല്‍കിയാല്‍ നാല് വര്‍ഷ/60,000 കിലോമീറ്റര്‍ കാലയളവില്‍ എല്ലാ ഷെഡ്യൂള്‍ഡ് സര്‍വീസുകളും ഉള്‍പ്പെടുന്ന പ്രീപെയ്ഡ് സര്‍വീസ് മെയിന്റനന്‍സ് പാക്കേജ് ലഭിക്കും.

Comments

comments

Categories: Auto
Tags: Skoda Rapid