സംശുദ്ധ ഊര്‍ജ മേഖലകളില്‍ തൊഴിലവസരങ്ങള്‍ കൂടണം

സംശുദ്ധ ഊര്‍ജ മേഖലകളില്‍ തൊഴിലവസരങ്ങള്‍ കൂടണം

രാജ്യത്തെ പുനരുപയോഗ ഊര്‍ജ മേഖലകളില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. നിലവിലെ അവസ്ഥ പരിതാപകരമാണ്

രാജ്യത്തെ സൗര, പവനോര്‍ജ പദ്ധതികളിലായി 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ തൊഴില്‍ കണ്ടെത്താനായത് കേവലം 12,000 പേര്‍ക്ക് മാത്രമാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍വര്‍ഷം ഇത് 30,000 ആയിരുന്നുവെന്നും കൗണ്‍സില്‍ ഓണ്‍ എനര്‍ജി, എന്‍വിയോണ്‍മെന്റ് ആന്‍ഡ് വാട്ടര്‍ (സിഇഇഡബ്ല്യു) പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതായത്, തൊഴിലവസരങ്ങളിലുണ്ടായത് പകുതിയോളം ഇടിവ്.

വേണ്ടത്ര തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്നത് മറ്റ് വ്യവസായ മേഖലകളെ പോലെ സംശുദ്ധ ഊര്‍ജ രംഗത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. തൊഴില്‍ സൃഷ്ടിക്കാത്ത വളര്‍ച്ചയെന്ന വിമര്‍ശനങ്ങളെ സാധൂകരിക്കുന്നതുമാണിത്. പരമ്പരാഗത ഊര്‍ജ മേഖലകളില്‍ നിന്ന് പുനരുപയോഗ ഊര്‍ജ രംഗത്തേക്കുള്ള ഇന്ത്യയുടെ പരിണാമത്തിന്റെ വേഗതയെയും ഇത് ബാധിച്ചേക്കും. രാജ്യം അതിവേഗം വളരുന്നുവെന്ന് പറയുമ്പോഴും പ്രധാനപ്പെട്ട ഈ മേഖലകളില്‍ തൊഴിലവസരങ്ങള്‍ കുറയുന്നത് സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കേണ്ട വിഷയമാണ്.

2022 ആകുമ്പോഴേക്കും ഇന്ത്യയുടെ സൗര, പവനോര്‍ജ ശേഷി 160 ഗിഗാവാട്ടിലെത്തിക്കുമെന്നാണ് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള മുന്നേറ്റത്തിന്റെ ഭാഗമായി പുതുഊര്‍ജങ്ങളിലേക്കുള്ള മാറ്റം വേഗത്തിലാക്കേണ്ടതുമുണ്ട്. വലിയ അളവിലുള്ള പദ്ധതികളുടെ ലാഭക്ഷമതയെക്കുറിച്ച് നിക്ഷേപകര്‍ക്ക് സംശയം ജനിക്കുന്നതും തൊഴിലവസരങ്ങള്‍ കുറയുന്നതിന് വഴിവെച്ചിട്ടുണ്ട്.

മോദി പ്രഖ്യാപിച്ച ലക്ഷ്യം നിശ്ചിത സമയത്ത് എത്തിപ്പിടിക്കണമെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 200,000 അധിക തൊഴിലാളികളെങ്കിലും മേഖലയില്‍ ആവശ്യമാണെന്നാണ് സിഇഇഡബ്ല്യു റിപ്പോര്‍ട്ടില്‍ പറയുന്നത്. സോളാര്‍, വിന്‍ഡ് ഫാമുകളുടെ പദ്ധതി നിര്‍വണം, നിര്‍മാണം, പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടാറുള്ളത്. റൂഫ്‌ടോപ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനിടെ ഈ രംഗങ്ങളിലൊന്നും കാര്യമായ പുരോഗതിയുണ്ടാകുന്നില്ല എന്നതാണ് പ്രശ്‌നം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ റൂഫ്‌ടോപ് സോളാര്‍ സാങ്കേതികവിദ്യയാണ് വൈദ്യുതോല്‍പ്പാദനത്തിന് ചെലവ് കുറഞ്ഞ രീതി. എന്നാല്‍ നിലവില്‍ പാനലുകള്‍ വാങ്ങുന്നതിന് ചെലവ് കൂടുതലായതിനാലാണ് മിക്ക കുടുംബങ്ങളും ഇതിനോട് താല്‍പ്പര്യം കാണിക്കാത്തത്.

Categories: Editorial, Slider