കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് പ്രകടന സൂചിക വരുന്നു

കേന്ദ്ര മന്ത്രാലയങ്ങള്‍ക്ക് പ്രകടന സൂചിക വരുന്നു

പ്രധാന ലക്ഷ്യങ്ങളായി തീരുമാനിച്ച പദ്ധതികളുടെ പുരോഗതി രാജ്യത്തെ തത്സമയം അറിയിക്കാന്‍ സംവിധാനം

ന്യൂഡെല്‍ഹി: തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അപ്പപ്പോള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ പരിപാടി തയാറാക്കി മോദി 2.0 സര്‍ക്കാര്‍. 100 ദിവസത്തിനുള്ളില്‍ ഓരോ മന്ത്രാലയങ്ങളും ചെയ്തു തീര്‍ക്കേണ്ട നിര്‍ണായക പ്രവര്‍ത്തനങ്ങളുടെ പുരോഗതി പ്രകടന സൂചികകളിലൂടെ (ഡാഷ് ബോര്‍ഡുകള്‍) ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതാത് മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകളിലാവും ഈ ഡാഷ് ബോര്‍ഡുകള്‍ ഉള്‍ക്കൊള്ളിക്കുക. നിശ്ചിത കാലയളവിനുള്ളില്‍ കൈവരിക്കേണ്ട ലക്ഷ്യങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് എല്ലാ മന്ത്രാലയ സെക്രട്ടറിമാരേയും വിളിപ്പിച്ച് ആശയവിനിമയം നടത്തിയിരുന്നു.

വിവിധ മേഖലകളിലായി 167 പരിവര്‍ത്തന ജനകങ്ങളായ ആശയങ്ങളാണ് മോദി സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മൂന്നു ലക്ഷം അധ്യാപക, അനധ്യാപക ഒഴിവുകള്‍ നികത്തുക, കാര്യക്ഷമമായ പരാതി പരിഹാര സംവിധാനം സ്ഥാപിക്കുക, ദേശീയതലത്തില്‍ ഡിജിറ്റല്‍ സേവന വിതരണം വിലയിരുത്താന്‍ സംവിധാനം ആരംഭിക്കുക തുടങ്ങിയവയാണ് 100 ദിവസത്തെ കര്‍മ പദ്ധതിക്കു കീഴിലുള്ളത്. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിക്കു കീഴില്‍ പ്രയോജനം ലഭിക്കുന്ന കര്‍ഷകരുടെ എണ്ണം, വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍, ഗ്രാമീണ മേഖലയിലടക്കം നിര്‍മിച്ച റോഡുകളുടെ നീളം എന്നിവയുള്‍പ്പെടയുള്ള തല്‍സമയ വിവരങ്ങള്‍ നിര്‍ദിഷ്ട പ്രകടന സൂചികയില്‍ നിന്ന് മനസിലാക്കാനാകും. ചില സര്‍ക്കാര്‍ ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ തത്സമയം വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കിക്കഴിഞ്ഞു. കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ട ജൂലൈ അഞ്ച് മുതല്‍ ഒക്‌റ്റോബര്‍ 15 വരെയുള്ള 100 ദിവസമാണ് പ്രാഥമിക ലക്ഷ്യ പൂര്‍ത്തീകരണത്തിനായി അനുവദിച്ചിരിക്കുന്ന കാലയളവ്.

Comments

comments

Categories: FK News