അധികം ഇന്ത്യക്കാരും പൊണ്ണത്തടിയന്മാരും പോഷകക്കുറവുള്ളവരും

അധികം ഇന്ത്യക്കാരും പൊണ്ണത്തടിയന്മാരും പോഷകക്കുറവുള്ളവരും

ഇന്ത്യക്കാരില്‍ ഭൂരിഭാഗവും അമിതവണ്ണക്കാരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുമാണെന്ന് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍. പട്ടിണിയുടെ ആഘാതത്തില്‍ നിന്ന് അമിതവണ്ണമെന്ന പുതിയ ആരോഗ്യ പ്രശ്നത്തിലേക്കാണ്് രാജ്യത്തിന്റെ പോക്കെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം 2012 ല്‍ 24.1 ദശലക്ഷത്തില്‍ നിന്ന് 2016 ല്‍ 32.8 ദശലക്ഷമായി ഉയര്‍ന്നതായി ദി വേള്‍ഡ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്‍ 2019 ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പോഷകാഹാരക്കുറവുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ 2004-06ല്‍ 253.9 ദശലക്ഷത്തില്‍ നിന്ന് 2010-12 ല്‍ 217 ദശലക്ഷമായും 2016-18ല്‍ 194.4 ദശലക്ഷമായും കുറവുണ്ടായതായി എഫ്എഒ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് വയസ്സില്‍ താഴെയുള്ള പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 2.4 ദശലക്ഷമായിരുന്നു, അതേസമയം 46 ദശലക്ഷം കുട്ടികളുടെ വളര്‍ച്ച മുരടിച്ചു. ആഗോളതലത്തില്‍ അമിതവണ്ണമുള്ളവരുടെ എണ്ണം 2012 ല്‍ 563.7 ദശലക്ഷത്തില്‍ നിന്ന് 2016 ല്‍ 672.3 ദശലക്ഷമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടും അമിതവണ്ണം വര്‍ദ്ധിച്ചുവരുന്ന ഒരു പ്രശ്‌നമാണെന്ന് ഫ്എഒ ഡയറക്ടര്‍ ജനറല്‍ ജോസ് ഗ്രാസിയാനോ ഡാ സില്‍വ പറഞ്ഞു. അമിതവണ്ണവുമായി ബന്ധപ്പെട്ട ചികില്‍സാച്ചെലവുകള്‍ ആഗോളതലത്തില്‍ ഏകദേശം രണ്ടു ട്രില്യണ്‍ ഡോളര്‍ വരും. ഇത് പുകയില ഉപഭോഗം മൂലം ആരോഗ്യരംഗത്ത് ഉണ്ടാകുന്ന നഷ്ടടത്തേക്കാള്‍ കൂടിയ തുകയാണ്.

പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയ്ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിലൂടെയും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ നല്‍കുന്നതിലൂടെയും അമിതവണ്ണ പ്രശ്നം രാജ്യങ്ങള്‍ക്കും നിയന്ത്രിക്കാനാകുമെന്നും ഭക്ഷ്യ ഉല്‍പന്നങ്ങളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് ശരിയായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയര്‍ന്ന പഞ്ചസാര അടങ്ങിയിരിക്കുന്ന ധാന്യങ്ങള്‍ക്ക് പകരം കുട്ടികള്‍ക്ക് പുതിയ ഭക്ഷണവും ആരോഗ്യകരമായ പ്രഭാതഭക്ഷണവും നല്‍കണം.

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്കിന്റെ വര്‍ദ്ധനവ് ഭക്ഷ്യ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു, ഇത് സ്ഥിരമായി ഭക്ഷണലഭ്യതയില്‍ കുറവു വരുത്താന്‍ കാരണമാകുന്നു. കുറഞ്ഞ വരുമാനം കാരണം ആളുകള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ദക്ഷിണേഷ്യയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ 2017ലെ 11 ശതമാനത്തില്‍ നിന്ന് 2018 ല്‍ 14 ശതമാനത്തിലധികമായിവര്‍ദ്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഇക്കാലയളവിലെ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്കിന്റെ വര്‍ദ്ധനവിനെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യവും പ്രകൃതിവിഭവശേഷി കുറയുന്നതും കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യ ഉല്‍പാദനത്തെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിച്ചു.

Comments

comments

Categories: Health
Tags: obesity