ഡ്രോണ്‍ ആക്രമണം തടയാന്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍ പുതിയ സംവിധാനം വരുന്നു

ഡ്രോണ്‍ ആക്രമണം തടയാന്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍ പുതിയ സംവിധാനം വരുന്നു

റേഡിയോ തംരംഗദൈര്‍ഘ്യം ഉപയോഗപ്പെടുത്തിയാണ് ഡ്രോണുകളെ കണ്ടെത്തുക

മസ്‌കറ്റ്: വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമമേഖലയിലെ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തുന്നതിനായി മസ്‌കറ്റ് വിമാനത്താവളത്തില്‍ പുതിയ സംവിധാനം വിന്യസിക്കുമെന്ന് റിപ്പോര്‍ട്ട്. റേഡിയോ തരംഗ ദൈര്‍ഘ്യം ഉപയോഗിച്ച് വ്യോമ ഉപകരണങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്ന ‘ഡ്രോണ്‍ ഡിറ്റെക്ഷന്‍ സിസ്റ്റം’ സ്ഥാപിക്കുന്നതിനായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ് ജര്‍മന്‍ കമ്പനിയായ ആരോണിയ എജിയുമായും ആര്‍ ആന്‍ഡ് എന്‍ കിംജിയുമായും കരാറില്‍ ഒപ്പുവെച്ചതായി മസ്‌കറ്റ് ഡെയ്‌ലി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

വ്യോമഗതാഗതം മെച്ചപ്പെടുത്താനും വിമാനങ്ങളുടെ സുരക്ഷിതമായ ലാന്‍ഡിംഗും ടെയ്ക്ഓഫും ഉറപ്പുവരുത്താനും പുതിയ സംവിധാനം സഹായകമാകുമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് സിഇഒ ഷേഖ് അമീന്‍ ബിന്‍ അഹമ്മദ് അല്‍ ഹൊസ്‌നി പറഞ്ഞു. ഒമാനിലെ വിമാനത്താവളങ്ങള്‍ ഉപയോഗപ്പെടുത്തുന്ന യാത്രക്കാര്‍ക്കും വിമാനങ്ങള്‍ക്കും ഏറ്റവും മുന്തിയ സുരക്ഷ ഉറപ്പുവരുത്തുക എന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അല്‍ ഹൊസ്‌നി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 15 വര്‍ഷങ്ങളായി റോഡിയോ തരംഗ ദൈര്‍ഘ്യം, സൂക്ഷ്മതരംഗം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കമ്പനിയാണ് ആരോണിയ. നിലവില്‍ റഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡ്രോണുകളുടേത് അടക്കം വ്യോമമേഖലയിലെ ഉപകരണങ്ങളുടെ സാന്നിധ്യം കണ്ടെത്തുന്നത്. എന്നാല്‍ തടസങ്ങളും കുറഞ്ഞ കണ്ടുപിടിക്കല്‍ നിരക്കും ഇവയുടെ പരിമിതികളാണെന്ന് അല്‍ ഹൊസ്‌നി പറഞ്ഞു.

ഇപ്പോള്‍ ഒമാനില്‍ ഡ്രോണുകളുടെ പ്രശ്‌നം ഇല്ല. പക്ഷേ മുന്‍ കരുതല്‍ നടപടിയെന്നോണമാണ് വിമാനത്താവളത്തില്‍ പുതിയ സംവിധാനം വിന്യസിക്കുന്നതെന്ന് അല്‍ ഹൊസ്‌നി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പശ്ചിമേഷ്യയിലെ മറ്റൊരു രാഷ്ട്രമായ സൗദി അറേബ്യയില്‍ നിരന്തരമായ ഡ്രോണ്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. യെമനിലെ ഹൂത്തി വിമതര്‍ നടത്തുന്ന ഈ ആക്രമണങ്ങള്‍ പ്രധാനമായും വിമാനത്താവളങ്ങളെയാണ് ലക്ഷ്യമാക്കാറ്. കഴിഞ്ഞിടെ സൗദിയിലെ ആഭ വിമാനത്താവളത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Comments

comments

Categories: Arabia