നാഗരാജ പ്രകാശം; സോഷ്യല്‍ ബിസിനസിന്റെ ഗോഡ് ഫാദര്‍

നാഗരാജ പ്രകാശം; സോഷ്യല്‍ ബിസിനസിന്റെ ഗോഡ് ഫാദര്‍

മികച്ച ബിസിനസ് ആശയങ്ങള്‍ ഇല്ലാത്തതാണോ അതോ ആശയങ്ങള്‍ പ്രവര്‍ത്തികമാകുന്നതിനുള്ള ഫണ്ട് കണ്ടെത്താനാകാത്തതാണോ ഇന്ത്യന്‍ സംരംഭകത്വ രംഗം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം? ഫണ്ടിനെ പറ്റിയുള്ള ചിന്തകളാണ് ഒരു സംരംഭകനാകുന്നതില്‍ നിന്നും നിങ്ങളെ വിലക്കുന്നത് എങ്കില്‍ സഹായത്തിന് ഒരു വിളിക്കപ്പുറം നാഗരാജ പ്രകാശമുണ്ട്. മധുര സ്വദേശിയും അമേരിക്ക ആസ്ഥാനമായ അക്യുമെന്‍ ഫൗണ്ടേഷന്റെ ഫണ്ട് പാര്‍ട്ണറുമായ നാഗരാജ പ്രകാശം ഇതിനോടകം 21 ഇന്ത്യന്‍ സംരംഭങ്ങള്‍ക്കാണ് ഫണ്ട് നല്‍കിയിട്ടുള്ളത്. സാമൂഹിക പ്രസക്തിയുള്ളതും സമൂഹത്തിനു ഗുണകരമാകുന്നതുമായ സംരംഭണങ്ങള്‍ക്ക് മാത്രമേ ഫണ്ട് ലഭിക്കൂ. ബിസിനസുകാരന്റെ കാര്യക്ഷമതയും, സാമൂഹിക പ്രവര്‍ത്തകന്റെ കരുണയും ഒരു പോലെ ഒത്തുചേര്‍ന്നിരുക്കുന്ന നാഗരാജ പ്രകാശത്തിന് കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ വിവിധ സംരംഭങ്ങളില്‍ നിക്ഷേപമുണ്ട്. ഇന്ത്യന്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയില്‍ പരിചയപ്പെടുത്തുന്ന ഗോ കോ അപ്, ബംഗളൂരുവിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃസംസ്‌ക്കരിക്കുന്ന സാഹസ്, നനഞ്ഞ മാലിന്യങ്ങളില്‍നിന്ന് ബയോഗ്യാസും കംപോസ്റ്റും ഉണ്ടാക്കുന്ന കാര്‍ബണ്‍ മാസ്റ്റേഴ്‌സ്, ഗുണമേന്‍മയുള്ള ജൈവ കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്ന ഹാപ്പി ഹെന്‍, പച്ചക്കറി വ്യാപാരത്തിനായുള്ള ഫ്രഷ് വേള്‍ഡ് തുടങ്ങിയവ നാഗരാജ പ്രകാശത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്പനികളാണ്. തനിക്കും തനിക്ക് ചുറ്റുമുള്ള സമൂഹത്തിനും ഒരേ പോലെ ഗുണകരമാകുന്ന പദ്ധതികളിലൂടെ സോഷ്യല്‍ ബിസിനസ് എന്ന വലിയ ആശയം തത്വത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് നാഗരാജ പ്രകാശം.

വെളുത്ത കൈത്തറി ജൂബയും മുണ്ടും ധരിച്ചു ശാന്തശീലനായി നീങ്ങുന്ന ഒരു വ്യക്തി. ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നതത്രയും ചെറുകിട കച്ചവടക്കാരിലും വ്യാപരികളുമാണ്. മധുരയിലെ തെരുവുകളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ ഇദ്ദേഹത്തെ കാണാനാകും. മധുരയില്‍ മാത്രമല്ല, ബെംഗളുരുവിലും ഡല്‍ഹിയിലും എന്തിനേറെ കണ്ണൂരില്‍ വരെ ഇദ്ദേഹത്തെ കാണാം. കാഴ്ചയില്‍ ഒരു സാധരണക്കാരന്റെ രൂപഭാവങ്ങളാണ് ഇദ്ദേഹത്തിനെങ്കിലും അങ്ങനല്ല, അമേരിക്കയിലെ സിലിക്കണ്‍ വാലി കേന്ദ്രീകരിച്ചുള്ള സിഡിസി സോഫ്റ്റുവെയറിന്റെ മേഖലാ പ്രസിഡന്റായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. പേര് നാഗരാജ പ്രകാശം. സാമൂഹിക സംരംഭകത്വം എന്ന മാതൃക മനസ്സില്‍ ഇടം പിടിച്ചപ്പോള്‍ സോഫ്റ്റ്‌വെയര്‍ വിഭാഗത്തില്‍ നിന്നും മെല്ലെ സോഷ്യല്‍ ബിസിനസിലേക്ക് അദ്ദേഹം ചേക്കേറി. ഇന്ന് സാമൂഹിക മാറ്റം ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ട് അപ്പുകളുടെ തലവനാണ് നാഗരാജ പ്രകാശം. ചെറുകിട സംരംഭകരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അദ്ദേഹം വളരെ ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട് 21 ല്‍ പരം സാമൂഹിക സംരംഭങ്ങള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച് കഴിഞ്ഞു. സമൂഹത്തിന്റെ അടിത്തട്ടിലുള്ള അധ്വാനിക്കുന്ന വിഭാഗങ്ങള്‍ക്ക് മാന്യമായ വരുമാനം ലഭ്യമാക്കാനും അവരുടെ അന്തസ്സുയര്‍ത്താനും സാഹചര്യമൊരുക്കുക എന്ന ലക്ഷ്യം പ്രവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം ഈ രംഗത്തേക്ക് ഇറങ്ങുന്നത്. പല സംരംഭങ്ങളും മികച്ച ആശയത്തിന്റെ പിന്‍ബലത്തിലും പരാജയപ്പെടുന്നതിന്റെ പ്രധാന കാരണം നിക്ഷേപത്തിന്റെ പരിമിതിയാണ്. ഇത് മനസിലാക്കി സാമൂഹിക പ്രാധാന്യമുള്ള സംരംഭങ്ങളെ സാങ്കേതിവിദ്യയോട് ചേര്‍ത്തിണക്കി ആവശ്യമായ ഫണ്ടിംഗ് നല്‍കി മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് നാഗരാജ പ്രകാശം ചെയ്യുന്നത്.

നാഗരാജ പ്രകാശത്തിന്റെ ഫണ്ടിംഗ് ലഭിച്ച കമ്പനികള്‍ അനേകമായുള്ള ബെംഗളുരുവിലേക്ക് ഒന്ന് ശ്രദ്ധതിരിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് തെളിയിക്കാം.
ബെംഗളൂരു നഗരത്തിലെ ആയിരക്കണക്കിന് ഉന്തുവണ്ടി കച്ചവടക്കാര്‍ക്കിടയില്‍, ടീ ഷര്‍ട്ട് ധരിച്ച, കൈയില്‍ ടാബുമായി, പച്ചക്കറി വില്‍ക്കുന്ന ആളുകളെ നമുക്ക് കാണാം. ഇവരുടെ പാസിച്ചക്കറി വില്പനക്ക് ഒരു പ്രത്യേകതയുണ്ട്. ഇവര്‍ പച്ചക്കറി തൂക്കുന്നത് ഇതുലാസിലാണ്. പണം വാങ്ങുന്നത് ഇവാലറ്റിലൂടെ .വളരെ സാധാരണക്കാരായ കച്ചവടക്കാരാണെങ്കിലും ദിവസവും 15 ടണ്ണോളം പച്ചക്കറിയാണ്ഇവര്‍ വില്‍ക്കുന്നത്. കേവലമൊരു പച്ചക്കറിക്കച്ചവടം പോലും ടെക്‌നോളജിയെ അടിസ്ഥാനമാക്കി വികസിപ്പിച്ചെടുത്തതിന് എല്ലാവിധ ക്രെഡിറ്റും നാഗരാജ പ്രകാശമെന്ന ഒരൊറ്റ വ്യക്തിക്ക് അവകാശപ്പെട്ടതാണ്.

ഇനി അങ്ങോട്ട് സാങ്കേതിക വിദ്യയുടെ കാലമാണെന്ന് മനസിലാക്കി, താന്‍ പഠിച്ച സാങ്കേതിക വിദ്യയുടെ സാധ്യതകളെ സോഷ്യല്‍ ബിസിനസില്‍ വിനിയോഗിക്കുകയാണ് അദ്ദേഹം. നാഗരാജ പ്രകാശം മുന്നോട്ട് വച്ച ബിസിനസ് സാധ്യതകളില്‍ എന്നും എടുത്തു പറയേണ്ട ചിലത് . ഇന്ത്യന്‍ കൈത്തറി ഉല്‍പ്പന്നങ്ങള്‍ ലോക വിപണിയില്‍ പരിചയപ്പെടുത്തുന്ന ഗോ കോ അപ്, ബംഗളൂരുവിലെ മാലിന്യങ്ങള്‍ ശേഖരിച്ച് പുനഃസംസ്‌ക്കരിക്കുന്ന സാഹസ്, നനഞ്ഞ മാലിന്യങ്ങളില്‍നിന്ന് ബയോഗ്യാസും കംപോസ്റ്റും ഉണ്ടാക്കുന്ന കാര്‍ബണ്‍ മാസ്റ്റേഴ്‌സ്, ഗുണമേന്‍മയുള്ള ജൈവ കോഴിമുട്ട ഉല്‍പ്പാദിപ്പിക്കുന്ന ഹാപ്പി ഹെന്‍, പച്ചക്കറി വ്യാപാരത്തിനായുള്ള ഫ്രഷ് വേള്‍ഡ് തുടങ്ങിയവയാണ്.നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ രൂപകല്പന ചെയ്ത അമ്പത് വാഹനങ്ങളിലായി പച്ചക്കറിക്കച്ചവടം നടത്തുന്ന ഗ്രേഷ് വേള്‍ഡ് ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച സംരംഭമാണ്.

കൈത്തറി മുണ്ടും കൈത്തറിക്കുപ്പായവും ധരിച്ച് കോര്‍പറേറ്റ് മീറ്റിങ്ങുകളിലും ഐ.ടി. സെമിനാറുകളിലും മുഖ്യാതിഥിയായെത്തുന്ന നാഗരാജ പ്രകാശം പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്ന ബിസിനസ് ആശയങ്ങള്‍ക്കെല്ലാം മികച്ച വിപണി ലഭിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിന്റെ കൂടി പിന്‍ബലത്തിലാണ്. നാഗ നേതൃത്വം നല്‍കുന്ന ഐ.എ.എന്‍. ഇതുവരെയായി 21 പുതുസംരംഭങ്ങള്‍ക്ക് (സ്റ്റാര്‍ട്ടപ്പുകള്‍) പണം മുടക്കിക്കഴിഞ്ഞു. ഇവയില്‍ 16 എണ്ണവും സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ള സംരംഭങ്ങളാണ്. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്നവരെയാണ് നാഗരാജ പ്രകാശം തന്റെ സംരംഭകത്വ പദ്ധതികള്‍ക്കായി തെരഞ്ഞെടുക്കുന്നത്. സംരംഭകത്വ പദ്ധതികള്‍ക്ക് ശരാശരി ഒന്നേകാല്‍ കോടി രൂപയാണ് നാഗരാജ പ്രകാശം നിക്ഷേപിക്കുന്നത്.

അമേരിക്കയിലും ഇന്ത്യയിലുമുള്ള 450 സംരംഭകരെ ഉള്‍പ്പെടുത്തിയാണ് 2013ല്‍ ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കിന് (ഐഎഎന്‍) നാഗരാജ പ്രകാശം തുടക്കമിട്ടത്. ഐഎഎന്‍ ഇംപാക്ട് എന്ന ഉപ വിഭാഗം സാമൂഹിക മാറ്റം ലക്ഷ്യമിട്ടുള്ള ബിസിനസുകള്‍ക്കായി രൂപപ്പെടുത്തിയതാണ്. ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ ക്രിസ് ഗോപാലകൃഷ്ണന്‍ ഈ നെറ്റ്വര്‍ക്കിലെ സംരംഭകരില്‍ ഒരാളാണ്.അമേരിക്കയിലെ സിലിക്കണ്‍ വാലി കേന്ദ്രീകരിച്ചുള്ള സി.ഡി.സി. സോഫ്റ്റ് വെയറിന്റെ മേഖലാ പ്രസിഡന്റായിരുന്ന നാഗയുടെ ഇപ്പോഴത്തെ ഏക വരുമാന സ്രോതസ്സും ഇത്തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളാണ്. മികച്ച പദ്ധതികളില്‍ പണം നിക്ഷേപിച്ച് അതിലൂടെ സാമൂഹിക വളര്‍ച്ചയും വ്യക്തിപരമായ സാമ്പത്തിക വളര്‍ച്ചയും ഉറപ്പുവരുത്തുക എന്നതാണ് നാഗരാജ പ്രകാശം ഉദ്ദേശിക്കുന്നത്.കര്‍ഷകരും പരമ്പരാഗത കരകൗശല വിദഗ്ധരും കുലത്തൊഴിലുകാരും ഇദ്ദേഹം വിഭാവനം ചെയ്യുന്ന പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കളാകുന്നു.മികച്ച വിദ്യാഭ്യാസമോ, തങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ലോക വിപണിയിലുള്ള വിലയോ മൂല്യമോ മനസിലാക്കതെയാണ് ഇവര്‍ കച്ചവടം നടത്തുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിന് സഹായിക്കുകയാണ് നാഗരാജ പ്രകാശം ചെയ്യുന്നത്.

കൈത്തറി മേഖലയുടെ രക്ഷക്കായി ഗോ കോഓപ്

ഏറെ സാധ്യതകളുള്ളതും എന്നാല്‍ ഏറെ ആവാഹനിക്കപ്പെടുന്നതുമായ മേഖലയാണ് കൈത്തറി. ഇത് മനസിലാക്കി ഇന്ത്യന്‍ ഗ്രാമങ്ങളിലെ കൈത്തറി, കരകൗശല ഉത്പാദകരായ അയ്യായിരത്തോളം സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങള്‍ക്കുമായി നാഗരാജ പ്രകാശം വിഭാവനം ചെയ്ത ഓണ്‍ലൈന്‍ സ്റ്റോറാണ് ഗോ കോ ഓപ്. കേരളത്തിലും ഇതിന്റെ പ്രവര്‍ത്തനം സജീവമാണ്. ഓണക്കാലത്തെ പ്രദര്‍ശനമേളകളില്‍ മാത്രം ഒതുങ്ങിയിരുന്ന കൈത്തറിയെ പുതിയ ഒരു തലത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കണ്ണൂര്‍ കല്യാശ്ശേരി, ഇരിണാവ് തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും ആന്ധ്രയിലെ പോച്ചംപള്ളി, തമിഴ്‌നാടിന്റെ കാഞ്ചീപുരം തുടങ്ങിയവയും ഗോ കോഓപ് ഉല്‍പ്പന്നങ്ങളില്‍ പെടുന്നു. നെയ്ത്ത്ഗ്രാമങ്ങളെയും, ഹാന്‍ഡ്‌ലൂം രംഗത്ത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്രായോഗികമാക്കിയ ബാംഗ്ലൂരിലെ ഗോക്കോപ്പിനെയും സഹകരിപ്പിച്ച് നാഗരാജ് പ്രകാശത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിലയും വിപണിയും ഉറപ്പുവരുത്തുന്നു.ഗോ കോഓപ് സാധ്യമായതോടെ ഇന്ത്യന്‍ കൈത്തറി മേഖലക്ക് പുത്തനുണര്‍വാണ് ഉണ്ടായിരിക്കുന്നത്. ഈ മേഖലയുമായി ബന്ധപ്പെട്ട് നിരവധിയാളുകള്‍ക്ക് ജോലി ലഭിക്കുകയും വരുമാനം വര്‍ധിക്കുകയും ചെയ്തു. സബ്‌സിഡൈസ് ചെയ്താണ് ഓരോ ഉത്പന്നവും വില്‍പ്പനക്ക് എത്തുന്നത്. കൈത്തറിയുടെ ഉല്‍പ്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ഗുണനിലവാരം പരിശോധിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

നേറ്റീവ് സ്‌പെഷ്യല്‍

കേരളത്തിനായി വിഭാവനം ചെയ്ത മറ്റൊരു പദ്ധതിയാണ് നേറ്റീവ് സ്‌പെഷ്യല്‍. ഓരോ നാടിന്റെയും തനത് രുചികള്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. കേരളത്തില്‍ നിന്നും കോഴിക്കോടന്‍ ഹല്‍വയും വറുത്തകായയും തൃശ്ശൂരിന്റെ കുഴലപ്പവും തിരുനെല്‍വേലി ഹല്‍വയുമൊക്കെ രുചിപ്പെരുമയുടെ ചുവടുപിടിച്ച് കടല്‍കടക്കുന്നു. ഇതിനാണ് പ്രത്യേക ഓണ്‍ലൈന്‍ സ്റ്റോര്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസികളായ ഇന്ത്യക്കാരുടെ കൈകളിലേക്ക് തങ്ങളുടെ നാട്ടിലെ പലഹാരങ്ങള്‍ എത്തിക്കുന്നതിന് സഹായിക്കുന്ന ഈ സംരംഭത്തിന് ലോകവ്യാപകമായി മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മാത്രമല്ല, നിരവധി വീട്ടമ്മമാര്‍ക്ക് വരുമാനം കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ് നേറ്റീവ് സ്‌പെഷ്യല്‍ പ്രവര്‍ത്തിക്കുന്നു. ഈ പദ്ധതിയിലൂടെ ഉല്‍പ്പാദകര്‍ക്ക് മികച്ച ലാഭമാണ് ലഭിക്കുന്നത്. ഈ ലാഭത്തിന്റെ ഒരു വിഹിതം നിക്ഷേപകന്‍ എന്ന നിലയില്‍ നാഗരാജ പ്രകാശത്തിലേക്കും എത്തുന്നു.

മാലിന്യത്തിനു ബൈ പറഞ്ഞു സാഹസ്

ദിവസവും നഗരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ടെട്രാ പായ്ക്കറ്റുകള്‍ (കടലാസ് പായ്ക്കറ്റുകള്‍) ശേഖരിച്ച് വീണ്ടും ടെട്രാ പായ്ക്കറ്റുകളായി ഇറക്കുകയാണ് സാഹസം എന്ന സ്ഥാപനം ചെയ്യുന്നത്. പ്രതിമാസം 25 ടണ്‍ ടെട്രാപായ്ക്കറ്റുകള്‍ ഇത്തരത്തില്‍ പുനര്‍നിര്‍മിക്കപ്പെടുന്നു. ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണത്തിന് അയക്കാനും സാഹസിന് സാധിക്കുന്നു. ബെംഗളൂരു നഗരത്തെ ശുദ്ധീകരിക്കുന്നതില്‍ ഈ സ്ഥാപനത്തിന്റെ പങ്ക് വളരെ വലുതാണ്. ഐ.എ.എന്നിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന, കാര്‍ബണ്‍ മാസ്റ്റേഴ്‌സ് സാഹസ് ശേഖരിക്കുന്ന നനഞ്ഞ മാലിന്യങ്ങള്‍ ഏറ്റെടുത്ത് കംപോസ്റ്റ് വളവും ബയോ ഗ്യാസും ഉത്പാദിപ്പിക്കുന്നു.
40 ടണ്‍ മാലിന്യത്തില്‍ നിന്ന് ഒരു ടണ്‍ ബയോ ഗ്യാസും 10 ടണ്‍ കംപോസ്റ്റും ഉത്പാദിപ്പിക്കുന്നു.ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വളം കര്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നു

ആരോഗ്യകരമായ മുട്ടകളുമായി ഹാപ്പി ഹെന്‍സ്

മികച്ച മുട്ട ലഭിക്കാത്ത പ്രശനം പരിഹരിക്കുന്നതിനും കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി രോഗോപീകരിച്ച പദ്ധതിയാണ് ഹാപ്പി ഹെന്‍സ്.ആയുര്‍വേദ പച്ചില മരുന്നുകള്‍ മാത്രം കഴിച്ച്, ഇഷ്ടംപോലെ പാറിയും ചിക്കിപ്പെറുക്കിയും നടക്കുന്ന കോഴികള്‍. സ്വാഭാവികമായും ഇവയുടെ മുട്ടകള്‍ പോഷക സമ്പുഷ്ടമായിരിക്കും. ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കോഴികളെ വളര്‍ത്തിയാണ് നാലിരട്ടി ഗുണനിലവാരമുള്ള മുട്ട ഉത്പാദിപ്പിക്കുന്നത്. വികലാംഗനായ മധുര സ്വദേശി അശോക് കണ്ണന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി.കേരളത്തിന്റെ കൈരളി കരിംകോഴി, തമിഴ്‌നാടിന്റെ കാവേരി, കര്‍ണാടകയുടെ ഗ്രാമപ്രിയ തുടങ്ങിയ കോഴിനിയമങ്ങള്‍ ഫാമില്‍ വളരുന്നുണ്ട്.കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മത്സരത്തില്‍ മികച്ച ഇരുപതില്‍ ഇടംനേടാന്‍ ഹാപ്പി ഹെന്‍സിന് സാധിച്ചു.

Categories: FK Special, Slider