ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു

ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞു
  • 9.71 ശതമാനം ഇടിവാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്
  • കയറ്റുമതി വരുമാനം 25.01 ബില്യണ്‍ ഡോളറായി ചുരുങ്ങി

ന്യൂഡെല്‍ഹി: ജൂണില്‍ ഇന്ത്യയുടെ കയറ്റുമതി കുറഞ്ഞതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോദഗിക റിപ്പോര്‍ട്ട്. ആഗോള വ്യാപാര യുദ്ധം ചരക്കുനീക്കത്തെ പ്രതികൂലമായി ബാധിച്ചതും യുഎസ് ജിഎസ്പി ആനുകൂല്യങ്ങള്‍ പിന്‍വലിച്ചതുമാണ് ഇന്ത്യയുടെ കയറ്റുമതി ഇടിയാന്‍ കാരണമായത്. ജൂണ്‍ അഞ്ചിനാണ് ജിഎസ്പിയില്‍ നിന്നും ഇന്ത്യയെ ഒഴിവാക്കിയത്.

9.71 ശതമാനം ഇടിവാണ് ഇന്ത്യയുടെ കയറ്റുമതിയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കയറ്റുമതി വരുമാനം 25.01 ബില്യണ്‍ ഡോളറായി ചുരുങ്ങി. ഇതേസമയം ഇന്ത്യയുടെ ഇറക്കുമതി 9.06 ശതമാനം കുറഞ്ഞിട്ടുണ്ട്. 40.29 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് രാജ്യം കഴിഞ്ഞ മാസം ഇറക്കുമതി ചെയ്തത്. കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമായ വ്യാപാര കമ്മി 16.6 ബില്യണ്‍ ഡോളറില്‍ നിന്നും 15.28 ബില്യണ്‍ ഡോളറായി ചുരുങ്ങിയതായും സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ജൂണില്‍ 14.1 ശതമാനം ചുരുങ്ങി. യുഎസുമായുള്ള വ്യാപാര തര്‍ക്കങ്ങള്‍ കാരണം ചൈന പ്രതിസന്ധി നേരിടുന്നതാണ് രാജ്യത്തേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ പ്രതിഫലിച്ചത്. വ്യാപാര പ്രശ്‌നങ്ങളുടെ പരിണിതഫലമായി ജൂണ്‍ പാദത്തില്‍ 6.2 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ചൈന രേഖപ്പെടുത്തിയത്. 27 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയാണിത്.

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള ചരക്കുനീക്കം ജൂണില്‍ 15.31 ശതമാനം കുറഞ്ഞിട്ടുണ്ട്. ഹോങ്കോംഗിലേക്കുള്ള കയറ്റുമതി 9.68 ശതമാനവും കുറഞ്ഞു. ബേസ് ഇഫക്റ്റാണ് കയറ്റുമതി ചുരുങ്ങാനുള്ള പ്രധാന കാരണമെന്ന് വാണിജ്യ വകുപ്പ് സെക്രട്ടറി അനൂപ് വാധാവന്‍ പറഞ്ഞു. ചില ആഗോള പ്രവണതകള്‍ക്ക് അനുസരിച്ചാണ് കയറ്റുമതി ഇടിഞ്ഞതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഎസിന്റെ തീരുവ ചൈന വിട്ട് ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് കൂടുമാറാന്‍ കമ്പനികളെയും പ്രേരിപ്പിക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിവ് പെട്രോളിയം കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. 30 മേഖലകളില്‍ 21 എണ്ണത്തിലും കയറ്റുമതി ഇടിഞ്ഞതായാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത് വജ്രം, ജുവല്‍റി, എന്‍ജിനീയറിംഗ്, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഒഎന്‍ജിസി മംഗളൂരു പെട്രോകെമിക്കല്‍ ലിമിറ്റഡ് താല്‍ക്കാലികമായി അടച്ചുപൂട്ടിയത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചതായും വാണിജ്യ മന്ത്രാലയം പറഞ്ഞു. ജംനാനഗര്‍ റിഫൈനറിയിലും ജൂണില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. ജൂണില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് 13.33 ശതമാനം കുറഞ്ഞ് 11.03 ബില്യണ്‍ ഡോളറായിട്ടുണ്ട്. ഇതേസമയം സ്വര്‍ണ ഇറക്കുമതി ചെലവ് 13 ശതമാനം വര്‍ധിച്ച് 2.69 ബില്യണ്‍ ഡോളറായി.

ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 1.66 ശതമാനം കുറഞ്ഞു. എണ്ണ ഇതര ഇറക്കുമതി സ്വര്‍ണ്ണ ഇതര ഇറക്കുമതിയും ഒന്‍പത് ശതമാനം കുറഞ്ഞ് 26.5 ബില്യണ്‍ ഡോളറായി. സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ ആരോഗ്യകരമായ കയറ്റുമതി വളര്‍ച്ച വേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

നടപ്പുവര്‍ഷം ആഗോള വ്യാപാര പ്രവര്‍ത്തനങ്ങള്‍ 2.6 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ചൈനയുടെ കയറ്റുമതി ജൂണില്‍ 1.3 ശതമാനവും ഇറക്കുമതി 7.3 ശതമാനവും കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതാണ് ചൈനയുടെ ഇറക്കുമതി കുറയാനിടയാക്കിയത്. വ്യാപാര യുദ്ധം വര്‍ധിക്കുന്നതിന്റെയും ആഗോള ആവശ്യകത കുറയുന്നതിന്റെയും പ്രതിഫലനമാണിതെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ശരത് കുമാര്‍ സറഫ് പറഞ്ഞു. സ്റ്റീല്‍, ക്രൂഡ് വില കുറഞ്ഞതും കയറ്റുമതി കുറയാന്‍ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy