പ്രതിരോധ ഘടകങ്ങള്‍ക്കായി ഇന്ത്യ-റഷ്യ സംയുക്ത സംരംഭം

പ്രതിരോധ ഘടകങ്ങള്‍ക്കായി ഇന്ത്യ-റഷ്യ സംയുക്ത സംരംഭം
  • മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഉല്‍പ്പാദനശാല സ്ഥാപിക്കും
  • പ്രതിരോധ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ സാധിക്കും
  • സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കുന്ന സൈനിക-സാങ്കേതിക സമ്മേളനത്തില്‍ കരാര്‍ ഒപ്പിട്ടേക്കും

ന്യൂഡെല്‍ഹി: പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന സഹകരണത്തിന് കരുത്തുകൂട്ടി ഇന്ത്യയും റഷ്യയും. പ്രതിരോധ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ ഉല്‍പ്പാദനത്തിനായി ഒരു സംയുക്ത സംരംഭം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ സാങ്കേതിക വിദ്യാ കൈമാറ്റം ഉറപ്പാക്കാനും ഇന്ത്യയില്‍ സ്ഥാപിക്കുന്ന ഫാക്റ്ററിയിലൂടെ ഉല്‍പ്പാദനം നടത്താനുമാണ് ധാരണയായിരിക്കുന്നത്. സുപ്രധാനമായ കരാറിന്‍മേലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. സെപ്റ്റംബറില്‍ റഷ്യയില്‍ നടക്കാനിരിക്കുന്ന സൈനിക-സാങ്കേതിക സഹകരണത്തിനായുള്ള ഇന്ത്യ-റഷ്യ സര്‍ക്കാര്‍ കമ്മീഷനില്‍ വെച്ച് കരാര്‍ ഒപ്പിടാനാണ് ശ്രമം.

ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കരാറാവും ഇത്. രാജ്യത്തെ സൈനിക വിഭാഗങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ പൂര്‍ണസമയം താമസം കൂടാതെ ലഭ്യമാക്കാന്‍ ഇന്ത്യക്ക് ഇതോടെ സാധിക്കും. മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സൈനിക ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും സര്‍വീസിംഗും അറ്റകുറ്റപ്പണികളും നിലവില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവയ്ക്കാവശ്യമായ ഘടകങ്ങള്‍ റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടതായുണ്ട്. ഇറക്കുമതിക്കുള്ള നടപടിക്രമങ്ങള്‍ വൈകുന്നത് യഥാസമയം നടത്തേണ്ട അറ്റകുറ്റപ്പണികളെയും വൈകിപ്പിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ ആയുധങ്ങളും മറ്റും ലഭ്യമല്ലെന്നതാണ് ഇതിന്റെ ദോഷം. ഉദാഹരണത്തിന്, ഇന്ത്യയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത സുഖോയ്-30 എംകെഐയുടെ 55 ശതമാനം വിമാനങ്ങള്‍ മാത്രമാണ് എല്ലാ സമയവും പൂര്‍ണ പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. റഷ്യയില്‍ ഘടകങ്ങള്‍ക്ക് ക്ഷാമമുള്ളതിനാല്‍ ഫ്രാന്‍സില്‍ നിന്നും ഇസ്രയേലില്‍ നിന്നുമാണ് ഇന്ത്യ സുഖോയ് ഘടകങ്ങള്‍ അടുത്തിടെ ഇറക്കുമതി ചെയ്തത്.

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിന്റെ വികസനത്തിലും ഉല്‍പ്പാദനത്തിലും പുലര്‍ത്തിവന്ന സഹകരണത്തിന്റെ മാതൃകയാണ് പുതിയ സംരംഭത്തിലും അവലംബിക്കുക. എകെ-203 തോക്കുകള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിക്കാനുള്ള ഇന്ത്യ-റഷ്യ സംരംഭം ഉത്തര്‍പ്രദേശിലെ അമേഥിയില്‍ കഴിഞ്ഞ വര്‍ഷം യാഥാര്‍ത്ഥ്യമായിരുന്നു. അത്യാധുനിക കമോവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനും റഷ്യയുമായി കഴിഞ്ഞ വര്‍ഷം കരാറൊപ്പിട്ടു. എച്ച്എഎല്ലും റഷ്യയുടെ റോസോബോറോണ്‍ എസ്‌ക്‌പോര്‍ട്ടും ചേര്‍ന്നാണ് 200 കമോവ് ചോപ്പറുകള്‍ നിര്‍മിക്കുക. ഈ കരാറുകളുടെ വിജയത്തില്‍ നിന്നാണ് ഘടക നിര്‍മാണ കരാറിന് ഊര്‍ജം ലഭിച്ചിരിക്കുന്നത്.

യുഎസ് എതിര്‍ത്തേക്കും

റഷ്യയുമായി ഇന്ത്യ പ്രതിരോധ സഹകരണം ഊര്‍ജിതമാക്കുന്നതിനോട് ഒട്ടും താല്‍പ്പര്യമില്ലാത്ത അമേരിക്ക പുതിയ കരാറിനെയും എതിര്‍ക്കാന്‍ സാധ്യത. തന്ത്രപ്രധാന പ്രതിരോധ പങ്കാളിയെന്ന പദവി ഇന്ത്യക്ക് നല്‍കിയ സാഹചര്യത്തില്‍ റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നാണ് യുഎസിന്റെ കടുംപിടുത്തം. നാറ്റോ സഖ്യ രാജ്യത്തിന്റെ പദവി ഇന്ത്യക്ക് നല്‍കാനുള്ള പ്രതിരോധ ബജറ്റ് ശുപാര്‍ശ രണ്ടാഴ്ച മുന്‍പ് യുഎസ് സെനറ്റ് പാസാക്കുകയും ചെയ്തു. അടുത്തിടെ വ്യോമ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് സ്വന്തമാക്കാന്‍ ഇന്ത്യ റഷ്യയുമായി കരാര്‍ ഒപ്പിട്ടതിനെ ട്രംപ് ഭരണകൂടം പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തെങ്കിലും മോദി സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല.

Comments

comments

Categories: FK News, Slider