ഇന്ത്യയ്ക്കായി താങ്ങാവുന്ന വിലയില്‍ ഇവി നിര്‍മ്മിക്കുമെന്ന് ഹ്യുണ്ടായ്

ഇന്ത്യയ്ക്കായി താങ്ങാവുന്ന വിലയില്‍ ഇവി നിര്‍മ്മിക്കുമെന്ന് ഹ്യുണ്ടായ്

2,000 കോടി രൂപയുടെ നിക്ഷേപം നടത്തും

ന്യൂഡെല്‍ഹി : കോന ഇലക്ട്രിക് എസ്‌യുവിക്ക് പിന്നാലെ ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി പുതിയ ഇലക്ട്രിക് വാഹനം (ഇവി) നിര്‍മ്മിക്കുന്ന കാര്യം ഹ്യുണ്ടായ് ആലോചിക്കുന്നു. കോന ഇലക്ട്രിക്കിന് 25.30 ലക്ഷം രൂപയാണ് വിലയെങ്കില്‍ താങ്ങാവുന്ന വിലയില്‍ വാങ്ങാന്‍ കഴിയുന്നതായിരിക്കും പുതിയ ഇലക്ട്രിക് കാര്‍. ആഗോള വിപണിക്ക് അനുസൃതമായി വില നിശ്ചയിച്ച് കോന ഇലക്ട്രിക് ഈയിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എന്നാല്‍, പത്ത് ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് ദക്ഷിണ കൊറിയന്‍ കമ്പനി ആലോചിക്കുന്നത്. ഇതിനായി 2,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇലക്ട്രിക് കാര്‍ വികസിപ്പിക്കുന്നതിനും ചെന്നൈ ഫാക്റ്ററിയില്‍ നിര്‍മ്മിക്കുന്നതിനും ഈ തുക വിനിയോഗിക്കും.

പുതിയതും വ്യത്യസ്തവുമായ മോഡലിനെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ എസ്എസ് കിം പറഞ്ഞു. ഇന്ത്യന്‍ വിപണി ഉദ്ദേശിച്ചുള്ള പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നത്. എല്ലാ ബോഡി സ്‌റ്റൈലുകളും ഇപ്പോള്‍ പരിഗണിക്കുകയാണ്. ഏതു വേണമെന്ന് പിന്നീട് തീരുമാനിക്കും. 25 ലക്ഷത്തിന് മുകളില്‍ വില നിശ്ചയിച്ചതിനാല്‍ കോന ഇലക്ട്രിക് എസ്‌യുവി വലിയ തോതില്‍ വിറ്റുപോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ഇലക്ട്രിക് വാഹനം ഒരുപക്ഷേ ചെറിയ എസ്‌യുവി ആയിരിക്കും. എന്നാല്‍ പ്രീമിയം ഹാച്ച്ബാക്ക് പോലുള്ള ബോഡി സ്‌റ്റൈലുകളും പരിഗണിക്കും. ഇന്ത്യയില്‍നിന്ന് ഇലക്ട്രിക് കാര്‍ കയറ്റുമതി ചെയ്യും. മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യന്‍ വിപണികള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യാനാണ് ആലോചിക്കുന്നത്. ഇന്ത്യയില്‍ ബാറ്ററി പ്ലാന്റ് ആരംഭിക്കുന്നതും ഹ്യുണ്ടായ് പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് ചില ചൈനീസ് കമ്പനികള്‍ കൂടാതെ, എല്‍ജി, സാംസംഗ് എസ്ഡിഐ, എസ്‌കെ ഇന്നൊവേഷന്‍സ് തുടങ്ങിയ കമ്പനികളുമായി സംസാരിച്ചുവരികയാണ്.

Comments

comments

Categories: Auto