എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവ്

എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കുറവ്

ആഗോളതലത്തില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു കണ്ടെത്തിയതായി യുഎന്‍ എയ്ഡ്‌സ് നിയന്ത്രണ ഏജന്‍സി വെളിപ്പെടുത്തി. 2010 മുതല്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ 16% കുറവാണു രേഖപ്പെടുത്തിയത്. രോഗനിയന്ത്രണത്തില്‍ ദക്ഷിണാഫ്രിക്ക വലിയ മുന്നേറ്റം നടത്തി. പുതിയ എച്ച് ഐ വി അണുബാധ 40 ശതമാനത്തിലധികം കുറയ്ക്കാന്‍ കഴിഞ്ഞതായും എയ്ഡ്‌സ് സംബന്ധമായ മരണങ്ങള്‍ 40 ശതമാനമായി കുറയുകയും ചെയ്തതായി യുഎന്‍എയ്ഡ്‌സിന്റെ പുതുക്കിയ ആഗോള എയ്ഡ്‌സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എയ്ഡ്സ് സംബന്ധമായ മരണങ്ങള്‍ കുറയുന്നത് തുടരുകയാണെന്നും ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എച്ച്‌ഐവി, ക്ഷയരോഗ ചികില്‍സാവിതരണം മെച്ചപ്പെടുത്തുന്നതില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. 2010 മുതല്‍ എയ്ഡ്സ് മരണങ്ങള്‍ 33% കുറഞ്ഞ് 2018 ല്‍ 770,000 ആയി. എന്നാല്‍ എച്ച്‌ഐവി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന പ്രദേശമായ ആഫ്രിക്കയില്‍ ചികില്‍സാരംഗത്ത് ഇനിയും ഒരുപാട് നേട്ടം കൈവരിക്കാനുണ്ട്. കിഴക്കന്‍ യൂറോപ്പിലും മധ്യേഷ്യയിലും (29 ശതമാനം) മിഡില്‍ ഈസ്റ്റിലും വടക്കും പുതിയ രോഗികള്‍ വര്‍ദ്ധിക്കുന്നു. ആഫ്രിക്കയില്‍ 10 ശതമാനവും ലാറ്റിനമേരിക്കയില്‍ ഏഴു ശതമാനവുമാണു വര്‍ധിച്ചത്.
പ്രധാനമായും ലൈംഗിക പങ്കാളികള്‍ വഴിയാണ് പകുതിയിലധികം പേര്‍ക്ക് (54 ശതമാനം) രോഗം ബാധിക്കുന്നത്.

2018 ല്‍, മയക്കുമരുന്ന് ഉപഭോക്താക്കള്‍, സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാര്‍, ലൈംഗികത്തൊഴിലാളികള്‍, തടവുകാര്‍, ലിംഗമാറ്റം വരുത്തിയവര്‍ എന്നിവരിലൂടെയാണ് കിഴക്കന്‍ യൂറോപ്പിലെയും മധ്യേഷ്യയിലെയും പുതിയ എച്ച്‌ഐവി അണുബാധകളില്‍ 95 ശതമാനവും നടന്നത്. റിപ്പോര്‍ട്ട് ചെയ്ത പകുതിയിലധികം രാജ്യങ്ങളിലും എച്ച്‌ഐവി പ്രതിരോധ സേവനങ്ങള്‍ ജനസംഖ്യയുടെ 50 ശതമാനത്തില്‍ താഴെ പേരില്‍ മാത്രമേ എത്തിയിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭൂരിഭാഗം രോഗികളും ഇപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു കഴിയുകയാണെന്നും റിപ്പോര്‍ട്ട് എടുത്തു പറയുന്നു.

Comments

comments

Categories: Health
Tags: HIV