ജെനസിസ് ബ്രാന്‍ഡ് ഇന്ത്യയിലേക്ക്

ജെനസിസ് ബ്രാന്‍ഡ് ഇന്ത്യയിലേക്ക്

എസ്‌യുവി പുറത്തിറക്കി ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന്റെ ആഡംബര ബ്രാന്‍ഡ് ഇന്ത്യയില്‍ അരങ്ങേറും

ന്യൂഡെല്‍ഹി : ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന്റെ ആഡംബര കാര്‍ ബ്രാന്‍ഡായ ജെനസിസ് ഇന്ത്യയില്‍ എത്തിയേക്കും. ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ പരിശോധിക്കുകയാണ് കമ്പനി. എസ്‌യുവി പുറത്തിറക്കി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം നടത്താനാണ് ജെനസിസ് ആലോചിക്കുന്നത്.

ജി70, ജി80, ജി90 എന്നീ മൂന്ന് സെഡാനുകള്‍ മാത്രമാണ് നിലവില്‍ ജെനസിസ് ആഗോളതലത്തില്‍ വില്‍ക്കുന്നത്. ഈ മൂന്ന് കാറുകളുടെ കൂടെ ആഗോള ലൈനപ്പില്‍ രണ്ട് എസ്‌യുവികള്‍ ഉടന്‍ ചേരും. ജി80 സെഡാന്റെ സഹോദരന്‍ എന്ന നിലയില്‍ ജിവി80 എസ്‌യുവിയാണ് ആദ്യത്തെ പ്രോജക്റ്റ്. കിയ ടെല്ലൂറൈഡ്/ഹ്യുണ്ടായ് പാലിസേഡ് വാഹനത്തെ അടിസ്ഥാനമാക്കിയാണ് ജിവി80 എസ്‌യുവി നിര്‍മ്മിക്കുന്നത്. താരതമ്യേന ചെറിയ വാഹനമായ ജിവി70 ആയിരിക്കും രണ്ടാമത്തെ എസ്‌യുവി. അടുത്ത തലമുറ ഹ്യുണ്ടായ് ടൂസോണ്‍ കോംപാക്റ്റ് എസ്‌യുവിയുടെ അതേ പ്ലാറ്റ്‌ഫോം ജിവി70 എസ്‌യുവി ഉപയോഗിക്കും.

എസ്‌യുവി പുറത്തിറക്കി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതാണ് നല്ലതെന്ന് ജെനസിസ് വിശ്വസിക്കുന്നു. എസ്‌യുവികള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യയില്‍ ജനപ്രീതി എന്ന് കമ്പനി തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹന ഘടകങ്ങളും പാര്‍ട്‌സുകളും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനാണ് (സികെഡി രീതി) ജെനസിസ് മോട്ടോര്‍ ആലോചിക്കുന്നത്. ഇങ്ങനെയെങ്കില്‍ ചെലവുകളും വിവിധ മോഡലുകളുടെ വിലയും കുറയ്ക്കാമെന്ന് കമ്പനി കരുതുന്നു.

ഇന്ത്യയില്‍ ഏത് എസ്‌യുവി ആദ്യം അവതരിപ്പിക്കും എന്ന വിവരം ലഭ്യമല്ല. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് വേര്‍ഷന്‍ ലഭ്യമല്ല എന്നതിനാല്‍ ജിവി80 ഇന്ത്യയിലെത്താന്‍ സാധ്യതയില്ല. എന്നാല്‍ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ഓപ്ഷനുള്ള മോഡലാണ് ജിവി70. കൂടാതെ, ടൂസോണ്‍ ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോമില്‍ വാഹനം അസംബിള്‍ ചെയ്യാനുള്ള സൗകര്യം നിലവില്‍ ഇന്ത്യയില്‍ ഉണ്ട്.

അടുത്ത വര്‍ഷമോ അതിനുശേഷമോ ആയിരിക്കും ജെനസിസ് ബ്രാന്‍ഡ് ഇന്ത്യയിലെത്തുന്നത്. ആഗോളതലത്തില്‍ ജിവി80 അടുത്ത വര്‍ഷമാണ് പുറത്തിറക്കുന്നത്. അതിനുശേഷം അധികം വൈകാതെ ജിവി70 ആഗോള വിപണിയിലെത്തിക്കും. ഹ്യുണ്ടായുടെ ആഡംബര വാഹന വിഭാഗമായി 2015 നവംബറിലാണ് ജെനസിസ് മോട്ടോര്‍ സ്ഥാപിച്ചത്. ഹ്യുണ്ടായ് ജെനസിസ് എന്ന സെഡാന്‍ ജെനസിസ് ജി80 എന്ന് പേര് മാറ്റി അവതരിപ്പിക്കുകയായിരുന്നു.

Comments

comments

Categories: Auto
Tags: Genesis