ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 അവതരിപ്പിച്ചു

ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 അവതരിപ്പിച്ചു

ഇന്ത്യ എക്‌സ് ഷോറൂം വില 54.90 ലക്ഷം രൂപ

ന്യൂഡെല്‍ഹി : ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 54.90 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ഡുകാറ്റി 916 എന്ന ഫുള്ളി ഫെയേര്‍ഡ് സ്‌പോര്‍ട്ട് ബൈക്കിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 നിര്‍മ്മിക്കുന്നത്. ഈ ലിമിറ്റഡ് എഡിഷന്‍ പാനിഗാലെ വി4 ഈയിടെയാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്. ആകെ 500 യൂണിറ്റ് പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 മാത്രമായിരിക്കും ഇറ്റാലിയന്‍ ബ്രാന്‍ഡ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഒക്‌റ്റോബറില്‍ ഡീലര്‍ഷിപ്പുകളിലെത്തും.

54.90 ലക്ഷം രൂപ വില നിശ്ചയിച്ചതോടെ ഇന്ത്യയില്‍ ഏറ്റവും വിലയേറിയ വി4 വേര്‍ഷനാണ് ഈ ലിമിറ്റഡ് എഡിഷന്‍ മോഡല്‍. വി4 സ്‌പെഷാലെ, വി4 ആര്‍ മോഡലുകള്‍ക്ക് യഥാക്രമം 51.81 ലക്ഷം രൂപയും 51.87 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില.

സൂപ്പര്‍ബൈക്ക് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പുകള്‍ (എസ്ബികെ) ജയിച്ചവനായിരുന്നു 1994 മുതല്‍ 1998 വരെ നിര്‍മ്മിച്ച ഡുകാറ്റി 916. ആകെ 120 റേസുകളാണ് ഡുകാറ്റി 916 എസ്ബികെ ജയിച്ചത്. നിര്‍മ്മാതാക്കളുടെ എട്ട് ടൈറ്റിലുകളും റൈഡര്‍മാരുടെ ആറ് ടൈറ്റിലുകളും കരസ്ഥമാക്കി. ഇതില്‍ നാലെണ്ണം ഇംഗ്ലീഷുകാരനായ കാള്‍ ഫോഗാര്‍ട്ടി നേടിയതാണ്. ഡുകാറ്റി എസ്ബികെയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വിജയം നേടിയ ജോടിയാണ് കാള്‍ ഫോഗാര്‍ട്ടി-ഡുകാറ്റി 916 സഖ്യം. പ്രശസ്ത മോട്ടോര്‍സൈക്കിള്‍ ഡിസൈനറായ മാസിമോ തംബുരിനിയാണ് ഡുകാറ്റി 916 രൂപകല്‍പ്പന ചെയ്തത്.

1103 സിസി, വി4 എന്‍ജിന്‍ ഉള്‍പ്പെടെ ഡുകാറ്റി പാനിഗാലെ വി4 എസ് മോട്ടോര്‍സൈക്കിളിന്റെ മിക്ക മെക്കാനിക്കലുകളും 25 ആനിവേഴ്‌സാറിയോ 916 ഉപയോഗിക്കുന്നു. ഈ മോട്ടോര്‍ 214 എച്ച്പി കരുത്തും 124 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്നാല്‍ വി4 ആര്‍ ഉപയോഗിക്കുന്ന കുറേക്കൂടി സ്‌പോര്‍ട്ടിയായ ഫ്രെയിമിലാണ് 25 ആനിവേഴ്‌സാറിയോ 916 നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ് മോഡലില്‍നിന്ന് വ്യത്യസ്തമായി 25 ആനിവേഴ്‌സാറിയോ 916 മോട്ടോര്‍സൈക്കിളില്‍ ഡ്രൈ ക്ലച്ച് നല്‍കി. ഡുകാറ്റി ക്വിക്ക് ഷിഫ്റ്റ് ഇവോ 2, ഡുകാറ്റി ട്രാക്ഷന്‍ കണ്‍ട്രോള്‍ ഇവോ 2 തുടങ്ങിയ ട്രാക്ക് ആവശ്യാര്‍ത്ഥമുള്ള ഇലക്ട്രോണിക്‌സും നല്‍കി.

1999 വേള്‍ഡ് സൂപ്പര്‍ബൈക്ക് ചാമ്പ്യന്‍ഷിപ്പ് ജയിച്ച ഡുകാറ്റി 996 എസ്ബികെ മോട്ടോര്‍സൈക്കിളിനെ അനുസ്മരിപ്പിക്കുന്നതാണ് കളര്‍ സ്‌കീം. ഫോര്‍ജ്ഡ് മാഗ്നീഷ്യം മാര്‍ഷെസിനി റേസിംഗ് വീലുകളിലാണ് ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 വരുന്നത്. ടൈറ്റാനിയം അക്രപോവിക് എക്‌സ്‌ഹോസ്റ്റ് നല്‍കിയിരിക്കുന്നു. കാര്‍ബണ്‍ ഫൈബറും ബില്ലറ്റ് അലുമിനിയവും ഉപയോഗിച്ചുള്ള ഘടകങ്ങള്‍ നിരവധിയാണ്.

കളക്‌റ്റേഴ്‌സ് ഐറ്റം ആയതിനാല്‍, ബൈക്ക്, ഫ്രെയിം, എന്‍ജിന്‍ നമ്പറുകള്‍ വ്യക്തമാക്കുന്ന ആധികാരികത സര്‍ട്ടിഫിക്കറ്റ് കൂടെ ലഭിക്കും. ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്‌സാറിയോ 916 ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളിന്റെ ബൈക്ക് നമ്പര്‍ 5 ലേലം ചെയ്യും. ഈയിടെ പൈക്‌സ് പീക്ക് റേസിനിടെ മരിച്ച 36 കാരനായ കാര്‍ലിന്‍ ഡുന്നെയുടെ റേസ് നമ്പറാണ് 5. ലേലത്തില്‍ നിന്നുള്ള മുഴുവന്‍ തുകയും കാര്‍ലിന്‍ ഡുന്നെയുടെ പേരില്‍ ആരംഭിക്കുന്ന ഫണ്ടിലേക്ക് നല്‍കും.

Comments

comments

Categories: Auto