യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയെ ആജ്ഞാകേന്ദ്രമാക്കി

യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ അസാന്‍ജ് ഇക്വഡോര്‍ എംബസിയെ ആജ്ഞാകേന്ദ്രമാക്കി

അസാന്‍ജുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്ക് ഒരു chill effect ഉണ്ട്. വിറയലുണ്ടാക്കുന്ന തണുപ്പായിരിക്കും ആ റിപ്പോര്‍ട്ടിനുണ്ടാവുക. അത് വായിക്കുമ്പോള്‍ ക്രൈം ത്രില്ലര്‍ കഥ പോലെ അനുഭവപ്പെടും. അത്രയ്ക്കും ഉദ്വേഗഭരിതമാണ്. യുഎസ് നിരവധി രാജ്യങ്ങളില്‍ നടത്തിയ സൈനികവും അല്ലാത്തതുമായ ഇടപെടലുകളും ചാരപ്പണികളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടതോടെയാണ് അസാഞ്ച് ലോക ശ്രദ്ധ നേടിയത്. വിക്കിലീക്‌സ് എന്ന വിസില്‍ ബ്ലോവര്‍ വെബ്‌സൈറ്റിലൂടെയായിരുന്നു വിവരങ്ങള്‍ പുറത്തുവിട്ടത്. വിക്കിലീക്‌സിന്റെ പത്രാധിപരായ അസാന്‍ജിന്റെ പോരാട്ടം അമേരിക്കയ്ക്ക് എന്നും തലവേദനയായിരുന്നു. ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് അസാന്‍ജിന്റെ റഷ്യന്‍ ബന്ധത്തെ കുറിച്ചുള്ളതാണ്. 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അസാന്‍ജ് റഷ്യയുമായി ചേര്‍ന്നു നടത്തിയ ഇടപെടലിനെ കുറിച്ചുള്ളതാണ്.

2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള മാസങ്ങളില്‍ ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ നിന്നും റഷ്യന്‍ സഹായത്തോടെ ജൂലിയന്‍ അസാഞ്ചിനു വിക്കിലീക്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞത് എങ്ങനെയായിരുന്നെന്നു വെളിപ്പെടുത്തുന്ന വിപുലമായ നിരീക്ഷണ റിപ്പോര്‍ട്ടുകളും (surveillance reports) സുരക്ഷാ രേഖകളും (security logs) സിഎന്‍എന്‍ മാധ്യമം പുറത്തുവിട്ടു. ഇക്വഡോര്‍ സര്‍ക്കാര്‍ നിയോഗിച്ച, സ്വകാര്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്പാനിഷ് സുരക്ഷാ കമ്പനിയായ യുസി ഗ്ലോബല്‍ സമാഹരിച്ച റിപ്പോര്‍ട്ടാണു പുറത്തുവിട്ടിരിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഹാക്ക് ചെയ്‌തെന്നു കരുതുന്ന വസ്തുക്കള്‍ റഷ്യന്‍ ചാരന്മാരില്‍നിന്നും അസാഞ്ചിന് ഇക്വഡോറിന്റെ എംബസിയില്‍ വച്ച് ലഭിച്ചിരുന്നെന്നു വിശദമാക്കുന്നുണ്ട് ഈ റിപ്പോര്‍ട്ട്. 2016-ലെ യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷണം നടത്തിയ എഫ്ബിഐ സ്‌പെഷ്യല്‍ കൗണ്‍സല്‍ റോബേര്‍ട്ട് മ്യുളറും ഈ സാധ്യതയെ കുറിച്ച് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.

യുസി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത് അസാഞ്ച് 2016-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിനിടെ റഷ്യന്‍ ഹാക്കര്‍മാരുമായും, മറ്റ് ലോകോത്തര ഹാക്കര്‍മാരുമായും കൂടിക്കാഴ്ച നടത്തിയെന്നാണ്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ വിനാശകരമെന്നു വിശേഷിപ്പിക്കുന്ന നിരവധി വെളിപ്പെടുത്തലുകള്‍ വിക്കിലീക്‌സ് നടത്തിയെന്നും, അതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയെ താറുമാറാക്കാനുള്ള റഷ്യയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജം ലഭിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. അസാഞ്ച് ഇക്വഡോറിയന്‍ എംബസിയെ ഒരു കമാന്‍ഡ് സെന്ററാക്കി മാറ്റിയെന്ന് റിപ്പോര്‍ട്ട് വിവരിക്കുന്നു. ഏഴ് വര്‍ഷത്തോളം താമസിച്ച ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ വച്ചു ചില റിലീസുകള്‍ അഥവാ പ്രസിദ്ധീകരിക്കേണ്ട കാര്യങ്ങള്‍ അസാഞ്ച് വ്യക്തിപരമായി കൈകാര്യം ചെയ്തിരുന്നെന്നും എംബസിയിലെ സുരക്ഷാ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. 2016 നവംബറില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അസാന്‍ജിന്റെ കര്‍ത്തവ്യത്തെക്കുറിച്ചും അദ്ദേഹം പുലര്‍ത്തിയ കൂറിനെ കുറിച്ചും യുസി ഗ്ലോബല്‍ ഒരു വിലയിരുത്തല്‍ നടത്തുകയുണ്ടായി. ആ വിലയിരുത്തലില്‍ റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി അസാഞ്ചിനു വളരെയടുത്ത ബന്ധമുണ്ടെന്നു ബോധ്യപ്പെട്ടു. എന്നാല്‍ ജന്മം കൊണ്ട് ഓസ്‌ട്രേലിയക്കാരനായ അസാഞ്ച്, താന്‍ ക്രെംലിനു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണത്തെ എല്ലായ്‌പ്പോഴും നിഷേധിച്ചിരുന്നു. അതിനു പുറമേ വിക്കിലീക്‌സിലൂടെ പുറത്തു വന്ന വിവരങ്ങളുടെ ഉറവിടം റഷ്യന്‍ സര്‍ക്കാരല്ലെന്നു വാദിക്കുകയും ചെയ്തിരുന്നു. 2016-ലെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ കുറിച്ചു വിനാശകരമായ വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ അത് അന്ന് പ്രസിദ്ധീകരിക്കുമായിരുന്നുവെന്നാണ് അസാഞ്ച് പറഞ്ഞിരുന്നത്.

2012 ജൂണ്‍ മാസത്തിലാണ് ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ അസാഞ്ച് രാഷ്ട്രീയ അഭയം തേടിയത്. ലൈംഗികാതിക്രമ ആരോപണം നേരിടുന്ന സ്വീഡനു തന്നെ കൈമാറുന്നത് ഒഴിവാക്കാനായിരുന്നു അസാഞ്ച് അന്ന് ഇക്വഡോറിന്റെ നയതന്ത്ര കാര്യാലയത്തില്‍ രാഷ്ട്രീയാഭയം തേടിയത്. അന്ന് അസാഞ്ചിന് അഭയം നല്‍കാന്‍ തീരുമാനിച്ചതിലൂടെ ഇക്വഡോറിന്റെ പ്രസിഡന്റ് റാഫേല്‍ കൊറയക്ക് ലോകവേദിയില്‍ കൈയ്യടി ലഭിച്ചിരുന്നു. ലാറ്റിനമേരിക്കയിലെ അമേരിക്കന്‍ വിരുദ്ധ ചേരിയുടെ നേതൃസ്ഥാനത്തേയ്ക്ക് ഉയരുകയും ചെയ്തിരുന്നു. അസാഞ്ചിനോട് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്ന പ്രസിഡന്റായിരുന്ന കൊറയ. ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ കഴിഞ്ഞ ആദ്യ നാളുകളില്‍ അസാഞ്ചിനെ ഇക്വഡോറിലേക്കു കൊണ്ടുപോകാന്‍ വരെ ശ്രമിച്ചിരുന്നു. എന്നാല്‍ ബ്രിട്ടന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

എംബസിയിലെ ഏതാനും മുറികളില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കിലും വളരെയധികം അധികാരം പ്രയോഗിക്കാന്‍ അസാഞ്ചിനു കഴിഞ്ഞിരുന്നതായിട്ടാണ് റിപ്പോര്‍ട്ട് പറയുന്നത്. എംബസിയിലെ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അതിവേഗ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ഫോണ്‍ സേവനം, പ്രൊഫഷണല്‍ സന്ദര്‍ശകര്‍ക്കും വ്യക്തിഗത അതിഥികള്‍ക്കും പതിവായി പ്രവേശനം അനുവദിക്കല്‍ എന്നിവ അസാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം വിക്കിലീക്‌സ് സജീവമായി നിലനിര്‍ത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയെന്ന് രേഖകള്‍ പറയുന്നു. തിരിച്ചറിയല്‍ രേഖ കാണിക്കാതെ അല്ലെങ്കില്‍ സുരക്ഷാ പരിശോധനകള്‍ നടത്താതെ എംബസിയില്‍ പ്രവേശനം നല്‍കേണ്ട ആളുകളുടെ പ്രത്യേക പട്ടിക അസാഞ്ച് നല്‍കുകയും ചെയ്തിരുന്നു. സന്ദര്‍ശക പട്ടികയില്‍നിന്നും (visitor log) പേരുകള്‍ ഇല്ലാതാക്കാനുള്ള അധികാരം പോലും അസാഞ്ചിന് ലഭിച്ചിരുന്നു. നിരീക്ഷണ ക്യാമറ കണ്ണുകളില്‍നിന്നും ഒഴിവാകാന്‍ അസാഞ്ച് അതിഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നത് സ്ത്രീകളുടെ ബാത്ത്‌റൂമില്‍ വച്ചായിരുന്നെന്നും യുസി ഗ്ലോബലിന്റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് വളരെ സെന്‍സിറ്റീവായ മീറ്റിംഗുകള്‍ അസാഞ്ചുമായി നടന്നിരുന്നെന്നും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഇന്നും രഹസ്യമായി തന്നെ നിലനില്‍ക്കുന്നുവെന്നുമാണ്. അസാഞ്ച് എംബസിയില്‍ താമസിച്ച കാലങ്ങളില്‍ ഉടനീളം ഇക്വഡോര്‍ മൂന്നു സുരക്ഷാ കമ്പനികളെ നിരന്തരം നിരീക്ഷണത്തിനായി നിയോഗിച്ചിരുന്നു. ഇക്കാര്യം അസാഞ്ചിനും നല്ലപോലെ അറിയാം. നിരീക്ഷണത്തെ മറികടക്കാന്‍ അഥവാ സ്‌നൂപ്പിംഗിനു (ആവശ്യമില്ലാത്ത കാര്യങ്ങളില്‍ തലയിടുക) തടസം വരുത്താന്‍ അസാഞ്ച് സ്വന്തമായി റെക്കോഡിംഗ് ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും ശബ്ദ യന്ത്രങ്ങള്‍ (noise machines) ഉപയോഗിക്കുകയും ചെയ്തു.

അസാഞ്ചിന്റെ റഷ്യന്‍ ബന്ധം

2016 ജൂണ്‍ മാസമായപ്പോഴേക്കും ട്രംപും, ഹിലരി ക്ലിന്റണും യഥാക്രമം റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികളുടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ യഥാര്‍ഥ നോമിനികളായി ഉയര്‍ന്നുവന്നിരുന്നു. 2016 നവംബറില്‍ നടക്കാനിരുന്ന തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ അവര്‍ തയാറെടുപ്പുകളും തുടങ്ങിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു നിര്‍ണായക വഴിത്തിരിവുണ്ടായി. തങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ടെന്നു ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചതോടെയാണു വഴിത്തിരിവുണ്ടായത്. സംഭവത്തില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കമ്മിറ്റി റഷ്യയെ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇത് നാടകമാണെന്നു പറഞ്ഞ് ട്രംപ് സംഭവത്തെ തള്ളിക്കളയുകയും ചെയ്തു. ഈ സമയത്ത് പടിഞ്ഞാറന്‍ ലണ്ടനിലെ നൈറ്റ്‌സ്ബ്രിഡ്ജിലുള്ള ഇക്വഡോറിന്റെ എംബസിയില്‍ അസാഞ്ച് തിരക്കിലായിരുന്നു. ആ മാസം, (2016 ജൂണ്‍) അസാഞ്ചിന്റെ സുരക്ഷാ സംഘത്തിലെ അംഗങ്ങള്‍ സന്ദര്‍ശകരെ കൈകാര്യം ചെയ്യാന്‍ ഓവര്‍ടൈം നില്‍ക്കേണ്ടതായി വന്നു. ചുരുങ്ങിയത് 75 പേരെങ്കിലും അസാഞ്ചിനെ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ട് വിശദമാക്കുന്നു. ഈ എണ്ണമെന്നു പറയുന്നത് പ്രതിമാസം അസാഞ്ചിനെ സന്ദര്‍ശിക്കുന്നവരുടെ ശരാശരിയുടെ ഇരട്ടിയോളം വരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അസാഞ്ചിന്റെ എംബസിയിലെ സുരക്ഷയ്ക്കായി ഇക്വഡോര്‍ 2012 മുതല്‍ 2018 വരെ 5.8 ദശലക്ഷം ഡോളറാണു ചെലവഴിച്ചത്. മെഡിക്കല്‍, ഫുഡ് & ലോണ്‍ട്രി എന്നിവയ്ക്കായി നാല് ലക്ഷം ഡോളറും ഇക്വഡോര്‍ ചെലവഴിച്ചു.

2016 ജൂണില്‍ റഷ്യന്‍ ഹാക്കര്‍മാരുമായി വിക്കിലീക്‌സ് രഹസ്യമായി ആശയവിനിമയം നടത്തിയിരുന്നു. മാത്രമല്ല, ഹിലരി ക്ലിന്റനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അസാഞ്ച് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇക്വഡോര്‍ എംബസിയിലെ സന്ദര്‍ശക രേഖകള്‍ പറയുന്നത്, റഷ്യക്കാരുമായും ക്രെംലിനുമായും ബന്ധമുള്ളവരുമായി അസാഞ്ച് 2016 ജൂണ്‍ മാസത്തില്‍ ചുരുങ്ങിയത് ഏഴ് മീറ്റിംഗുകളെങ്കിലും നടത്തിയിരുന്നെന്നാണ്. ഇതില്‍ രണ്ട് കൂടിക്കാഴ്ചകള്‍ റഷ്യന്‍ വംശജയായ യാന മാക്‌സിമോവ എന്ന സ്ത്രീയുമായിട്ടായിരുന്നു. ഇവര്‍ 2016- ജൂണില്‍ ലണ്ടനിലെ ഇക്വഡോറിന്റെ എംബസി രണ്ട് തവണയാണു സന്ദര്‍ശിച്ചത്.

എംബസിയുടെ കോണ്‍ഫറന്‍സ് റൂമില്‍ ഇവര്‍ അസാഞ്ചുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആര്‍ടി എന്ന ക്രെംലിന്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനത്തിന്റെ അഞ്ച് മുതിര്‍ന്ന ജീവനക്കാരുമായിട്ടായിരുന്നു 2016 ജൂണില്‍ അസാഞ്ച് നടത്തിയ അഞ്ച് മീറ്റിംഗുകള്‍. 2016 യുഎസ് തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ വേണ്ടി ആര്‍ടി എന്ന റഷ്യന്‍ മാധ്യമ സ്ഥാപനം വിക്കിലീക്‌സുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നെന്നാണു യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ആര്‍ടി എന്ന മാധ്യമ സ്ഥാപനവുമായി അസാഞ്ചിനുള്ള ബന്ധം 2012 മുതലുള്ളതാണ്. അന്ന് ആര്‍ടിയില്‍ അസാഞ്ച് ടിവി ഷോ സംഘടിപ്പിച്ചിരുന്നു. 2016 ജൂണില്‍ ആര്‍ടിയുടെ ലണ്ടന്‍ ബ്യൂറോ ചീഫ് നിക്കോളേ ബൊഗാചികിന്‍ അസാഞ്ചിനെ രണ്ട് തവണ സന്ദര്‍ശിച്ചിരുന്നു. ഒരു സന്ദര്‍ശനത്തിനിടെ അസാഞ്ചിന് ഒരു യുഎസ്ബി ഡ്രൈവും കൈമാറിയിരുന്നു. അഞ്ച് മിനിറ്റ് ദൈര്‍ഘ്യം മാത്രമുണ്ടായിരുന്ന ഈ സന്ദര്‍ശനം തിടുക്കത്തില്‍ ക്രമീകരിച്ചതായിരുന്നു. സന്ദര്‍ശനത്തിന് ഇക്വഡോര്‍ അംബാസഡറില്‍നിന്നും അവസാന നിമിഷമാണ് അനുമതി വാങ്ങിക്കുകയും ചെയ്തത്.

ഇക്വഡോര്‍ എംബസിയിലെ കലാപം

ഇക്വഡോറിന്റെ എംബസിയിലിരുന്ന് അസാഞ്ച് അക്ഷരാര്‍ഥത്തില്‍ ഒരു വലിയ കലാപം തന്നെയായിരുന്നു നടത്തിയത്. 2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ, അസാഞ്ച്, റഷ്യയുടെ ഹാക്കര്‍മാര്‍ മോഷ്ടിച്ച ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ-മെയ്‌ലുകള്‍ ഇക്വഡോറിന്റെ എംബസിയിലിരുന്നു വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചു. ജിആര്‍യു എന്ന റഷ്യയുടെ മിലിട്ടറി ഇന്റലിജന്‍സ് ഏജന്‍സി ഗുസിഫര്‍ 2.0, ഡിസി ലീക്ക്‌സ് (Guccifer 2.0, DCLeaks) എന്നീ ഓണ്‍ലൈന്‍ വിലാസത്തില്‍ വിക്കിലീക്‌സിനു ഹാക്ക് ചെയ്ത ഫയലുകള്‍ കൈമാറിയിരുന്നെന്ന് എഫ്ബിഐ ഡയറക്ടര്‍ മ്യൂളറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനു പുറമേ ജര്‍മന്‍ ഹാക്കറായ ആന്‍ഡ്രു മഗുന്‍ വഴിയും വിക്കിലീക്‌സില്‍ പ്രസിദ്ധീകരിക്കുന്നതിനായി അസാഞ്ചിനു ഫയലുകള്‍ എത്തിച്ചിരുന്നെന്നു സംശയിക്കുന്നതായി മ്യൂളര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അസാഞ്ചും ആന്‍ഡ്രു എന്ന ജര്‍മന്‍ ഹാക്കറും വര്‍ഷങ്ങളായി തമ്മില്‍ പരിചയമുള്ളവരാണ്. അസാഞ്ച് 2012-ല്‍ റഷ്യന്‍ മാധ്യമമായ ആര്‍ടിയില്‍ ടിവി ഷോ അവതരിപ്പിച്ചിരുന്നപ്പോള്‍ അതില്‍ അതിഥിയായി ആന്‍ഡ്രു എത്തിയിരുന്നു. ആന്‍ഡ്രു മുഖ്യധാര ടെക്‌നോളജി ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യവും ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ ഭരിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഐസിഎഎന്‍എന്നിന്റെ ബോര്‍ഡ് അംഗവുമായിരുന്നു ആന്‍ഡ്രു. യുസി ഗ്ലോബല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ആന്‍ഡ്രു 2016 യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ചുരുങ്ങിയത് 12 തവണയെങ്കിലും അസാഞ്ചിനെ ലണ്ടനിലെ ഇക്വഡോറിന്റെ എംബസിയില്‍ സന്ദര്‍ശിച്ചിരുന്നെന്നാണ്. ആന്‍ഡ്രുവിനെ ബേണ്‍ഡ് ഫിക്‌സ് എന്നൊരു ജര്‍മന്‍ ഹാക്കറും അനുഗമിച്ചിരുന്നതായും യുസി ഗ്ലോബല്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.

അസാഞ്ചിനെ അറസ്റ്റ് ചെയ്യുന്നു

ഹാക്കര്‍മാര്‍ മോഷ്ടിച്ച ഇ-മെയ്‌ലുകള്‍ വിക്കിലീക്‌സിന് ലഭിച്ചിരുന്നെന്നു വളരെക്കാലം മുമ്പ് മുതല്‍ തന്നെ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷണം നടത്തിയ മുള്ളറും കുറ്റപത്രത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംശയിക്കപ്പെടുന്നവരെല്ലാം തന്നെ റഷ്യയില്‍ സുരക്ഷിതമായി കഴിയുകയാണ്. 2017-ജനുവരിയിലാണു യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റത്. ട്രംപ് അധികാരമേറ്റതോടെ അസാഞ്ചിന് ഇക്വഡോറിന്റെ എംബസിയില്‍ വിച്ഛേദിച്ച ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചു നല്‍കി. ഹാക്കര്‍മാരുമായും പ്രമുഖ റഷ്യന്‍ പ്രഭുവിനെ പ്രതിനിധീകരിക്കുന്ന ഒരു അമേരിക്കന്‍ ലോബിയിസ്റ്റുമായും അസാഞ്ച് കൂടിക്കാഴ്ച തുടര്‍ന്നു. 2017 മെയ് മാസം ഇക്വഡോറില്‍ റാഫേല്‍ കൊറയയുടെ പ്രസിഡന്റ് കാലാവധി അവസാനിച്ചു. ലെനിന്‍ മൊറേനോ പുതിയ പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റായതോടെ മൊറേനോ കൊറയയ്‌ക്കെതിരേ തിരിഞ്ഞു. കൊറയയുമായി വളരെയടുത്ത ബന്ധം സ്ഥാപിച്ചിരുന്ന അസാഞ്ചിന് ഇക്വഡോര്‍ നല്‍കി വന്നിരുന്ന രാഷ്ട്രീയ അഭയം 2019 ഏപ്രിലില്‍ അസാധുവാക്കാനും മൊറേനോ തീരുമാനിച്ചു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന നിര്‍ദേശം അസാഞ്ച് ലംഘിച്ചതായും മൊറേനോ ആരോപിപച്ചു. രാഷ്ട്രീയ അഭയം 2019 ഏപ്രിലില്‍ അസാധുവാക്കാന്‍ ഇക്വഡോര്‍ തീരുമാനിച്ചതോടെ ബ്രിട്ടീഷ് പൊലീസിന് അസാഞ്ചിനെ എംബസിയില്‍നിന്നും ബലമായി നീക്കം ചെയ്യാനുള്ള വഴിയൊരുക്കി. ഇപ്പോള്‍ ബ്രിട്ടനിലെ തടവറയില്‍ കഴിയുന്ന അസാഞ്ചിനെതിരേ നിരവധി കുറ്റങ്ങളാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. ഇതിന്റെ വിചാരണയ്ക്കായി ഉടന്‍ തന്നെ അസാഞ്ചിനെ അമേരിക്കയ്ക്ക് ബ്രിട്ടന്‍ കൈമാറുമെന്ന് ഉറപ്പായിരിക്കുന്നു. എങ്കിലും അസാഞ്ചിന് റഷ്യയില്‍ ഇപ്പോഴും മിത്രങ്ങളും ഉന്നത ബന്ധങ്ങളുമുണ്ടെന്നതു മറ്റൊരു യാഥാര്‍ഥ്യമാണ്.

അസാന്‍ജ് ഇപ്പോള്‍ എവിടെയാണ് ?

ഈ വര്‍ഷം ഏപ്രില്‍ 11-നാണ് അസാന്‍ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്വഡോറിന്റെ ലണ്ടനിലുള്ള എംബസിയില്‍ 2012 ജൂണ്‍ മുതല്‍ രാഷ്ട്രീയ അഭയാര്‍ഥിയായി കഴിയുകയായിരുന്നു. എന്നാല്‍ രാഷ്ട്രീയ അഭയം അസാധുവാക്കാന്‍ ഇക്വഡോര്‍ തീരുമാനിച്ചതോടെയാണ് ബ്രിട്ടീഷ് പൊലീസ് 47-കാരനായ അസാഞ്ചിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇംഗ്ലണ്ടിലെ ബെല്‍മാഷ് തടവറയില്‍ കഴിയുകയാണ് അസാഞ്ച്.

അസാന്‍ജ് എന്ന ആക്ടിവിസ്റ്റ്

2010-ല്‍ മൂന്ന് ലക്ഷത്തിലധികം വരുന്ന പേജുകള്‍ പുറത്തുവിട്ടു കൊണ്ടാണ് അസാഞ്ച് ലോകശ്രദ്ധ നേടിയത്. ഈ പേജുകളില്‍ പ്രധാനമായും അമേരിക്ക വിവിധ രാജ്യങ്ങളിലെ എംബസി വഴി നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ വിവരങ്ങളായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ സൈനിക ഇടപെടല്‍, സഖ്യരാജ്യങ്ങളിലെ തലവന്മാരെ കുറിച്ച് മോശം രീതിയില്‍ അമേരിക്കന്‍ നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങനെ പലതും ഉണ്ടായിരുന്നു. ഇത് അമേരിക്കയ്ക്ക് ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ വലിയ തോതില്‍ നാണക്കേട് ഉണ്ടാക്കിയ സംഭവമായിരുന്നു. കേബിള്‍ഗേറ്റ് വിവാദമെന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. അസാഞ്ചിനെ സഹായിച്ച മുന്‍ യുഎസ് സൈനികന്‍ ബ്രാഡ്‌ലി മാനിംഗിനെ രഹസ്യം ചോര്‍ത്തി നല്‍കിയെന്ന കാരണത്താല്‍ അറസ്റ്റും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ അമേരിക്ക അസാഞ്ചിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. എസ്പിയനേജ് ആക്റ്റ് പ്രകാരമാണു കുറ്റം ചുമത്തിയിരിക്കുന്നത്. കേസിന്റെ വിചാരണയ്ക്കായി അസാഞ്ചിനെ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്ക.

Comments

comments

Categories: Top Stories