ഗ്രോഫേഴ്‌സില്‍ അബുദാബി കമ്പനി 10 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

ഗ്രോഫേഴ്‌സില്‍ അബുദാബി കമ്പനി 10 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചു

ഗ്രോഫേഴ്‌സിന്റെ എഫ് ക്ലാസിലുള്ള 191,688 ഓഹരികള്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍സി ഏറ്റെടുക്കും

അബുദാബി: ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗ്രോസറി സംരംഭമായ ഗ്രോഫേഴ്‌സില്‍ അബുദാബി കാപ്പിറ്റല്‍ ഗ്രൂപ്പിന്റെ(എഡിസിജി) ഉപസംരംഭമായ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എല്‍എല്‍സി 10 മില്യണ്‍ ഡോളറോളം തുക നിക്ഷേപിച്ചു. ഗ്രോഫേഴ്‌സിലെ 191,688 ഓഹരികള്‍ ഏറ്റെടുക്കുന്നതിനായാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് 9.99 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയത്.

അബുദാബി ആസ്ഥാനമായുള്ള വന്‍കിട സ്വകാര്യ നിക്ഷേപ കമ്പനിയാണ് എഡിസിജി. കഴിഞ്ഞിടെ ഗ്രോഫേഴ്‌സ് നടത്തിയ നിക്ഷേപ സമാഹരണ പരിപാടിയുടെ ഭാഗമായാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗ്രോസറി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയത്. നിക്ഷേപ നടപടികള്‍ കഴിഞ്ഞ ആഴ്ച പൂര്‍ത്തിയായതായാണ് വിവരം. ഗ്രോഫേഴ്‌സിലെ എഫ് ക്ലാസിലുള്ള ഓഹരികളാണ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിന് ലഭിച്ചിട്ടുള്ളത്.

ഐഐടി ബിരുദധാരികളായ അല്‍ബിന്ദര്‍ ദിന്‍ദ്‌സയിം സൗരഭ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് 2013ല്‍ രൂപം നല്‍കിയ ഗ്രോഫേഴ്‌സ് പലചരക്ക് സാധനങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി വില്‍പ്പന നടത്തുന്ന സംരംഭമാണ്. നിലവില്‍ ഇന്ത്യയിലെ 13ഓളം നഗരങ്ങളിലാണ് ഗ്രോഫേഴ്‌സിന്റെ പ്രവര്‍ത്തനം. വിപണിവൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം അനുസരിച്ച് മറ്റ് വിപണികളിലേക്ക് ചുവടുവെക്കുന്നതിന് വേണ്ടിയാണ് ഗ്രോഫേഴ്‌സ് പുതിയതായി ലഭിച്ച ഫണ്ടുകള്‍ ഉപയോഗിക്കുക. വിതരണ ശ്യംഖല വ്യാപിപ്പിക്കുന്നതിനൊപ്പം സംഭരണ കേന്ദ്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്താനും കമ്പനി ആലോചിക്കുന്നുണ്ട്. കൂടാതെ സ്വകാര്യ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രോഫേഴ്‌സ് ഈ വര്‍ഷം മേയില്‍ നടത്തിയ നിക്ഷേപ സമാഹരണത്തിലൂടെ സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടില്‍ നിന്നും 200 മില്യണ്‍ ഡോളര്‍ ഫണ്ട് സ്വീകരിച്ചിരുന്നു. വിഷന്‍ ഫണ്ടിനെ കൂടാതെ, നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, സെക്കോയ കാപ്പിറ്റല്‍ തുടങ്ങിയവരും മേയില്‍ നടന്ന എഫ് സിരീസ് നിക്ഷേപ സമാഹരണത്തില്‍ പങ്കെടുത്തു.

Comments

comments

Categories: Arabia

Related Articles