തായ്‌വാന് ആയുധം വില്‍ക്കുന്ന യുഎസ് കമ്പനികള്‍ക്ക് നിരോധനം: ചൈന

തായ്‌വാന് ആയുധം വില്‍ക്കുന്ന യുഎസ് കമ്പനികള്‍ക്ക് നിരോധനം: ചൈന

തായ്‌വാന് 2.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധങ്ങള്‍ കൈമാറാനുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യം

ബെയ്ജിംഗ്: തായ്‌വാന് ആയുധങ്ങള്‍ വില്‍ക്കാനുള്ള യുഎസ് പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികളെ തുടര്‍ന്ന് ചൈനയില്‍ ബിസിനസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഷീ ജിന്‍ പിംഗ് സര്‍ക്കാര്‍. തായ്‌വാന് 2.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആയുധങ്ങള്‍ കൈമാറാനുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരോധന ഭീഷണിയും മുഴക്കിയിരിക്കുന്നത്. ടാങ്കുകളും വ്യോമ പ്രതിരോധ മിസൈലുകളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളുമാണ് തായ്‌വാന് വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണെന്ന് ബെയ്ജിംഗ് കുറ്റപ്പെടുത്തുന്നു. തായ്‌വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യുഎസ് കമ്പനികളുപമായുള്ള എല്ലാ ബിസിനസ് ബന്ധങ്ങളും റദ്ദാക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ് ബെയ്ജിംഗില്‍ വ്യക്തമാക്കി.

108 അബ്രാം എംഐഎ2ടി ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളുമാണ് കരാറിലുള്‍പ്പെട്ടിരിക്കുന്നത്. പീരങ്കികളും വെടിക്കോപ്പുകളും കരാര്‍ പ്രകാരം യുഎസ് തായ്‌വാന് നല്‍കും. ജനറല്‍ ഡൈനാമിക്‌സും ഹണിവെല്ലുമാണ് ടാങ്ക് ഇടപാടിലുള്ള യുഎസ് കമ്പനികള്‍. റായ്ത്തിയോണ്‍ കമ്പനിയുടേതാണ് മിസൈലുകള്‍. ചൈനയില്‍ കാര്യമായ സാന്നിധ്യമുള്ള ഈ കമ്പനികളെ വിലക്കുമെന്ന ഭീഷണി മുഴക്കി കരാര്‍ അസാധുവാക്കാനാണ് ബെയ്ജിംഗിന്റെ ശ്രമം.

‘ഒരു ചൈന’ സിദ്ധാന്തത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും 1982 ല്‍ തായ്‌വാനുമായി ഒപ്പിട്ട ആറ് വിദേശകാര്യ കരാറുകള്‍ പ്രകാരം ദ്വീപ് രാഷ്്ട്രത്തെ പിന്തുണക്കേണ്ടത് യുഎസിന്റെ ബാധ്യതയാണ്. അതേസമയം തായ്‌വാനെ പ്രത്യേക രാജ്യമായി അംഗീകരിക്കുന്ന രാഷ്ട്രങ്ങളുമായി ചൈന നയതന്ത്ര ബന്ധം വെച്ചുപുലര്‍ത്തില്ല. വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കെ തായ്‌വാനില്‍ പുതിയ പോരാട്ടമുഖം തുറന്നാല്‍ അത് സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Categories: FK News, Slider
Tags: Arms, Weapon