ഉജ്ജ്വല യോജനയില്‍ തുടരുന്നത് 86% പേര്‍

ഉജ്ജ്വല യോജനയില്‍ തുടരുന്നത് 86% പേര്‍

പിഎംയുവൈ നടപ്പിലാക്കിയശേഷം രാജ്യത്ത് ആസ്ത്മയും ശ്വാസം മുട്ടലും പോലെയുള്ള രോഗങ്ങള്‍ 20% കുറഞ്ഞു

ന്യൂഡെല്‍ഹി: പ്രധാന്‍മന്ത്രി ഉജ്ജ്വല യോജനയുടെ (പിഎംയുവൈ) കീഴില്‍ സൗജന്യ പാചക വാതക കണക്ഷന്‍ ലഭിച്ചവരില്‍ 86 ശതമാനം പേരും രണ്ടാം തവണയും എല്‍പിജി സിലിണ്ടര്‍ വാങ്ങിക്കൊണ്ട് പദ്ധതിയുടെ ഗുണഭോക്താക്കളായി തുടരുന്നതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. എല്‍പിജി വിതരണം സുഗമമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് ലഭ്യത വര്‍ധിപ്പിക്കാനുമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എണ്ണക്കമ്പനികള്‍ 9,000 ല്‍ അധികം എല്‍പിജി ഡീലര്‍ഷിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു. പിഎംയുവൈയുടെ ഗുണഭോക്താക്കള്‍ക്ക് അര്‍ഹമായ സബ്‌സിഡി പഹല്‍ സ്‌കീമിനു കീഴില്‍ നേരിട്ട് അവരുടെ ബാങ്ക് എക്കൗണ്ടുകളില്‍ ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പിഎംയുവൈ ഗുണഭോക്താക്കള്‍ക്ക് സാധാരണ 14.2 കിലോ സിലിണ്ടറിനു പകരം ആവശ്യത്തിനനുസരിച്ച് അഞ്ച് കിലോയുടെ സിലിണ്ടറുകള്‍ വാങ്ങാനുള്ള സൗകര്യം നല്‍കുന്നുണ്ട്. ഈ മാസം എട്ടാം തീയതി വരെ എണ്ണ വിപണന കമ്പനികള്‍ രാജ്യത്ത് 7.34 കോടി എല്‍പിജി കണക്ഷനുകളാണ് വിതരണം ചെയ്തതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. പിഎംയുവൈ നടപ്പിലാക്കിയശേഷം രാജ്യത്ത് ആസ്ത്മയും ശ്വാസം മുട്ടലും പോലെയുള്ള രോഗങ്ങള്‍ 20 ശതമാനം കുറഞ്ഞെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News