ടാറ്റ ഹാരിയര്‍ പരിഷ്‌കരിച്ചു

ടാറ്റ ഹാരിയര്‍ പരിഷ്‌കരിച്ചു

എന്‍വിഎച്ച്, ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, സ്റ്റിയറിംഗ് റെസ്‌പോണ്‍സ്, ക്ലച്ച് എന്നിവ മെച്ചപ്പെടുത്തി

ന്യൂഡെല്‍ഹി : കോംപാക്റ്റ് എസ്‌യുവിയായ ടാറ്റ ഹാരിയര്‍ പരിഷ്‌കരിച്ചു. എന്‍വിഎച്ച് നില (നോയ്‌സ്, വൈബ്രേഷന്‍, ഹാര്‍ഷ്‌നെസ്), ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, സ്റ്റിയറിംഗ് റെസ്‌പോണ്‍സ്, ക്ലച്ച് എന്നിവയാണ് പരിഷ്‌കരിച്ചത്. ഓട്ടോ ജേര്‍ണലിസ്റ്റുകളും ഉപയോക്താക്കളും ഇക്കാര്യങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സൗജന്യ സര്‍വീസിന്റെ ഭാഗമായി ഡീലര്‍ഷിപ്പുകള്‍ ചില പാര്‍ട്‌സ് മാറ്റി നല്‍കിയിരുന്നു.

ആര്‍10.എക്‌സ് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്താണ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം പരിഷ്‌കരിച്ചത്. കാബിന്‍ കൂടുതല്‍ ശബ്ദരഹിതമാകുംവിധം എന്‍വിഎച്ച് മെച്ചപ്പെടുത്തി. 3,000 ആര്‍പിഎം കടന്നാല്‍ എന്‍ജിന്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്നതായി ഉടമകള്‍ പരാതിപ്പെട്ടിരുന്നു. എസ്‌യുവിയുടെ സ്റ്റിയറിംഗ് റെസ്‌പോണ്‍സും ടാറ്റ മോട്ടോഴ്‌സ് മെച്ചപ്പെടുത്തി. ഇനി കുറഞ്ഞ വേഗങ്ങളിലും സ്റ്റിയറിംഗ് കൂടുതല്‍ റെസ്‌പോണ്‍സീവ് ആയി അനുഭവപ്പെടും. കൂടാതെ, ക്ലച്ച് ആക്ഷന്‍ ഇപ്പോള്‍ കൂടുതല്‍ അനായാസമാക്കി. ഇടതു കാലിന് ചെറിയ പരിശ്രമം നടത്തിയാല്‍ മതി. സ്റ്റോപ്പ് ആന്‍ഡ് ഗോ ട്രാഫിക് സാഹചര്യങ്ങളില്‍ ഇത് കൂടുതല്‍ സഹായകരമാകും.

മേല്‍പ്പറഞ്ഞ പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയായിരിക്കും പുതിയ ബാച്ച് ടാറ്റ ഹാരിയര്‍ എസ്‌യുവികള്‍ അസംബ്ലി ലൈനില്‍നിന്ന് പുറത്തുവരുന്നത്. നിലവിലെ ഹാരിയറുകള്‍ സര്‍വീസിന് പോകുമ്പോള്‍ ശരിയാക്കിത്തരും. ഹാരിയറില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ കാര്യം ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് തുടങ്ങിയ പുതിയ എതിരാളികള്‍ വന്നതോടെ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ഹാരിയര്‍ പരിഷ്‌കരിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്.

Comments

comments

Categories: Auto
Tags: Tata Harrier