സൗദിയിലെ വികസനപദ്ധതികള്‍ മുന്‍ നിശ്ചയിച്ചതിനേക്കാള്‍ വേഗത്തില്‍: റിതേഷ് അഗര്‍വാള്‍

സൗദിയിലെ വികസനപദ്ധതികള്‍ മുന്‍ നിശ്ചയിച്ചതിനേക്കാള്‍ വേഗത്തില്‍: റിതേഷ് അഗര്‍വാള്‍

5,000 തൊഴിലുകളെന്ന വാഗ്ദാനം അടുത്ത വര്‍ഷം രണ്ടാംപാദത്തോടെ നടപ്പിലാക്കും

റിയാദ്: രാജ്യത്തെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലൊന്നും പ്രമുഖ ഹോട്ടല്‍ ശൃംഖലയുമായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് സൗദി അറേബ്യയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. നേരത്തെ നിശ്ചയിച്ച സമയപരിധിക്ക് മുമ്പ് തന്നെ സൗദി വിപണിയിലെ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കാനും 5,000ത്തോളം സൗദി പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കാനും സാധിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി സിഇഒ റിതേഷ് അഗര്‍വാള്‍ വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയില്‍ സൗദിയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി (പിഐഎഫ്) ഒപ്പിട്ട ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സൗദിയില്‍ ഒന്നിച്ചുള്ള നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പുതിയ മേഖലകളില്‍ വികസനം കൊണ്ടുവരാനും കമ്പനി സമ്മതം അറിയിച്ചിരുന്നു.

തന്ത്രപ്രധാനമായ വളര്‍ച്ച സമ്മാനിക്കുന്ന വിപണി ആയിട്ടാണ് ഒയോ സൗദിയെ കാണുന്നതെന്ന് റിതേഷ് അഗര്‍വാള്‍ അറിയിച്ചു. പിഐഎഫുമായുള്ള പങ്കാളിത്തം വിശേഷപ്പെട്ടതാണെന്നും അത് കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ആഗ്രഹിക്കുന്നതായും റിതേഷ് പറഞ്ഞു.

നിലവില്‍ റിയാദ്, ജിദ്ദ, ദമാം, തൈഫ്, ആഭ ഉള്‍പ്പടെ സൗദിയിലെ പത്തോളം നഗരങ്ങളില്‍ 80 കെട്ടിടങ്ങളും പാര്‍പ്പിടങ്ങളും ഒയോ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനോടകം തന്നെ നിരവധി സൗദി പൗരന്മാര്‍ക്ക് തൊഴിലുകള്‍ നല്‍കാന്‍ ഒയോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും റിതേഷ് അവകാശപ്പെട്ടു. ”അടുത്ത വര്‍ഷം അവസാനത്തോടെ 5,000ത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് ഞങ്ങള്‍ വാക്ക് നല്‍കിയത്. പക്ഷേ രണ്ടാംപാദത്തോട് കൂടി തന്നെ ഇതിലധികം തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് തോന്നുന്നത്” റിതേഷ് പറഞ്ഞു.

പ്രാദേശിക വികസനം

പശ്ചിമേഷ്യയില്‍ കൂടുതല്‍ വികസനപരിപാടികള്‍ പദ്ധതിയിടുന്നുണ്ടെന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ റിതേഷ് പറഞ്ഞു. ‘അടിസ്ഥാനപരമായി, അടിസ്ഥാനസൗകര്യമേഖലയിലെ നിക്ഷേപവും തൊഴില്‍ സൃഷ്ടിക്കലുമാണ് തങ്ങള്‍ രാജ്യങ്ങളില്‍ കൊണ്ടുവരുന്നത്. ചില രാജ്യങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനത്തില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മികച്ച അവസരങ്ങള്‍ക്കാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്. പക്ഷേ അടുത്തതായി ഏത് രാജ്യത്തായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് ഈ ഘട്ടത്തില്‍ പറയുക സാധ്യമല്ല’, റിതേഷ് പറഞ്ഞു.

2020ഓടെ യുഎഇയില്‍ കമ്പനിക്ക് കീഴിലുള്ള റൂമുകളുടെ എണ്ണം 12,000 ആയി വര്‍ധിപ്പിക്കുമെന്ന് ഒയോയുടെ പശ്ചിമേഷ്യന്‍ മേധാവി മനു മിത കഴിഞ്ഞ മാസം അറേബ്യന്‍ ബിസിനസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. യുഎഇയില്‍ 150 ഹോട്ടലുകളാണ് ഒയോയ്ക്ക് കീഴിലുള്ളത്. കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇതുവരെ 78 രാജ്യങ്ങളില്‍ നിന്നുള്ള 100,000 അതിഥികള്‍ക്ക് യുഎഇയില്‍ താമസം ഒരുക്കാന്‍ ഒയോയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് മനു മിത അന്ന് പറഞ്ഞിരുന്നു. 80 ഹോട്ടലുകളിലെ 1,700 റൂമുകളിലായാണ് ഇത്.

2013ലാണ്, ഇപ്പോള്‍ 25കാരനായ റിതേഷ് അഗര്‍വാള്‍ ഒയോ റൂംസ് സ്ഥാപിക്കുന്നത്. നിലവില്‍ ലോകത്തൊട്ടാകെ 881 നഗരങ്ങളില്‍ കമ്പനി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 23,000 ഹോട്ടലുകളില്‍ ഏതാണ്ട് 850,000 റൂമുകളാണ് ഒയോ കൈകാര്യം ചെയ്യുന്നത്. റൂമുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തില്‍ മുന്നാമത്തെ വലിയ ഹോട്ടല്‍ ശൃംഖലയായാണ് ഇന്ന് ഒയോ കണക്കാക്കപ്പെടുന്നത്.

ഉന്നത നിലവാരത്തിലുള്ള താമസ അനുഭവവും തക്കതായ വിലനിലവാരവും ഉള്ള വിപണികളിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് റിതേഷ് അവകാശപ്പെടുന്നു. 2023 ഓടെ മാരിയറ്റിനെ പിന്നിലാക്കി കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകുകയാണ് കമ്പനിയുടെ ലക്ഷ്യം.

Categories: Arabia