‘റോപ്‌ലെസ് മള്‍ട്ടി ലിഫ്റ്റ്’:ദുബായ് എക്‌സ്‌പോ 2020 ജര്‍മന്‍ പവലിയനിലെ മുഖ്യ ആകര്‍ഷണം

‘റോപ്‌ലെസ് മള്‍ട്ടി ലിഫ്റ്റ്’:ദുബായ് എക്‌സ്‌പോ 2020 ജര്‍മന്‍ പവലിയനിലെ മുഖ്യ ആകര്‍ഷണം

റോപിന് പകരം കാന്തിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവയുടെ പ്രവര്‍ത്തനം

ദുബായ്: ‘ചാര്‍ലീ ആന്‍ഡ് ദ ചോക്ലേറ്റ് ഫാക്ടറി’ എന്ന ഇംഗ്ലീഷ് സിനിമയില്‍ കാണിക്കുന്ന ‘ഗ്ലാസ് എലിവേറ്റര്‍’ പോലെ അല്ലെങ്കിലും സമാന്തരമായും കുത്തനെയും സഞ്ചരിക്കുന്ന ഒരു ലിഫ്റ്റ് ദുബായില്‍ വരുന്നു. ഹോളിവുഡ് സിനിമകളില്‍ മാത്രം സംഭവിക്കുന്ന ഒന്നായി കരുതപ്പെട്ടിരുന്ന ‘റോപ്‌ലെസ് മള്‍ട്ടിലിഫ്റ്റ്’ദുബായ് എക്‌സ്‌പോ 2020യുടെ ജര്‍മന്‍ പവലിയനിലെ മുഖ്യ ആകര്‍ഷണമായിരിക്കും.

ലിഫ്റ്റുകളില്‍ സാധാരണ ഉപയോഗിക്കുന്ന റോപിന് (കയര്‍) പകരമായി കാന്തിക സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടാകും ഒന്നിലധികം കാബിനുകളുള്ള ഈ ലിഫ്റ്റിന്റെ പ്രവര്‍ത്തനം. പരമ്പരാഗത രീതിയിലുള്ള ലിഫ്റ്റ് സംവിധാനത്തില്‍ നിന്നും വ്യത്യസ്തമായി ബഹുനില കെട്ടിടങ്ങള്‍ക്കുള്ളിലെ മെട്രോസ്‌റ്റേഷന്‍ പോലെയായിരിക്കും ഇതെന്ന് റോപ്‌ലെസ് ലിഫ്റ്റ് പ്രോജക്ടിന് പിന്നിലെ കമ്പനിയായ തൈസന്‍ക്രപ്പ് എലിവേറ്റര്‍ അറിയിച്ചു.

2017ലാണ് തൈസന്‍ക്രപ്പ് ഈ റോപ്‌ലെസ് മള്‍ട്ടി ലിഫ്റ്റ് ലോകത്തിന് മുമ്പാകെ അവതരിപ്പിച്ചത്. ജര്‍മനിയിലെ റോട്ട്‌വീലില്‍ നടത്തിയ പരീക്ഷണത്തിനിടെ ആയിരുന്നു അത്. ലിഫ്റ്റ് സംവിധാനത്തില്‍ കാബിന്‍ പൊക്കാനും താഴ്ത്താനും പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന റോപ് ഒഴിവാക്കുന്നതിലൂടെ ഒരേസമയം ഒന്നിലധികം കാബിനുകള്‍ ഉപയോഗിക്കാനുള്ള സൗകര്യം ഉണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് ലിഫറ്റിന് വേണ്ടിയുള്ള കാത്തിരിപ്പ് സമയം കുറയ്ക്കും. മാത്രമല്ല, നിരവധി കാബിനുകള്‍ ഓരേസമയം ലിഫ്റ്റ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തുക വഴി ഇതിനായി കെട്ടിടങ്ങള്‍ ഉപയോഗിക്കുന്ന ഊര്‍ജം കുറയ്ക്കാമെന്നും കമ്പനി അവകാശപ്പെടുന്നു.

ജപ്പാനിലെയും ജര്‍മനിയിലെയും ഹൈസ്പീഡ് ട്രെയിനുകളില്‍ ഉപയോഗിച്ചിട്ടുള്ള ‘മാഗലിവ്’ എന്നറിയപ്പെടുന്ന കാന്തിക സാങ്കേതികവിദ്യയാണ് മള്‍ട്ടിലിഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. റോപ് ഉപയോഗിച്ചുള്ള ലിഫ്റ്റ് സംവിധാനത്തിന് വേണ്ടിവരുന്ന അറ്റകുറ്റപ്പണികളും കാന്തിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ലിഫ്റ്റിന് ഉണ്ടായിരിക്കില്ലെന്നതും അതിന്റെ മേന്മയാണ്.

രണ്ട് സെറ്റ് കാന്തങ്ങളാണ് ഇവിടെ ഉപയോഗിക്കുന്നത്. ഒന്ന് കാബിനുകളെ ചലിപ്പിക്കുന്നതിനും മറ്റൊന്ന് കാബിനുകള്‍ തമ്മില്‍ വികര്‍ഷിക്കുന്നതിനും ഉപയോഗിക്കുന്നു.മള്‍ട്ടി ലിഫ്റ്റിന്റെ കടന്നുവരവോടെ കെട്ടിടങ്ങള്‍ക്കുള്ളിലെ ജനങ്ങളുടെ സഞ്ചാരത്തില്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Comments

comments

Categories: Arabia
Tags: Dubai expo

Related Articles