പ്രക്ഷോഭത്തില്‍ ജ്വലിച്ച് ഹോങ്കോംഗ്

പ്രക്ഷോഭത്തില്‍ ജ്വലിച്ച് ഹോങ്കോംഗ്

ബ്രിട്ടീഷ് ആധിപത്യത്തില്‍ മോചിതമായ ഹോങ്കോംഗ്, ചൈനയുടെ ആധിപത്യത്തിലേക്ക് വീണുപോകുന്നതൊഴിവാക്കാന്‍ ജനാധിപത്യ പ്രക്ഷോഭകരും സ്വാതന്ത്ര്യ വാദികളും കഴിഞ്ഞ ആഴ്ചകളില്‍ തെരുവിലിറങ്ങിയുപം പാര്‍ലമെന്റ് മന്ദിരം പിടിച്ചടക്കിയും പ്രതിഷേധിക്കുന്നത് ലോകം കണ്ടു. ആഗോള വ്യവസായ കേന്ദ്രങ്ങളിലൊന്നായ ഹോങ്കോംഗിനു മേല്‍ പിടി മുറുക്കാനുള്ള ചൈനയുടെ ശ്രമം ബ്രിട്ടീഷുകാരുമായി ഒപ്പിട്ട കരാറിലെ വാഗ്ദാനങ്ങളുടെ ലംഘനമാണെന്ന് ഹോങ്കോംഗ് ജനത ചൂണ്ടിക്കാട്ടുന്നു. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാര്‍, ചൈന പോലെ ജനാധിപത്യ-മനുഷ്യത്വ വിരുദ്ധ, ഏകാധിപത്യ സ്വഭാവമുള്ള രാഷ്ട്രവുമായി ഒപ്പിടാനാവില്ലെന്നാണ് ഹോങ്കോംഗ് ജനതയുടെ പ്രഖ്യാപനം

‘ഒരു രാജ്യം രണ്ട് വ്യവസ്ഥിതി’ (one country two system) എന്നതായിരുന്നു 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൈനയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ഹോങ്കോംഗ് നിവാസികള്‍ക്ക് ലഭിച്ച ഉറപ്പ്. എന്നാല്‍ ഒറ്റ രാഷ്ട്രം ഒറ്റ വ്യവസ്ഥിതി എന്നത് തങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് കമ്മ്യൂണിസ്റ്റ് ചൈന ചെയ്തു വരുന്നതെന്നാണ് ഹോങ്കോംഗ് പ്രക്ഷോഭകാരികള്‍ പ്രധാന ആക്ഷേപം.

ലോകത്തിലെ തന്നെ എറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖല (sez), എഷ്യയിലെ തന്നെ ഏറ്റവും ശക്തമായ ഓഹരി വിപണി, ആഗോള വ്യാപാരത്തിലുള്ള പ്രത്യേക സ്ഥാനം എന്നിവ മൂലം ഏറെ പ്രധാന്യമുള്ള നഗരമാണ് ഹോങ്കോംഗ്. അവിടെയുണ്ടാകുന്ന ചെറിയ അസ്ഥിരതകള്‍ പോലും ലോക വിപണിയില്‍ പ്രതിഫലിക്കും. പ്രക്ഷോഭം തെരുവുകള്‍ പിന്നിട്ട് പാര്‍ലമെന്റിനകത്ത് വരെയെത്തി. പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റ് ഹാളിനകത്ത് കയറി കൂടുതല്‍ ജനാധിപത്യം, കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന് എഴുതി വയ്ക്കുന്നതിലേക്ക് പോലും കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്.

കുറ്റവാളികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതിനുളള കരാറില്‍ ഹോങ്കോംഗിനെയും കൂടി ചൈന ഉള്‍പ്പെടുത്തിയതാണ് ഇപ്പോള്‍ അവരെ പ്രകോപിപ്പിച്ചിരിക്കുന്നത്. കാരി ലാം എന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ പാവയായ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറാണ് ഇപ്പോള്‍ അവിടത്തെ ഭരണാധികാരി. അന്‍പത് വര്‍ഷത്തേക്ക് പ്രത്യേക അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊണ്ടാണ് ബ്രിട്ടനില്‍ നിന്ന് ഹോങ്കോംഗിനെ ചൈന സ്വന്തമാക്കിയത്. എന്നാല്‍ പ്രത്യേക അവകാശങ്ങളെല്ലാം നാള്‍ക്കുനാള്‍ ചൈന കൈവശപ്പെടുത്തുകയാണെന്നാണ് ഹോങ്കോംഗ് നിവാസികള്‍ പറയുന്നത്. 1989 ല്‍ നടന്ന ടിയാനെന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ ഹോങ്കോങ്ങ് പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന തിരക്കിലാണ് ചൈനീസ് ഭരണാധികാരികള്‍. മൂന്ന് പതിറ്റാണ്ട് മുന്‍പ് പരമോന്നത നേതാവ് ഡെംഗ് സിയാവോ പിംഗ് ആണ് ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായി പ്രക്ഷോഭം നയിച്ച യുവാക്കളെ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവിട്ടതെങ്കില്‍ പരമോന്നത കസേരയില്‍ ഇപ്പോള്‍ മറ്റൊരാളാണ് എന്ന ഒറ്റ വ്യത്യാസമേയുള്ളു.

1997 ല്‍ ചൈനീസ് ജിഡിപിയുടെ 16% വന്നിരുന്നത് ഹോങ്കോംഗില്‍ നിന്നാണ്. എന്നാല്‍ ചൈന സ്വീകരിച്ച തുറന്ന വാതില്‍ സമീപനം മൂലം ജിഡിപിയുടെ 2 ശതമാനം മാത്രമായി നിലവില്‍ വിഹിതം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ ആ നഗരത്തിന് പ്രത്യേക പരിഗണന ഇനി നല്‍കേണ്ടെന്ന ചിന്താഗതിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. 80 ലക്ഷത്തോളം ജനങ്ങള്‍ അധിവസിക്കുന്ന, ഒരു പക്ഷേ ഏഷ്യയുടെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന അതീവ ജനസാന്ദ്രതയേറിയ ഒരു നഗരത്തില്‍ 20 ലക്ഷത്തിലേറെ ജനങ്ങള്‍ പ്രക്ഷോഭ പരിപാടികളുമായി സഹകരിക്കുന്നു. സ്വയംഭരണം തങ്ങള്‍ തന്നെ ഉറപ്പുവരുത്തുമെന്നും അവര്‍ ആണയിട്ട് പറയുന്നു. 2014 ല്‍ ‘ഒക്യുപൈ സെന്‍ട്രല്‍’ എന്ന പേരില്‍ നഗരചത്വരത്തെ പ്രതീകാത്മകമായി പ്രക്ഷോഭകര്‍ പിടിച്ചെടുത്തിരുന്നു. കത്തുന്ന ചൂടിനെ കുടകള്‍ കൊണ്ട് പ്രതിരോധിച്ചുകൊണ്ടാണ് (കുട വിപ്ലവം) ജനങ്ങള്‍ അന്ന് ചൈനീസ് വ്യാളിയെ ഫലപ്രദമായി പ്രതിരോധിച്ചത്.

155 വര്‍ഷത്തെ ബ്രിട്ടീഷ് കോളനിവാഴ്ച അവസാനിപ്പിച്ചു കൊണ്ട് 1997 ല്‍ ആണ് കിഴക്കന്‍ ചൈനാ കടല്‍ തീരത്തുള്ള ഹോങ്കോംഗ്, ചൈനയുടെ ഭാഗമായി തീര്‍ന്നത്. 1984 ല്‍ ചൈനയും ബ്രിട്ടനും തമ്മിലൊപ്പിട്ട ഉടമ്പടി പ്രകാരം അടുത്ത അന്‍പത് വര്‍ഷത്തേക്ക് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്വയംഭരണ പ്രവിശ്യയായിരിക്കും ഹോങ്കോംഗ്. ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നതാവട്ടെ സിഇഒയും. അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ സ്വാതന്ത്ര്യവും ഉറപ്പുവരുത്തും. പ്രതിരോധവും, വിദേശകാര്യ നയങ്ങളും മാത്രമായിരിക്കും ചൈന നിശ്ചയിക്കുക. ഈ വ്യവസ്ഥകളാണ് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് ചൈന അട്ടിമറിച്ചതെന്നാണ് പ്രക്ഷോഭകാരികളുടെ വാദം.

ലോകത്തിലെ തന്നെ ഏറ്റവും സമാധാനമുള്ള നഗരമെന്ന് പുകള്‍പെറ്റ ഹോങ്കോംഗ് ഇപ്പോള്‍ പ്രക്ഷോഭങ്ങള്‍ കൊണ്ട് വലയുകയാണ്. കാരണം ചൈനീസ് വ്യാളിയുടെ കടന്നു കയറ്റം തന്നെ. ലണ്ടനും ന്യൂയോര്‍ക്കും കഴിഞ്ഞാല്‍ നിക്ഷേപകരുടെ ഇഷ്ട സ്വര്‍ഗം ഈ ഏഷ്യന്‍ നഗരമാണ്. താരതമ്യേന കുറഞ്ഞ നികുതി, സ്വതന്ത്രവ്യാപാരം എന്നിവയാലെല്ലാം അനുഗ്രഹീതമായ ഹോങ്കോംഗിന്റെ കറന്‍സി ഇപ്പോള്‍ മൂല്യശോഷണം നേരിടുന്നതും ആശങ്ക ഉണര്‍ത്തുന്നു.

ഭൂമിശാസ്ത്രപരമായി കിഴക്കന്‍ ചൈനാകടലിനും പേള്‍ നദീമുഖത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഹോങ്കോംഗില്‍ 93 ശതമാനവും ചൈനീസ് വംശജരാണ് നിവസിക്കുന്നത്. സമാധാനത്തിന് പേരുകേട്ട ഈ നഗരത്തില്‍ ആശങ്കയുടെ ദിനങ്ങളാണോ ഇനി വരാനിരിക്കുന്നതെന്ന് പരിതപിക്കുന്നവരുണ്ട്. കമ്മ്യൂണിസ്റ്റ് ചൈന അതിന്റെ 70-ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ടിയാനെന്‍മെന്‍ കൂട്ടക്കുരുതിയുടെ 30 ാം വാര്‍ഷികവും കടന്നുപോയി. ഹോങ്കോംഗുകാര്‍ ഒരു തീപ്പന്തമായി മാറിയാല്‍ നഷ്ടം സംഭവിക്കുക ചൈനയ്ക്ക് മാത്രമല്ല ലോക നിക്ഷേപകര്‍ക്ക് ഒന്നാകെയാകും.

Categories: FK Special, Slider