ദലൈലാമയുടെ ലാന്‍ഡ് റോവര്‍ സീരീസ് 2എ ലേലം ചെയ്യുന്നു

ദലൈലാമയുടെ ലാന്‍ഡ് റോവര്‍ സീരീസ് 2എ ലേലം ചെയ്യുന്നു

ആര്‍എം സോത്തെബിസ് സംഘടിപ്പിക്കുന്ന ലേലത്തിലാണ് 1966 മോഡല്‍ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്

ഒന്റാറിയോ, കാനഡ : 1966 മോഡല്‍ ലാന്‍ഡ് റോവര്‍ സീരീസ് 2എ ലേലം ചെയ്യുന്നു. ലേല കമ്പനിയായ ആര്‍എം സോത്തെബിസ് ഔബേണില്‍ നടത്തുന്ന ലേലത്തിലാണ് ഈ ലാന്‍ഡ് റോവര്‍ വില്‍പ്പനയ്ക്ക് വെയ്ക്കുന്നത്. പതിനാലാമത്തെയും ഇപ്പോഴത്തെയും ദലൈലാമയായ ടെന്‍സിന്‍ ഗ്യാറ്റ്‌സോയായിരുന്നു ഒരിക്കല്‍ ഈ 4 വീല്‍ ഡ്രൈവ് വാഹനത്തിന്റെ ഉടമ എന്നതാണ് ലേലത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്.

1966 മുതല്‍ 1976 വരെയുള്ള പത്ത് വര്‍ഷക്കാലമാണ് ദലൈലാമയുടെ ഗതാഗത ആവശ്യങ്ങള്‍ക്കായി ഈ ലാന്‍ഡ് റോവര്‍ ഉപയോഗിച്ചത്. എന്നാല്‍ ദലൈലാമ ഈ വാഹനം ഒരിക്കലും ഓടിച്ചിരുന്നില്ല. പകരം, ഭാരതത്തിലെയും നേപ്പാളിലെയും ഹിമാലയത്തിലെയും യാത്രകളില്‍ എസ്‌യുവിയുടെ മുന്‍സീറ്റിലിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച 4 വീല്‍ ഡ്രൈവ് വാഹനങ്ങളിലൊന്നായാണ് ലാന്‍ഡ് റോവര്‍ സീരീസ് 2എ കണക്കാക്കപ്പെടുന്നത്. ഓട്ടോമൊബീല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കാറുകളിലൊന്നായും പരിഗണിച്ചുപോരുന്നു.

എന്നാല്‍, 1976 നുശേഷം ഈ വാഹനത്തിന് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 2005 ലാണ് ഈ വാഹനം തിരിച്ചറിയുന്നത്. ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാറുകളുടെ സര്‍വീസ്, റെസ്‌റ്റൊറേഷന്‍ കേന്ദ്രമായ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷില്‍ 1966 മോഡല്‍ ലാന്‍ഡ് റോവര്‍ സീരീസ് 2എ കൊണ്ടുവരികയായിരുന്നു. പുത്തനാക്കി മാറ്റുന്നതിന് ലാന്‍ഡ് റോവര്‍ സ്‌പെഷലിസ്റ്റുകളാണ് വാഹനം ഇവിടെയെത്തിച്ചത്. ഓഡോമീറ്ററില്‍ നോക്കിയപ്പോള്‍ 70,000 മൈല്‍ ഓടിയിരുന്നു. ഒറിജിനല്‍ എന്‍ജിന്‍ അഴിച്ചുപണിതും ഒറിജിനല്‍ പെയിന്റ് നല്‍കിയും ലാന്‍ഡ് റോവറിന്റെ കേടുപാടുകള്‍ പൂര്‍ണ്ണമായും തീര്‍ത്തു.

2007 ല്‍, ഈ ലാന്‍ഡ് റോവര്‍ ഇ-ബേയില്‍ ലേലം ചെയ്തിരുന്നു. 82,000 യുഎസ് ഡോളറിനാണ് വിറ്റത്. ആര്‍എം സോത്തെബിസിന്റെ ഔബേണ്‍ ലേലത്തിനായി ഒരു ലക്ഷത്തിനും ഒന്നര ലക്ഷത്തിനും ഇടയില്‍ യുഎസ് ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. ലേലം വിളി തുടങ്ങുന്നത് ഈ വിലയിലാണെങ്കിലും ടിബറ്റന്‍ ആത്മീയ നേതാവുമായുള്ള ബന്ധം കാരണം വാഹനത്തിന് ഉയര്‍ന്ന തുക ലഭിക്കാന്‍ സാധ്യത ഏറെയാണ്.

കടപ്പാട് : ആര്‍എം സോത്തെബിസ്

Comments

comments

Categories: Auto
Tags: Landrover