വിക്ഷേപണം ജൂലൈ കഴിഞ്ഞ്

വിക്ഷേപണം ജൂലൈ കഴിഞ്ഞ്
  • അവസാന ഘട്ടത്തില്‍ വാതക മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞത് പിന്തിരിയാന്‍ കാരണം
  • റോക്കറ്റില്‍ നിറച്ച ഇന്ധനം വറ്റിച്ച് വിശദ പരിശോധന നടത്താന്‍ 10 ദിവസം വേണ്ടിവരും
  • തകരാറ് കൃത്യ സമയത്ത് കണ്ടെത്തി ദൗത്യം നിര്‍ത്തിവെച്ച ഐഎസ്ആര്‍ഒക്ക് പ്രശംസ

ബെംഗളൂരു: സാങ്കേതിക തകരാര്‍ കണ്ടെത്തിയതിവനെ തുടര്‍ന്ന് അവസാന ഘട്ടത്തില്‍ റദ്ദാക്കിയ ചന്ദ്രയാന്‍-2 വിക്ഷേപണം ഈ മാസത്തിന് ശേഷമാകും യാഥാര്‍ത്ഥ്യമാകുകയെന്ന് റിപ്പോര്‍ട്ട്. ബാഹുബലി എന്നു വിശേഷിപ്പിക്കപ്പെടുന്ന ജിഎസ്എല്‍വി എംകെ-III വിക്ഷേപണ വാഹനത്തില്‍ കണ്ടെത്തിയ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം രാജ്യത്തിന്റെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ മാറ്റിവെച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് ഏജന്‍സി വ്യക്തമാക്കിയത്. എന്നാല്‍ ഭീമാകാര റോക്കറ്റായ ജിഎസ്എല്‍വി എംകെ-III യിലെ ഇന്ധനം പൂര്‍ണമായും ഒഴിവാക്കി, സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പരിശോധന ആരംഭിക്കാന്‍ 10 ദിവസമെങ്കിലും ശാസ്ത്രജ്ഞരുടെയും എന്‍ജിനീയര്‍മാരുടെയും സംഘത്തിന് വേണ്ടിവരും. അനുകൂലമായ അന്തരീക്ഷത്തിനായും കാത്തിരിക്കണം. ജൂലൈയ്ക്ക് ശേഷമാവും ഇനി ദൗത്യം നടക്കുകയെന്ന് ഇതോടെ ഉറപ്പായിട്ടുണ്ട്.

ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ വിക്ഷേപണതറയില്‍ നിന്ന് ഇന്നലെ വെളുപ്പിന് 2.51 നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദടക്കമുള്ള ഉന്നത വ്യക്തികള്‍ വിക്ഷേപണത്തിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. എന്നാല്‍ ഇന്ധനം നിറക്കുന്നതിനിടെ റോക്കറ്റിന്റെ ഇന്ധന ചാലക സംവിധാനത്തില്‍ തകറാര്‍ കണ്ടെത്തി. അവസാന ഘട്ടമായ ക്രയോജനിക് സ്‌റ്റേജില്‍ റോക്കറ്റിനെയും പേടകത്തെയും ബന്ധിപ്പിക്കു ലോഞ്ച് വെഹിക്കിളില്‍ വാതക മര്‍ദ്ദം ക്രമാതീതമായി കുറഞ്ഞു. ഇതോടെ നിശ്ചയിച്ച വിക്ഷേപണ സമയത്തിന് 56.24 മിനിറ്റ് മുന്‍പ് പുലര്‍ച്ചെ 1.55 ന് ദൗത്യം റദ്ദാക്കുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം തുടര്‍ച്ചയായ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. 2019 ജനുവരിയില്‍ ചന്ദ്രയാന്‍-2 വിക്ഷേപിക്കാനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാനഘട്ട പരീക്ഷണങ്ങളില്‍ കൂടുതല്‍ കൃത്യത വേണമെന്ന് കണ്ട് ദൗത്യം ദീര്‍ഘിപ്പിക്കുകയായിരുന്നു. പിന്നീട് ഏപ്രിലില്‍ വിക്ഷേപണം തീരുമാനിച്ചുവെങ്കിലും ലാന്‍ഡറിലെ തകറാറുമൂലം മാറ്റിവെച്ചു. ഏറഅറവുമൊടുവില്‍ ജൂലൈ 15 എന്ന തിയതി നിശ്ചയിക്കുകയായിരുന്നു. അതേ സമയം പിഴവ് നേരത്തെ കണ്ടെത്തിയ ബഹിരാകാശ ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ക്ക് സോഷ്യല്‍ മീഡിയയിലും മറ്റും അനുമോദന സന്ദേശങ്ങള്‍ നിറയുകയാണ്. വിക്ഷേപണ വാഹനത്തിന് മാത്രമാണ് തകരാറെന്നതിനാല്‍ ദൗത്യത്തിന് ഇത് നഷ്ടമൊന്നും വരുത്തില്ല. അതേസമയം സാങ്കേതിക പിഴവ് തിരിച്ചറിയാതെ ദൗത്യം മുന്നോട്ടു നീക്കിയിരുന്നെങ്കില്‍ 978 കോടി രൂപ ചെലവ് വരുന്ന ഉപകരണങ്ങള്‍ നശിക്കുകയും രാജ്യത്തിന് നാണക്കേടുണ്ടാവുകയും ചെയ്യുമായിരുന്നു. ഐഎസ്ആര്‍ഒയുടെ സമയോചിതമായ ഇടപെടല്‍ രാജ്യത്തിന് ഏറെ ഗുണം ചെയ്‌തെന്നാണ് പൊതു വിലയിരുത്തല്‍.

വിഘ്‌നങ്ങള്‍ ചന്ദ്രയാന്‍-1 നും

വിക്ഷേപണത്തിന് തൊട്ടു മുന്‍പ് ചന്ദ്രയാന്‍-1 ഉം കുഴപ്പത്തില്‍ പെട്ടിരുന്നു. വിക്ഷേപണം നിശ്ചയിച്ചിരുന്ന 2008 ഒക്‌റ്റോബര്‍ 22 ന്റെ തലേന്ന് വിക്ഷേപണ വാഹനമായ പിഎസ്എല്‍വി റോക്കറ്റിന്റെ രണ്ടാം ഘട്ടത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ പിങ്ക് നിറത്തിലുള്ള വാതകം ബഹിര്‍ഗമിക്കുന്നത് ടീമിന്റെ ശ്രദ്ധയില്‍പ്പെട്ടു. റോക്കറ്റിന് ജ്വലനത്തിനാവശ്യമായ ഓക്‌സിജന്‍ നല്‍കുന്ന ഓക്‌സിഡൈസര്‍ ടാങ്കിലുണ്ടായ ചെറിയ ദ്വാരമായിരുന്നു ഇതിനു കാരണം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഐഎസ്ആര്‍ഒ സംഘം ഈ പ്രശ്‌നം പരിഹരിച്ചത്. 2013 ല്‍ ജിഎസ്എല്‍വി ഡി-5 ന്റെയും വിക്ഷേപണം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അവസാന ഘട്ടത്തില്‍ മാറ്റിയിരുന്നു.

Categories: FK News, Slider
Tags: chandrayan