സ്മൃതിഭ്രംശവും ജീവിതശൈലിയും

സ്മൃതിഭ്രംശവും ജീവിതശൈലിയും

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ മറവിരോഗത്തെ ചെറുക്കാനാകും

ആരോഗ്യകരമായ ഒരു ജീവിതശൈലിയിലൂടെ പാരമ്പര്യമായി രോഗസാധ്യതയുള്ളവര്‍ക്കു പോലും മറവിരോഗത്തെ ചെറുക്കാന്‍ കഴിയുമെന്നു പഠനം. രണ്ടു ലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനത്തില്‍ സ്മൃതിഭ്രംശരോഗങ്ങള്‍ക്കുള്ള സാധ്യത മൂന്നിലൊന്ന് വരെ കുറഞ്ഞുവെന്ന് കണ്ടെത്തി. എക്‌സെറ്റെര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അല്‍സ്‌ഹൈമേഴ്സ് അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ് പഠനഫലങ്ങള്‍ അവതരിപ്പിച്ചത്.

വ്യായാമം, ഭക്ഷണക്രമം, മദ്യം, പുകവലി എന്നിവയുടെ ഉപഭോഗം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് ആരോഗ്യകരമായ ഒരു ജീവിതശൈലി കണക്കാക്കുന്നത്. ഇവയുടെ സംയോജനത്തെ അടിസ്ഥാനമാക്കി ഗവേഷകര്‍ ആരോഗ്യകരമായ ജീവിതശൈലിക്ക് സ്‌കോര്‍ നല്‍കിയിട്ടുണ്ട്. ഉദാഹരണത്തിന് പുകവലിക്കാത്ത, ആഴ്ചയില്‍ രണ്ടര മണിക്കൂര്‍ സാമാന്യം വേഗതയില്‍ സൈക്കിള്‍ ചവിട്ടുന്ന, പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്ന, ആഴ്ചയില്‍ രണ്ടുതവണ മല്‍സ്യം കഴിക്കുന്ന, സംസ്‌കരിച്ച മാംസം അപൂര്‍വ്വമായി കഴിക്കുന്ന, ദിവസം ഒരു പിന്റ് ബിയര്‍ വരെ കുടിക്കുന്നയാളുടേത് ഒരു മികച്ച സ്‌കോര്‍ ആണ്. ഇതിനു വിരുദ്ധമായി പുകവലിശീലമുള്ള, പതിവായി വ്യായാമം ചെയ്യാത്ത, സംസ്‌കരിച്ച മാംസവും ചുവന്ന മാംസവും കഴിക്കുന്ന, ദിവസം കുറഞ്ഞത് മൂന്ന് പിന്റ് ബിയര്‍ കുടിക്കുന്നത് അനാരോഗ്യജീവിതശൈലി പുലര്‍ത്തുന്നയാളാണെന്നും കരുതാം.

ജീവിതശൈലി എന്തു സ്വാധീനം ചെലുത്തുന്നുവെന്ന് പരിശോധിക്കാന്‍ 64 വയസ് കഴിഞ്ഞ 196,383 പേരില്‍ എട്ട് വര്‍ഷത്തോളം തുടര്‍പഠനം നടത്തി. രോഗം വികസിക്കാനുള്ള അവരുടെ ജനിതകസാധ്യത വിലയിരുത്തുന്നതിന് ആളുകളുടെ ഡിഎന്‍എ വിശകലനം ചെയ്തു. പാരമ്പര്യഘടകങ്ങള്‍ മൂലം രോഗസാധ്യത കൂടുതലുള്ളവര്‍ അനാരോഗ്യകരമായ ജീവിതശൈലി കൂടി തുടര്‍ന്നാല്‍ ആയിരത്തില്‍ 18 പേര്‍ക്ക് മേധാക്ഷയം ബാധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു. അതേസമയം, ഉയര്‍ന്ന നിലയില്‍ രോഗസാധ്യതയുള്ള ജനിതകഘടനയുള്ള ആളുകള്‍ക്ക് ആരോഗ്യകരമായ ഒരു ജീവിതശൈലി ഉണ്ടെങ്കില്‍ അത് ആയിരത്തില്‍ 11 ആയി കുറയുന്നു.

കണക്കുകള്‍ ചെറുതാണെന്ന് തോന്നുമെങ്കിലും, പ്രായം 60-കളുടെ മധ്യത്തിലുള്ളവര്‍ പോലും ഡിമെന്‍ഷ്യയുടെ കാര്യത്തില്‍ താരതമ്യേന ചെറുപ്പമാണ്. ഡിമെന്‍ഷ്യ നിരക്ക് മൂന്നിലൊന്നായി കുറയുന്നത് രോഗം കൂടുതലുള്ള പ്രായമായവരില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്ന് ഗവേഷകര്‍ പറയുന്നു. ജീവിതശൈലി ഡിമെന്‍ഷ്യക്കു കാരണമാകുമെന്ന് ഇത്തരം ഗവേഷണങ്ങള്‍ക്ക് കൃത്യമായി തെളിയിക്കാന്‍ കഴിയില്ല. മറവിരോഗം വേരോടെ എടുത്തു കളയാന്‍ കഴിയുന്ന മരുന്നുകളില്ല. എന്നാല്‍ രോഗം വരാനുള്ള അവസരങ്ങള്‍ കുറയ്ക്കുക എന്നത് ആര്‍ക്കും ചെയ്യാന്‍ കഴിയും.

ഓര്‍മ്മക്കുറവ് പോലുള്ള സ്മൃതിഭ്രംശരോഗങ്ങള്‍ സാധാരണഗതിയില്‍ തുടങ്ങുന്നത് 40, 50 വയസുകളിലാണ്. പ്രാരംഭഘട്ടത്തില്‍ ഡിമെന്‍ഷ്യ ബാധിച്ച ആളുകള്‍ക്ക് തങ്ങളുടെ കണ്ടെത്തലുകള്‍ ബാധകമാകില്ലെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ രോഗം കൂടുതലായി പ്രകടിപ്പിക്കുന്ന പ്രായമായവര്‍ക്കു പഠനഫലങ്ങള്‍ ബാധകമാകുമെന്ന് അവര്‍ കരുതുന്നു. അല്‍സ്‌ഹൈമേഴ്‌സോ വാസ്‌കുലര്‍ ഡിമെന്‍ഷ്യയോ പോലുള്ള മസ്തിഷ്‌കരോഗത്തിന്റെ പ്രത്യേക രൂപങ്ങളേക്കാള്‍ പൊതുവെ ഡിമെന്‍ഷ്യയ്ക്ക് ഈ പഠനം ബാധകമാണെന്ന് ഗവേഷകര്‍ പറയുന്നു.

ഡിമെന്‍ഷ്യയെക്കുറിച്ചുള്ള ആശങ്കകള്‍ വലിയൊരു പ്രശ്‌നമായി കാണാന്‍ കഴിയില്ല, ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്ക് മാറുകയാണെങ്കില്‍ ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കാനാകും. പാരമ്പര്യമായി നേരിടുന്ന രോഗസാധ്യതയെ ചെറുക്കാന്‍ കഴിയുമെന്ന കണ്ടെത്തലുകള്‍ ആവേശകരമാണെന്നു പഠനം കാണിച്ചുതരുന്നു. ബ്രിട്ടണില്‍ ഓരോ മൂന്ന് മിനുറ്റിലും ഒരാള്‍ ഡിമെന്‍ഷ്യ ഉണ്ടാകുന്നു. അതിനാല്‍ രോഗം വരാനുള്ള സാധ്യത എങ്ങനെ കുറയ്ക്കാമെന്ന് അറിയുന്നത് കൂടുതല്‍ നിര്‍ണായകമാണ്. ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കാന്‍ നമുക്ക് സാധിക്കുമെന്നതിന് പഠനങ്ങള്‍ നല്ല തെളിവാണ്, എന്നിട്ടും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് 34% രോഗികളില്‍ മാത്രമേ ഇത് സാധ്യമാകൂ എന്നാണ്. ജനിതകപാരമ്പര്യത്തെ നിഷേധിക്കാനാകില്ലെങ്കിലും ജീവിതശൈലിയില്‍ മാറ്റം വരുത്തി നമുക്ക് ഇതിനെ അനുകൂലമാക്കി മാറ്റാന്‍ സഹായിക്കുമെന്ന് ഈ ഗവേഷണം കാണിക്കുന്നു.

Categories: Health
Tags: Alzheimers