എയര്‍ ഇന്ത്യക്ക് പ്രതിദിന നഷ്ടം 13 ലക്ഷം രൂപ

എയര്‍ ഇന്ത്യക്ക് പ്രതിദിന നഷ്ടം 13 ലക്ഷം രൂപ
  • യാത്ര സമയം 15 മിനുറ്റ് വര്‍ധിച്ചിട്ടുണ്ട്
  • ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെ പ്രതിദിന നഷ്ടം ആറ് ലക്ഷം രൂപയായിരുന്നു
  • ഇന്ത്യന്‍ വിമാനങ്ങള്‍ മറ്റ് വ്യോമപാതകള്‍ ഉപയോഗിച്ചാണ് നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത്

മുംബൈ: പാക്കിസ്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് വലിയ നഷ്ടമുണ്ടാക്കിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി ലോക്‌സഭയെ അറിയിച്ചു. പാക്കിസ്താന്റെ ആകാശ വിലക്ക് എയര്‍ ഇന്ത്യക്ക് പ്രതിദിനം 13 ലക്ഷം രൂപയുടെ അധിക പ്രവര്‍ത്തന ചെലവ് വരുത്തിയതായാണ് ഹര്‍ദീപ് സിംഗ് പൂരി പറയുന്നത്.

വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നത് കാരണം എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് പ്രതിദിന നഷ്ടം 22 ലക്ഷം രൂപയാണെന്നും പൂരി പറഞ്ഞു. വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനാല്‍ 13 ലക്ഷം രൂപയുടെ അധിക ചെലവാണ് ഒരു ദിവസം എയര്‍ ഇന്ത്യക്കുണ്ടായത്. വിമാനം പറക്കുന്നതിന് സമയം ഏകദേശം 15 മിനുറ്റ് കൂടിയിട്ടുണ്ടെന്നും മന്ത്രി എഴുതിതയാറാക്കിയ മറുപടിയില്‍ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 26നാണ് പാക്കിസ്താന്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യന്‍ വ്യോമ സേന ബാലാകോട്ടില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. അതേസമയം, പാക്കിസ്താന്‍ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ഇന്ത്യന്‍ വിമാനങ്ങള്‍ മറ്റ് വ്യോമപാതകള്‍ ഉപയോഗിച്ചാണ് നിലവില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത്.

അതിര്‍ത്തിയിലെ വ്യോമ താവളങ്ങളില്‍നിന്നു യുദ്ധവിമാനങ്ങള്‍ പിന്‍വലിക്കാതെ ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കില്ലെന്ന് പാക് വ്യോമയാന സെക്രട്ടറി ഷാരൂഖ് നുസ്രത്ത് പറഞ്ഞു. അതിനിടെ വിലക്ക് ജൂലൈ 26 വരെ നീട്ടിയിരിക്കുകയാണ് പാകിസ്താന്‍. ഇന്ത്യയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയാണ് അടച്ചിരിക്കുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ ഭാഗത്തു കൂടിയുള്ള യാത്രയ്ക്ക് വിലക്കില്ല. നിലവില്‍ എയര്‍ ഇന്ത്യ പറക്കുന്നത് ഇതിലൂടെയാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറ്റിറ്റി അറിയിച്ചു

പാക് വിലക്ക് കാരണമുണ്ടായ അധിക ചെലവ് വിമാനക്കമ്പനികള്‍ യാത്രിക്കാരിലേക്ക് എത്തിച്ചിട്ടില്ലെന്നും വിമാന നിരക്കില്‍ യാതൊരു വര്‍ധനയും വരുത്തിയിട്ടില്ലെന്നും പൂരി പറഞ്ഞു. അതേസമയം, പാക്കിസ്ഥാന്‍ വിലക്ക് പ്രഖ്യാപിച്ച ആദ്യ ഘട്ടത്തില്‍ എയര്‍ ഇന്ത്യയുടെ പ്രതിദിന നഷ്ടം ആറ് ലക്ഷം രൂപയായിരുന്നു. നിലവിലിത് ഇരട്ടിയില്‍ അധികമായി ഉയര്‍ന്നിട്ടുണ്ട്.

ഫെബ്രുവരി 26 മുതല്‍ ജൂലൈ രണ്ട് വരെയുള്ള കണക്കെടുത്താല്‍ പാക് വിലക്ക് എയര്‍ ഇന്ത്യക്കുണ്ടാക്കിയ നഷ്ടം 491 കോടി രൂപയാണ്. ഇക്കാലയളവില്‍ സ്വകാര്യ വിമാന കമ്പനികളായ സ്‌പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇന്‍ഡിഗോയ്ക്ക് 25.1 കോടി രൂപയും ഗോ എയറിന് 2.1 കോടി രൂപയും ന്ഷ്ടമായി. പാക്കിസ്ഥാനി വിമാനങ്ങള്‍ക്ക് ഇന്ത്യയും ആകാശ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയുടെ വിലക്ക് കാരണം മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള പാക്കിസ്ഥാന്റെ വിമാന സര്‍വീസും തടസപ്പെട്ടു. എന്നാല്‍ മേയ് 31ന് ഇന്ത്യ എല്ലാ വിലക്കുകളും നീക്കി.

Comments

comments

Categories: FK News
Tags: Air India