ഫോക്‌സ്‌വാഗന്റെ എംഇബി പ്ലാറ്റ്‌ഫോം ഫോഡ് ഉപയോഗിക്കും

ഫോക്‌സ്‌വാഗന്റെ എംഇബി പ്ലാറ്റ്‌ഫോം ഫോഡ് ഉപയോഗിക്കും

എംഇബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഫോഡ് ആറ് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും

വോള്‍ഫ്‌സ്ബര്‍ഗ് : ഓട്ടോണമസ് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും വികസിപ്പിക്കുന്നതിന് ഫോഡും ഫോക്‌സ്‌വാഗണും സഹകരിക്കാന്‍ തീരുമാനിച്ചു. ഇതനുസരിച്ച്, ഫോക്‌സ്‌വാഗണിന്റെ എംഇബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഫോഡ് ആറ് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കും. ഫോക്‌സ്‌വാഗണിന്റെ ഇലക്ട്രിക് വാഹന ആര്‍ക്കിടെക്ച്ചറാണ് എംഇബി പ്ലാറ്റ്‌ഫോം.

2023 ലായിരിക്കും എംഇബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി ഫോഡ് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. യൂറോപ്യന്‍ വിപണി ലക്ഷ്യമാക്കിയാണ് ഫോഡ് പൂര്‍ണ്ണ ഇലക്ട്രിക് വാഹനം വികസിപ്പിക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് തയ്യാറാക്കിയ കരാര്‍ അനുസരിച്ച്, എംഇബി പാര്‍ട്ടുകളും വാഹനഘടകങ്ങളും ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഫോഡിന് വിതരണം ചെയ്യും.

സാധ്യമാകുന്ന മറ്റ് മേഖലകളിലും ഫോഡുമായി സഹകരിക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് സിഇഒ ഹെര്‍ബര്‍ട്ട് ഡീസ് പറഞ്ഞു. എംഇബി പ്ലാറ്റ്‌ഫോം പങ്കുവെയ്ക്കുന്നതിലൂടെ സീറോ എമിഷന്‍ വാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ചെലവുകള്‍ കുറയ്ക്കാന്‍ കഴിയും. ആഗോളതലത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കുന്നത് രണ്ട് കമ്പനികള്‍ക്കും നേട്ടമാകുമെന്നും ഡീസ് പറഞ്ഞു.

തങ്ങളുടെ ഇവി ആര്‍ക്കിടെക്ച്ചര്‍ ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്നത് കുറയ്ക്കാന്‍ കഴിയുമെന്ന് ഹെര്‍ബര്‍ട്ട് ഡീസ് അവകാശപ്പെട്ടു. ചൈനീസ്, യൂറോപ്യന്‍ വിപണികള്‍ മനസ്സില്‍ക്കണ്ടാണ് എംഇബി പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങളെ സംബന്ധിച്ച് ഇത് രണ്ടുമാണ് വലിയ വിപണികളെന്നും ഡീസ് പ്രസ്താവിച്ചു. ഫോഡുമായുള്ള കരാര്‍ ഫോക്‌സ്‌വാഗണിന്റെ ഇലക്ട്രിക് വാഹന പദ്ധതികളെയും ശക്തിപ്പെടുത്തും.

Comments

comments

Categories: Auto