സത്യം പറഞ്ഞാ വിശ്വസിക്കുവോ (മലയാളം)

സത്യം പറഞ്ഞാ വിശ്വസിക്കുവോ (മലയാളം)

സംവിധാനം: ജി. പ്രജിത്ത്
അഭിനേതാക്കള്‍: ബിജു മേനോന്‍, സംവൃത സുനില്‍
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 10 മിനിറ്റ്

കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു 2019-ല്‍ ആദ്യ റിയലിസ്റ്റിക് ദൃശ്യാനുഭവം സമ്മാനിച്ചത്. ഇപ്പോള്‍ ഇതാ ആ ശ്രേണിയിലേക്ക് ഒരു ചിത്രം കൂടി എത്തിയിരിക്കുന്നു. അത് ജി. പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രമാണ്. ഒരു സിനിമയെന്ന തോന്നല്‍ നല്‍കാതെ സാധാരണക്കാരുടെ ജീവിതവും പറയുകയാണ് 130 മിനിറ്റിലൂടെ. അതില്‍ ഹാസ്യമുണ്ട്, ചെറിയ ചെറിയ ജീവിത പ്രതിസന്ധികളുണ്ട്, ഭൂരിഭാഗം സാധാരണക്കാരന്റെയും ജീവിതത്തെ പിന്തുടരുന്ന മദ്യാസക്തിയെക്കുറിച്ചും പറയുന്നുണ്ട്. സുനിയെന്ന വാര്‍ക്കപ്പണിക്കാരന്റെ ജീവിതമാണു പറയുന്നത്. അയാളുടെ കുടുംബവും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് പ്രേക്ഷകനെ ചിരിപ്പിക്കുന്നുണ്ട്, അതോടൊപ്പം ചിന്തിപ്പിക്കുന്നുമുണ്ട്.

സുനിയായി ബിജു മേനോനും അയാളുടെ ഭാര്യ ഗീതയായി സംവൃത സുനിലുമാണു വേഷമിട്ടിരിക്കുന്നത്. സുനിയുടെ വേഷം വളരെ അനായാസമായി ബിജു മേനോന്‍ കൈകാര്യം ചെയ്തിരിക്കുന്നു. ഈ ചിത്രം കാണുമ്പോള്‍ വെള്ളിമൂങ്ങയിലെ ബിജു മേനോനെ പ്രേക്ഷകര്‍ ഓര്‍ത്തുപോകും. അത്രയ്ക്കും രസകരമായും തന്മയത്വത്തോടെയും ബിജു മേനോന്‍ അഭിനയിച്ചിരിക്കുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമെത്തുന്ന സംവൃത സുനില്‍ തികച്ചും പക്വതയാര്‍ന്ന പ്രകടനമാണു നടത്തിയിരിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ പൊതുവേ കാണുന്ന വീട്ടമ്മയുടെ എല്ലാ ചേഷ്ടകളും ഈ ചിത്രത്തില്‍ സംവൃതയിലൂടെ പ്രേക്ഷകനുകാണാനാവും.
കൂലി വേല ചെയ്ത് ഓരോ ദിവസവും കൂട്ടുകാരുമൊത്ത് അടിച്ചു പൊളിച്ചു ജീവിക്കുന്ന ശൈലിയാണു സുനിയുടേത്. പണം മിച്ചം പിടിക്കുന്ന ശീലം സുനിക്കില്ല. സുഹൃത്തുക്കളുമായി ചേര്‍ന്നു മദ്യപിച്ചു പണം ചെലവഴിക്കുന്നതിന് എതിരാണ് അയാളുടെ ഭാര്യ. എങ്കിലും ഭാര്യയുടെ ഉപദേശങ്ങളൊന്നും സുനി വകവയ്ക്കാറില്ല. ഒരിക്കല്‍ ഒരു അപകടത്തിനു ദൃക്‌സാക്ഷിയാവുകയാണു സുനി. ഇവിടെ ഒരു ട്വിസ്റ്റ് സംഭവിക്കുന്നു. ചിത്രത്തിലെ നിര്‍ണായക രംഗമെന്നു പറയാവുന്നതും ഈയൊരു സംഭവമാണ്.

ഒരു വടക്കന്‍ സെല്‍ഫിക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്നത്. ആദ്യ ചിത്രത്തില്‍നിന്നും വ്യത്യസ്തമായി റിയലിസ്റ്റിക്കായൊരു സമീപനമാണു പുതിയ ചിത്രത്തില്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. നായകന്റെ നെടുനീളന്‍ വാചക കസര്‍ത്തുകളോ, ആക്ഷന്‍ രംഗങ്ങളോ, വലിയ താര നിരകളോ ഇല്ലാതെ കഥയുടെ ശക്തിയെ മാത്രം ആശ്രയിച്ചു മികച്ചൊരു ചിത്രമൊരുക്കിയിരിക്കുകയാണ് പ്രജിത്ത്. തീര്‍ച്ചയായും സംവിധായകന്റെ ഉദ്യമം പ്രശംസനീയമാണ്. സിനിമയില്‍ കഥയ്‌ക്കൊപ്പം എടുത്തു പറയേണ്ടത് അതിലെ സപ്പോര്‍ട്ടിംഗ് ക്യാരക്‌റ്റേഴ്‌സിനെയാണ്. ചിത്രത്തില്‍ ബിജു മേനോന്റെ സുഹൃത്തുക്കളായെത്തുന്ന കഥാപാത്രങ്ങളെല്ലാവരും തന്നെ മികച്ച പ്രകടനമാണു നടത്തിയിരിക്കുന്നത്. അലന്‍സിയര്‍, സുധി കോപ്പ, ദിനേഷ് പ്രഭാകര്‍, മംഗള്‍ എന്നിവരാണ് ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. നാട്ടിന്‍പുറത്തിന്റെ സുന്ദരദൃശ്യങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തിരിക്കുന്നു ഛായാഗ്രാഹകന്‍ ഷെഹ്‌നാദ് ജലാല്‍. അദ്ദേഹത്തിന്റെ ക്യാമറ വര്‍ക്ക് എടുത്തു പറയേണ്ട ഒന്നാണ്. പ്രത്യേകിച്ച് ചിത്രത്തിലെ ഒരു അപകടരംഗം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് രഞ്ജന്‍ എബ്രഹാമാണ്. ഷാന്‍ റഹ്മാന്റെയും, വിശ്വജിത്തിന്റെയും ഗാനരചനയും ബിജിബാലിന്റെ സംഗീതവും മനോഹരമാണ്. കുടുംബസമേതം ആസ്വദിക്കാവുന്നൊരു നല്ല ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ.

Comments

comments

Categories: Movies