ലക്ഷ്മണരേഖകളുടെ പ്രത്യയശാസ്ത്രം

ലക്ഷ്മണരേഖകളുടെ പ്രത്യയശാസ്ത്രം

ആണവ നിരായുധീകരണം ചൂണ്ടിക്കാട്ടി ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം എണ്ണ വിപണിയെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. വന്‍തോതില്‍ എണ്ണ വാങ്ങുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളും ഫലത്തില്‍ ഈ ഉപരോധത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നു. അന്താരാഷ്ട്ര ഉത്കണ്ഠ വളര്‍ത്തുന്ന സാഹചര്യങ്ങള്‍ ഉണര്‍ത്തുന്ന നയങ്ങള്‍ പിന്‍തുടരുന്ന രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനായി ഉപരോധം ഉപയോഗിക്കാറുണ്ട്. എന്നാല്‍ എന്താണ് അന്താരാഷ്ട്ര ഉത്കണ്ഠ എന്ന് ഇതുവരെ നിര്‍വചിക്കപ്പെട്ടിട്ടില്ല

‘Genocide begins, however improbably, in the conviction that classes of biological distinction indisputably sanction social and political discrimination’
– Andrea Dworkin, American Critic in ‘Trouble and Strife’.

ഗ്രീസിന്റെ ഭൂമിശാസ്ത്രം വളരെ പ്രത്യേകതകള്‍ ഉള്ളതാണ്. യൂറോപ്പിന്റെ തെക്കേ അറ്റത്ത് മെഡിറ്ററേനിയന്‍ കടലിലൂടെ ആഫ്രിക്കയെ എത്തിനോക്കി കിടക്കുന്ന ആ രാജ്യത്തിന്റെ തലസ്ഥാനമായ ഏഥന്‍സ് അടക്കമുള്ള പ്രധാന ഭാഗം യൂറോപ്യന്‍ കരഭാഗത്ത് നില്‍കുമ്പോള്‍ സ്പാര്‍ട്ട തുടങ്ങിയ നഗരങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം കടലിലേക്ക് തെന്നിത്തെറിച്ച് മാറിക്കിടക്കുന്നു. കൊരിന്ത് എന്നയിടത്തെ ഒരു ഇടുങ്ങിയ ഭൂഭാഗമാണ് ഇവയെ തമ്മില്‍ ബന്ധിപ്പിച്ച് നിര്‍ത്തുന്നത്. കൊരിന്തിന് കിഴക്ക് കരഭൂമി അല്‍പ്പം വീതി വെച്ചയിടത്ത് മെഗാറ. ഏഥന്‍സും സ്പാര്‍ട്ടയും മെഗാറയുമെല്ലാം അതിപുരാതന പ്രവിശ്യകള്‍ ആണ്. മെഗാറ മുതല്‍ സ്പാര്‍ട്ട ഉള്‍പ്പെട്ട പടിഞ്ഞാറോട്ടുള്ള ഭാഗം പീലിപ്പോന്നീസ് പ്രദേശം. മെഗാറയ്ക്ക് തെക്കുകിഴക്കും ഏഥന്‍സിനു പടിഞ്ഞാറുമായി എലെഫ്‌സിന ഉള്‍ക്കടലില്‍ ഒരു ദ്വീപ്. പായുന്ന മുയലിന്റെ ആകൃതിയാണതിന്. ആ ദ്വീപില്‍ സലാമിന, ഇയന്തിയോ, പെരിസ്റ്റീരിയ തുടങ്ങിയ ചെറുപട്ടണങ്ങള്‍. ഏഥന്‍സില്‍ നിന്ന് മെഗാറയിലേക്ക് പോകുമ്പോള്‍ ആകെയുള്ള 37 കിലോമീറ്ററില്‍ രണ്ട് ഇടത്ത് കടല്‍ കടക്കണം. സലാമിനയ്ക്ക് കിഴക്ക്, കടലിനപ്പുറം, ഗര്‍ഭപാത്രവും പ്രവേശനകവാടവും പോലെ പിറായുസ് തുറമുഖം. പിറായുസ് തുറമുഖത്ത് നിന്ന് സലാമിനയിലേക്ക് ചെറിയൊരു നേരിയ കപ്പല്‍ച്ചാല്‍. അതിലൂടെ വേണം മെഗാറയിലേയ്ക്ക് പടിഞ്ഞാറ് നിന്നുള്ള ഭക്ഷ്യവസ്തുക്കളും മറ്റും എത്താന്‍.

ബിസി അഞ്ചാം നൂറ്റാണ്ടില്‍ സ്പാര്‍ട്ട ഭരിച്ചിരുന്ന ആര്‍ക്കിഡാമസ് മൂന്നാമന്റെ നേതൃത്വത്തില്‍ പീലിപ്പോന്നീസ് പട്ടാളം ഏഥന്‍സിന്റെ ഭാഗമായ ആറ്റിക്ക പിടിച്ചടക്കി. ഇതോടെ ഏഥന്‍സ് മറ്റിടങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. ഒരു ഇടവേളയ്ക്ക് ശേഷം ഏഥന്‍സിന് പീലിപ്പോന്നീസ് പട്ടാളത്തെ തിരിച്ചോടിക്കാന്‍ സാധിച്ചു. പിന്നീട് പീലിപ്പോന്നീസ് പ്രദേശത്തിന്റെ ആരംഭമായ മെഗാറയ്ക്ക് നേരെ ഏഥന്‍സ് തുടര്‍ച്ചയായി യുദ്ധം ചെയ്യാന്‍ തുടങ്ങി. ബിസി 431 ല്‍ ആയിരുന്നു ഇത് തുടങ്ങിയത്. പിറായുസ് തുറമുഖത്ത് നിന്ന് പോകുന്ന കപ്പല്‍ച്ചാല്‍ ഏഥന്‍സ് സലാമിനയില്‍ ഒരു കോട്ടമതില്‍ കെട്ടി അടച്ചു. അതോടെ മെഗാറയ്ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കിട്ടാതായി. ഇതാണ് ലോകചരിത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ഉപരോധം. യുദ്ധം ഏഥന്‍സ് ജയിച്ചു.

ഉപരോധത്തിന് ഇംഗ്ലീഷില്‍ ‘sanction’ എന്നാണ് പറയുന്നത്. ഈ വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായത് 1500 ളിലാണ്; ‘നിയമം’, ‘വിധി’ എന്നെല്ലാം ഉള്ള അര്‍ത്ഥത്തില്‍ ഒരു നാമപദം. 1635 കാലഘട്ടത്തില്‍ ‘ഒരു നിയമമോ വിധിയോ അനുസരിക്കാന്‍ ഒരാളെ നിര്‍ബന്ധിതനാക്കുന്ന ശിക്ഷാവിധി’ എന്ന അര്‍ത്ഥത്തില്‍ ഈ വാക്ക് അര്‍ത്ഥഭേദം പ്രാപിച്ചു. ഈ നാമപദത്തില്‍ നിന്ന് ‘അനുവാദം’ എന്ന അര്‍ത്ഥത്തില്‍ ഒരു ക്രിയാപദം ഉത്ഭവിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണ്. (അവലംബം: ‘More Word Histories and Misteries’ by Editors of American Heritage Dictionaries, പേജ് 199).

പ്രധാനമായും നാല് ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ഒന്നാമത്, അന്താരാഷ്ട്ര ഉത്കണ്ഠയുളവാക്കുന്ന സാഹചര്യങ്ങളുടെ അനന്തരഫലങ്ങള്‍ കുറയ്ക്കുക അല്ലെങ്കില്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യം. സര്‍വനാശം വരുത്തുന്ന ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങള്‍ക്ക് എതിരെ ഏര്‍പ്പെടുത്തുന്ന ഉപരോധം ഈ ലക്ഷ്യത്തിന് വേണ്ടിയാണ് (എന്ന് പറയപ്പെടുന്നു). ഇത് എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണോ എന്ന മറുചോദ്യം ചോദിക്കരുത്. ലോകൈക നാശം വരുത്തുന്ന ആയുധങ്ങളുടെ ബട്ടണ്‍ കൈയില്‍ വെച്ചിരിക്കുന്നവര്‍ ആണ് മറ്റുള്ളവര്‍ ഇതൊന്നും ചെയ്തുകൂടാ എന്ന് ഉച്ചൈസ്തരം പറയുന്നത്. അമ്മാവന് അടുപ്പിലും ആവാം. മരുമക്കള്‍ക്ക് ആണ് പറമ്പിലും പാടില്ലാത്തത്. കാരണം മൂന്നാംലോക രാജ്യങ്ങള്‍ക്ക് പക്വത കുറവാണ്; ‘പിള്ളേര്‍ക്ക് അത് മതി’ എന്ന ലജ്ജികാത്തെരുവിലെ തത്വം. വിശ്വനാശം വരുത്തുന്ന ആയുധങ്ങള്‍ ഒരു രാജ്യത്തിന്റെ കൈവശം ഉണ്ട് എന്ന് മറ്റ് ചില രാജ്യങ്ങള്‍ പുരപ്പുറ പ്രഖ്യാപനം നടത്തുന്നത് അത്തരം ആയുധം അവിടെ ഉണ്ടെന്ന് മനസ്സിലായിട്ടൊന്നുമല്ല. ആ രാജ്യത്തെ അവസാനിപ്പിക്കുവാന്‍ ഒരു പുകമറ. ഉപരോധം കൊണ്ട് ശ്വാസം മുട്ടിച്ച്, യുദ്ധം കൊണ്ട് കീഴടക്കി, കയര്‍ കൊണ്ട് കുരുക്കിട്ട ഇറാഖില്‍ നിന്ന് ഒടുവില്‍ കണ്ടെടുത്തത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. 6000 വര്‍ഷത്തെ മനുഷ്യസംസ്‌കാര വികസനത്തിന്റെ ചരിത്രമാണ് ഒരു കീഴടക്കലിലൂടെ അവിടെ ചാമ്പലായത്.

രണ്ടാമത്, മനുഷ്യാവകാശങ്ങള്‍, ജനാധിപത്യം, നിയമവാഴ്ച എന്നിവ ഉറപ്പാക്കാന്‍. ഏതെങ്കിലും രാജ്യാധികാരി ജനങ്ങള്‍ക്ക് മനുഷ്യര്‍ എന്ന നിലയില്‍ അഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നുവെന്നിരിക്കട്ടെ, അവിടെ പരമാധികാര രാഷ്ട്രം എന്ന നിലയില്‍ മറ്റ് രാജ്യങ്ങള്‍ക്ക് നേരിട്ട് ഇടപെടാന്‍ ബുദ്ധിമുട്ടുണ്ട്. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപതികള്‍ അധികാരത്തില്‍ വരിക, കോടതികളുടെ അധികാരം പരിമിതമാക്കുക അല്ലെങ്കില്‍ ഇല്ലാതാക്കുക തുടങ്ങി ആധുനിക ഭരണ സംസ്‌കാരത്തിന് നിരക്കാത്തതായി സംഭവിക്കുന്ന രാജ്യങ്ങളിലും അത്തരം ഭരണാധികാരികളെ ഒറ്റപ്പെടുത്താന്‍ ഉപരോധം ആണ് മാര്‍ഗ്ഗം. മനുഷ്യാവകാശ സംരക്ഷണത്തിന്റെ കുത്തക ഏറ്റെടുത്തവര്‍ക്ക് അല്‍പ്പസ്വല്‍പ്പം ലംഘനം ചെയ്യാം. കസ്റ്റഡിയില്‍ എടുക്കുന്ന വനിതയെ മേശപ്പുറത്ത് മുട്ടുകാലിലും കയ്യിലും കമിഴ്ത്തിനിര്‍ത്തി നവദ്വാരങ്ങള്‍ പരിശോധിക്കുന്നത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ അളവുകോലില്‍ ‘വികസിത’ രാജ്യങ്ങളില്‍ പച്ചപ്രദേശത്താണ്. അവര്‍ മറ്റ് രാജ്യങ്ങളില്‍ മനുഷ്യാവകാശം സംരക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ഒരു അയല്‍രാജ്യത്ത് പലപ്പോഴും ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കി പട്ടാള ഏകാധിപതികള്‍ ഭരണം കയ്യാളാറുണ്ട്. അപ്പോഴൊന്നും അവിടെ വലിയ യജമാനന്മാര്‍ ഉപരോധവുമായി വരുന്നത് കണ്ടിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ കയറി നിയമവാഴ്ച എന്ന പദം പോലും അശ്ലീലമാക്കി മാറ്റിയപ്പോള്‍ ലോകപൊലീസ് ഉപരോധത്തിന്റെ ലാത്തിയുമായി അവിടെയെങ്ങും റോന്ത് ചുറ്റുന്നത് കാണാന്‍ കഴിഞ്ഞിരുന്നില്ല.

അന്താരാഷ്ട്ര ഉത്കണ്ഠ വളര്‍ത്തുന്ന സാഹചര്യങ്ങള്‍ ഉണര്‍ത്തുന്ന നയങ്ങള്‍ പിന്‍തുടരുന്ന രാജ്യങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനായി ഉപരോധം ഉപയോഗിക്കാറുണ്ട്. എന്താണ് അന്താരാഷ്ട്ര ഉത്കണ്ഠ എന്ന് ഇതുവരെ നിര്‍വചിക്കപ്പെട്ടിട്ടില്ല. അതാണതിന്റെ സൗകര്യം. ഇറാന്‍ എണ്ണ വില്‍ക്കുന്നത് എങ്ങിനെയാണ് അന്താരാഷ്ട്ര ഉത്കണ്ഠ ഉളവാക്കുന്നത് എന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. എണ്ണ വില്‍പ്പന റിയാലില്‍ നടത്തിയാല്‍ അമേരിക്കയുടെ നാണയത്തിന് ആവശ്യക്കാര്‍ അധികരിക്കില്ല എന്നത് നമുക്കറിയാം താനും. ബ്രെട്ടന്‍വുഡ് ഉടമ്പടിയ്ക്ക് ശേഷം ഡോളര്‍ മാത്രമേ ബഹുരാഷ്ട്ര ഇടപാടുകള്‍ക്ക് ഉപയോഗിക്കാവൂ എന്ന് തീരുമാനിച്ചിരുന്നതാണോ ഇപ്പോള്‍ റിയാല്‍ അന്താരാഷ്ട്ര ഉത്കണ്ഠ ജനിപ്പിക്കുന്നതിന് കാരണം എന്ന് പലരും പറയാതെ പറയുന്നു. അതൊരു നെല്ലിപ്പലക സിദ്ധാന്തമാണ്.

മുകളില്‍ പറഞ്ഞ മൂന്ന് സാഹചര്യങ്ങള്‍ക്കും ഉത്തരവാദികള്‍ ആയവരെ ശിക്ഷിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്താറുണ്ട്. അത് പ്രധാനമായും അന്താരാഷ്ട്ര സഞ്ചാരം വിലക്കിയും അന്താരാഷ്ട്ര സാമ്പത്തിക സംവിധാനത്തിലേക്കുള്ള പ്രവേശനം വിലക്കിയുമാണ്. വിവിധ രാജ്യങ്ങള്‍ക്ക് പുറമേ ഐക്യരാഷ്ട്ര സഭയും യാത്രാനിരോധനം ഏര്‍പ്പെടുത്താറുണ്ട്. യുഎന്‍ പ്രമേയം 2368 യാത്രാനിരോധനം സംബന്ധിച്ചുള്ളതാണ്. രാജ്യാന്തര സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള മാര്‍ഗ്ഗമായ ‘SWIFT’ ല്‍ പ്രവേശനം നിഷേധിച്ചാല്‍ അന്താരാഷ്ട്ര പണംകൈമാറ്റം നടത്താനാവില്ല. ‘SWIFT’ സോഫ്റ്റ് വെയറില്‍ ഉപരോധങ്ങള്‍ ഉള്ളവരുടെ ഡാറ്റ ഉണ്ട്. അവരുടെ ഇടപാടുകള്‍ സ്വിഫ്റ്റ് സംവിധാനം നിരാകരിക്കും.

ഭാര്യയുമൊത്ത് കാറില്‍ പോകുകയായിരുന്ന ആസ്‌ട്രോ-ഹംഗേറിയന്‍ സാമ്രാജ്യ കിരീടാവകാശി ആര്‍ച്ച്ഡ്യൂക്ക് ഫ്രാന്‍സ് ഫെര്‍ഡിനാന്‍ഡ് സെര്‍ബിയന്‍ ദേശീയതാവാദികളാല്‍ കൊല്ലപ്പെട്ടതാണ് ഒന്നാം ലോകമഹായുദ്ധം ആരംഭിക്കാനുണ്ടായ ഒരു കാരണം. 1914 ജൂണ്‍ 28ന് ആയിരുന്നു അത്. ജൂലൈ 28 ന് ലോകയുദ്ധം ആരംഭിച്ചു. ജര്‍മ്മനി, ഓസ്ട്രിയ-ഹംഗറി എന്നിവര്‍ ഒരു ഭാഗത്തും സെര്‍ബിയ, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ബെല്‍ജിയം, ജപ്പാന്‍ എന്നിവ മറുഭാഗത്തും ആയിട്ടാണ് യുദ്ധം തുടങ്ങിയത്. അമേരിക്ക ആദ്യം യുദ്ധത്തില്‍ ചേര്‍ന്നിരുന്നില്ല. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം,1917ഏപ്രില്‍ 6 ന് ആണ് അമേരിക്ക യുദ്ധത്തില്‍ പങ്കാളിയാവുന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വുഡ്രോ വില്‍സണ്‍ സായുധ യുദ്ധത്തിന് പകരം ഉപരോധങ്ങളിലൂടെ ജര്‍മ്മനി-ആസ്ട്രിയ-ഹംഗറി അച്ചുതണ്ടിനെ വരുതിയില്‍ ആക്കണമെന്ന ആശയക്കാരന്‍ ആയിരുന്നു. ‘ഉപരോധങ്ങള്‍ മാരകശക്തിയുള്ളതും അത്യധികം ഫലപ്രദമായ നയതന്ത്ര ഉപകരണവും ആണ്’ എന്നാണ് വുഡ്രോ വില്‍സണ്‍ ആദ്യം അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ യുദ്ധം അമേരിക്കയ്ക്ക് അതിയായ ഉപകാരമാണ് നല്‍കിയത്. ലോക നാണയം എന്ന നിലയില്‍ നിന്ന് ബ്രിട്ടീഷ് പൗണ്ട് അസ്തമിച്ചു. പകരം അമേരിക്കന്‍ ഡോളര്‍ മുന്നണിയില്‍ എത്തി. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം അമേരിക്കയില്‍ ആയി. അമേരിക്കന്‍ യുദ്ധോപകരണങ്ങള്‍ക്ക് ലോകമെമ്പാടും ആവശ്യക്കാരായി. അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് യുദ്ധങ്ങള്‍ വലിയ ഉത്തേജനം ആണ് നല്‍കിയത്. ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിയില്‍ വെച്ച് അമേരിക്കന്‍ ഉടമസ്ഥതയില്‍ ഉള്ള വില്യം എന്ന കപ്പല്‍ ജര്‍മ്മനി മുക്കി. പക്ഷേ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടു. 1915 ല്‍ ആയിരുന്നു അത്. എന്നാല്‍ 1917 ല്‍ യുദ്ധജലത്തിലുള്ള ഏത് കപ്പലും ആക്രമിക്കുമെന്ന് ജര്‍മ്മനി പ്രഖ്യാപിച്ചു. തുടര്‍ന്ന് അമേരിക്കന്‍ ഉടമസ്ഥതയിലുള്ള ഹൂസ്റ്റേറ്റോണിക് എന്ന കപ്പല്‍ ജര്‍മ്മനി മുക്കി. അതോടെ അമേരിക്ക ജര്‍മ്മനിയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. വീണ്ടും മാര്‍ച്ച് മാസത്തില്‍ അമേരിക്കയുടെ നാല് കച്ചവടക്കപ്പലുകള്‍ ജര്‍മ്മനി മുക്കി. അതോടെ, ഏപ്രില്‍ 2 ന് ജര്‍മ്മനിയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന പ്രമേയം വുഡ്രോ വില്‍സണ്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് മുന്‍പാകെ സമര്‍പ്പിച്ചു. നാല് ദിവസത്തിന് ശേഷം പ്രമേയം പാസ്സായി, അമേരിക്ക യുദ്ധത്തില്‍ ചേര്‍ന്നു.

ഉപരോധത്തിന് ആണെങ്കിലും യുദ്ധത്തിനാണെങ്കിലും അമേരിക്കയെ സന്നദ്ധമാക്കുന്നത് അതിന്റെ വ്യാപാര താത്പര്യങ്ങള്‍ ആണ്. തങ്ങളുടെ വ്യാപാര മോഹങ്ങള്‍ക്ക് തടസ്സമാവുമെന്ന് തോന്നുന്ന എന്തിനേയും ഐക്യരാഷ്ട്രസംഘടന മുഖേന തടസ്സപ്പെടുത്തുക എന്ന നയമാണ് അമേരിക്ക നടപ്പിലാക്കുന്നത്. ഐക്യരാഷ്ട്രസംഘടന നിലവില്‍ വരുന്നതിന് മുന്‍പുണ്ടായിരുന്ന ലീഗ് ഓഫ് നേഷന്‍സ് കാലത്തും ഇതായിരുന്നു സ്ഥിതി. സായുധ യുദ്ധത്തിന് പകരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് അതിനുള്ള ചെലവ് യുദ്ധച്ചെലവിനെ അപേക്ഷിച്ച് തുലോം കുറവ് ആവുന്നു. അതാണ് ഉപരോധം എന്ന മാര്‍ഗ്ഗം ഐക്യരാഷ്ട്രസംഘടനയും അമേരിക്കന്‍ ഐക്യനാടുകളും ഉപയോഗിക്കുന്നത്. ലക്ഷ്മണരേഖകള്‍ വരയ്ക്കുന്നവര്‍ക്ക് വരച്ചാല്‍ മതി. അതിന് വിധേയമാവുന്നവര്‍ ആണ് വില നല്‍കുന്നത്. ലോക പോലീസുകാരന്റെ തിട്ടൂരം നടപ്പാവുന്നു. ആന്‍ഡ്രിയ ഡിവോര്‍കിന്‍ പറയുന്നത് ജീവശാസ്ത്രപരമായ വ്യത്യാസങ്ങള്‍ ആണ് സാമൂഹ്യപരവും രാഷ്ട്രീയപരവുമായ വിവേചനങ്ങള്‍ക്ക് കാരണം എന്നും അതിനെത്തുടര്‍ന്നാണ് കൂട്ടഹത്യകള്‍ ഉണ്ടാവുന്നത് എന്നുമാണ്. എന്നാല്‍ രാഷ്ട്രീയവും സാമൂഹ്യവുമായ വ്യത്യാസങ്ങള്‍ ആണ് ഇന്ന് (എന്നും) സാമ്പത്തികമായ വിവേചനങ്ങള്‍ക്ക്, ഉപരോധങ്ങള്‍ക്ക്, ആധാരം. അവിടെ കൂട്ട ആത്മഹത്യകള്‍ സംഭവിക്കുന്നത് ഉപരോധത്തിന്റെ ലക്ഷ്മണരേഖകള്‍ വരയ്ക്കുന്നവര്‍ കാരണമാണ്.

Categories: FK Special, Slider

Related Articles