ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാം, സിറിയയിലേക്ക് പോകില്ലെന്ന ഉറപ്പുണ്ടെങ്കില്‍: ബ്രിട്ടന്‍

ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുനല്‍കാം, സിറിയയിലേക്ക് പോകില്ലെന്ന ഉറപ്പുണ്ടെങ്കില്‍: ബ്രിട്ടന്‍

‘ഇറാനില്‍ നിന്നുള്ള കപ്പലാണെന്നതല്ല, സിറിയയിലേക്ക് പോകുന്ന കപ്പലാണെന്നതാണ് പ്രശ്‌നം’

ലണ്ടന്‍: കപ്പലിനുള്ളിലെ എണ്ണ സിറിയയിലേക്ക് കൊണ്ടുപോകില്ലെന്ന് ഉറപ്പ് നല്‍കുകയാണെങ്കില്‍ ജിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പല്‍ വിട്ടുകൊടുക്കാന്‍ തയാറാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെറമി ഹണ്ട്. ഇത് സംബന്ധിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയെന്നും ജിബ്രാള്‍ട്ടറിലെ കോടതി നടപടികള്‍ക്ക് ശേഷം കപ്പല്‍ വിട്ടുനല്‍കാനുള്ള സൗകര്യം യുകെ ഒരുക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞതായും ഹണ്ട് അറിയിച്ചു.

പ്രഭവ സ്ഥാനം പരിഗണിച്ചല്ല, ലക്ഷ്യസ്ഥാനം പരിഗണിച്ചാണ് ജ്രിബ്രാള്‍ട്ടര്‍ സര്‍ക്കാര്‍ കപ്പല്‍ തടങ്കലില്‍ വെച്ചിരിക്കുന്നതെന്ന് ഇറാനോട് ആവര്‍ത്തിച്ചതായും ഹണ്ട് വ്യക്തമാക്കി.”സിറിയക്ക് മേലുള്ള യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. ഉപരോധത്തിലുള്ള സിറിയന്‍ സ്ഥാപനത്തിലേക്കുള്ളതായിരുന്നു കപ്പലിലെ എണ്ണ എന്നതുകൊണ്ടാണ് അതിനെതിരെ നടപടി സ്വീകരിച്ചത്, അല്ലാതെ അത് ഇറാനില്‍ നിന്നുള്ളതായിരുന്നു എന്നതുകൊണ്ടല്ല”.

ജൂലൈ നാലിനാണ് ബ്രിട്ടീഷ് മെഡിറ്ററേനിയന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോകുകയാണെന്ന സംശയത്തില്‍ ഇറാന്റെ ഗ്രേസ് 1 എന്ന എണ്ണക്കപ്പല്‍ ബ്രിട്ടീഷ് റോയല്‍ മറൈന്‍ സേന പിടിച്ചെടുത്തത്. കപ്പല്‍ സിറിയയിലേക്ക് ഉള്ളതാണെന്ന ആരോപണം നിഷേധിച്ച ഇറാന്‍ അത് വിട്ടുനല്‍കണമെന്നും ആവശ്യപ്പെട്ടു.

ഹോര്‍മൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുകെയുടെ കപ്പല്‍ തടയാന്‍ ഇറാന്‍ ബോട്ടുകള്‍ ശ്രമിച്ചുവെന്ന് ബ്രിട്ടന്‍ ആരോപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് സരീഫും ഹണ്ടും ചര്‍ച്ച നടത്തിയത്. ബ്രിട്ടന്റെ യുദ്ധക്കപ്പലിന്റെ സഹായത്തോടെയാണ് പ്രസ്തുത കപ്പലിനെ രക്ഷിക്കാനായത്. തുടര്‍ന്ന് അറബിക്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് സംരംക്ഷണം നല്‍കാന്‍ ബ്രിട്ടന്‍ നശീകരണക്കപ്പലിനെ നിയോഗിച്ചു. പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പരിഹരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും സരീഫ് അറിയിച്ചതായും ഹണ്ട് പറഞ്ഞു.

Comments

comments

Categories: Arabia
Tags: Iran