ഇന്ത്യയില്‍ ലയന-ഏറ്റെടുക്കല്‍ ഇടപാടുകള്‍ കുറഞ്ഞു

ഇന്ത്യയില്‍ ലയന-ഏറ്റെടുക്കല്‍ ഇടപാടുകള്‍ കുറഞ്ഞു
  • നടപ്പു വര്‍ഷം ആദ്യ ആറ് മാസത്തിനിടെ രാജ്യത്തെ ലയന-ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യം 34 ബില്യണ്‍ ഡോളറായി ചുരുങ്ങി
  • മൊത്തം 183 ലയന-ഏറ്റെടുക്കല്‍ ഇടപാടുകളാണ് ജനുവരി-ജൂണില്‍ നടന്നത്
  • 2018ല്‍ ജനുവരി-ജൂണില്‍ 234 ഇടപാടുകള്‍ നടന്നിരുന്നു

മുംബൈ: സാമ്പത്തിക മാന്ദ്യവും സംരക്ഷണവാദ നടപടികളും നിയമ യുദ്ധങ്ങളും ലയന-ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യ-പസഫിക് മേഖലയില്‍ ലയന-ഏറ്റെടുക്കല്‍ ഇടുപാടുകളുടെ കാര്യത്തില്‍ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ. എന്നാല്‍, നടപ്പു വര്‍ഷം ആദ്യ ആറ് മാസത്തിനിടെ രാജ്യത്തെ ലയന-ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യം 34 ബില്യണ്‍ ഡോളറായി ചുരുങ്ങിയിട്ടുണ്ടെന്ന് മെര്‍ജര്‍ മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മൊത്തം 183 ലയന-ഏറ്റെടുക്കല്‍ ഇടപാടുകളാണ് നടപ്പു വര്‍ഷം ആദ്യ ആറ് മാസത്തിനിടെ നടന്നിട്ടുള്ളത്. 2018ല്‍ സമാന കാലയളവില്‍ 234 ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്. തദ്ദേശീയ ലയന-ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യം 53 ശതമാനം കുറഞ്ഞു. 12 ബില്യണ്‍ ഡോളറിന്റെ തദ്ദേശീയ ഇടപാടുകളാണ് കഴിഞ്ഞ ആറ് മാസത്തിനിടെ നടന്നത്.

അതേസമയം, വിദേശ ലയന ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യം ജനുവരി-ജൂണില്‍ 1.4 ബില്യണ്‍ ഡോളറായി ചുരുങ്ങി. സ്വകാര്യ ഇക്വിറ്റി ഏറ്റെടുക്കല്‍ ഇടപാടുകളുടെ മൂല്യത്തില്‍ 46 ശതമാനം ഇടിവാണ് ഇക്കാലയളവില്‍ ഉണ്ടായത്. മൊത്തം നാല് ബില്യണ്‍ ഡോളറിന്റെ 42 ഇടപാടുകളാണ് ഈ വിഭാഗത്തില്‍ ആറ് മാസത്തിനിടെ നടന്നത്. സ്വകാര്യ ഇക്വിറ്റി വിദേശ പുറത്തുപോക്ക് 93 ശതമാനം കുറഞ്ഞ് രണ്ട് ബില്യണ്‍ ഡോളറായി. 23 ഇടപാടുകളിലായാണിത്. കഴിഞ്ഞ വര്‍ഷം ജനുവരി-ജൂണില്‍ 32 ബില്യണ്‍ ഡോളറിന്റെ 36 ഇടപാടുകള്‍ നടന്ന സ്ഥാനത്താണിത്.

2018-2019 സാമ്പത്തിക വര്‍ഷം 6.8 ശതമാനത്തിന്റെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് രാജ്യം രേഖപ്പെടുത്തിയത്. അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. എന്നാല്‍, വളര്‍ച്ച വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചെലവിടല്‍ വര്‍ധിപ്പിച്ചതും ചില മേഖലകളിലെ വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ ലളിതമാക്കിയതും ഉപഭോക്തൃ ആവശ്യകതയും നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള മറ്റ് നടപടികളും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യക്ക് ഏഴ് ശതമാനം വളര്‍ച്ച വീണ്ടെടുക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നടപ്പു വര്‍ഷം ആദ്യ പകുതിയില്‍ കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്കായിട്ടില്ല. യുഎസ്-ചൈന വ്യാപാര തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ യുഎസ് കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപത്തില്‍ 91 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 30 ഇടപാടുകളിലായി രണ്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇക്കാലയളവില്‍ യുഎസില്‍ നിന്നും ഇന്ത്യയിലേക്ക് ഒഴുകി.

ആര്‍സെലര്‍മിത്തലും നിപ്പോണ്‍ സ്റ്റിലും ചേര്‍ന്ന് എസ്സാര്‍ സ്റ്റീല്‍ ഏറ്റെടുക്കുന്നതിന് ആറ് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കരാര്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും വലിയ ഇടപാടുകള്‍ നടന്നിട്ടുള്ളത് ധനകാര്യ സേവന മേഖലയിലാണ്. പത്ത് ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ ഇടപാടുകളാണ് ഇക്കാലയളവില്‍ മേഖലയില്‍ നടന്നത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ധനകാര്യ സേവന വിഭാഗത്തില്‍ ഇടപാടുകളുടെ മൂല്യം ഇരട്ടിയോളം ഉയര്‍ന്നിട്ടുണ്ട്. ബന്ധന്‍ ബാങ്കും ഗ്രഹ് ഫിനാന്‍സും തമ്മിലുള്ള മൂന്ന് ബില്യണ്‍ ഡോളറിന്റെ ഇടപാടും പവര്‍ ഫിനാന്‍സും ആര്‍ഇസിയും തമ്മിലുള്ള രണ്ട് ബില്യണ്‍ ഡോളറിന്റെ ഇടപാടും ഇതില്‍പെടുന്നു. അടിസ്ഥാനസൗകര്യ, മാനുഫാക്ച്ചറിംഗ് വിഭാഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ളതെന്ന് മെര്‍ജര്‍ മാര്‍ക്കറ്റ് പറയുന്നു. വരും മാസങ്ങൡ ഈ രണ്ട് മേഖലകള്‍ കേന്ദ്രീകരിച്ച് തദ്ദേശീയതലത്തില്‍ കൂടുതല്‍ ലയന-ഏറ്റെടുക്കലുകള്‍ ഉണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Comments

comments

Categories: Business & Economy