ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ അനാവരണം ചെയ്തു

ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ അനാവരണം ചെയ്തു

ഇലക്ട്രിക് ക്രൂസറിന്റെ പ്രീ-ഓര്‍ഡര്‍ വൈകാതെ സ്വീകരിച്ചുതുടങ്ങും. വില്‍പ്പന അടുത്ത വര്‍ഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

മില്‍വൗക്കീ, യുഎസ് : ഹാര്‍ലി ഡേവിഡ്‌സണിന്റെ ആദ്യ ഇലക്ട്രിക് മോട്ടോര്‍സൈക്കിളായ ലൈവ്‌വയര്‍ അനാവരണം ചെയ്തു. ഇലക്ട്രിക് ക്രൂസറിന്റെ പ്രീ-ഓര്‍ഡര്‍ സ്വീകരിച്ചുതുടങ്ങുമെന്ന് അമേരിക്കന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കള്‍ അറിയിച്ചു. അടുത്ത വര്‍ഷം വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആക്‌സെലറേഷന്‍ സമയത്ത് ഹാര്‍ലി ഡേവിഡ്‌സണിന്റെ തനതായ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്നത് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതയാണ്. സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമില്‍ നിര്‍മ്മിച്ചിരിക്കുന്നു.

2018 ഐക്മയിലും (മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ) 2019 കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലും കണ്‍സെപ്റ്റ് രൂപത്തില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ ലൈവ്‌വയര്‍ അരങ്ങേറ്റം നടത്തിയിരുന്നു. പ്രൊഡക്ഷന്‍ വേര്‍ഷനാണ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്.

എച്ച്-ഡി കണക്റ്റ് എന്ന് വിളിക്കുന്ന ടെലിമാറ്റിക്‌സ് സിസ്റ്റം ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്. ബാറ്ററി ചാര്‍ജ്, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ ഹാര്‍ലിയുടെ കണക്റ്റ് ആപ്പ് വഴി ഉടമകളെ അറിയിക്കും. ലൈവ്‌വയറിനെ ആദ്യ സെല്ലുലാര്‍ കണക്റ്റഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആക്കുകയാണ് ഹാര്‍ലി ഡേവിഡ്‌സണിന്റെ ലക്ഷ്യം. വിവിധ റൈഡിംഗ് മോഡുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവയും സവിശേഷതകളാണ്.

പെര്‍ഫോമന്‍സ് സംബന്ധിച്ച സ്‌പെസിഫിക്കേഷനുകളും വിശദാംശങ്ങളും ഹാര്‍ലി ഡേവിഡ്‌സണ്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.5 സെക്കന്‍ഡ് മതി. നഗരങ്ങളിലെ റൈഡിംഗ് സാഹചര്യങ്ങളില്‍ 177 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

‘റെവലേഷന്‍’ ഡ്രൈവ്‌ട്രെയ്ന്‍ എന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ വിളിക്കുന്ന പുതിയ ഇലക്ട്രിക് മോട്ടോറാണ് ലൈവ്‌വയറിന് കരുത്തേകുന്നത്. ബെല്‍റ്റ്‌ഡ്രൈവാണ് പുതിയ ഡ്രൈവ്‌ട്രെയ്ന്‍ ഉപയോഗിക്കുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) എന്നീ റൈഡ് അസിസ്റ്റ് ഫീച്ചറുകളെ ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു) സഹായിക്കും. ഫൂട്ട് പെഗ്ഗുകള്‍ പിന്നിലേക്ക് നല്‍കിയിരിക്കുന്നു. ബ്രെംബോ കാലിപറുകള്‍ ലഭിച്ചു. ഇന്‍വെര്‍ട്ടഡ് ഷോവ ഫോര്‍ക്കുകളും മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും.

Comments

comments

Categories: Auto