സമയമെങ്ങനെ ചെലവഴിക്കുന്നെന്ന് സര്‍ക്കാര്‍ അളക്കുന്നു

സമയമെങ്ങനെ ചെലവഴിക്കുന്നെന്ന് സര്‍ക്കാര്‍ അളക്കുന്നു

2019 ജനുവരിയില്‍ ആരംഭിച്ച സര്‍വേ ഡിസംബറില്‍ പൂര്‍ത്തിയാവും

ലക്‌നൗ: രാജ്യത്തെ പൗരന്‍മാര്‍ തങ്ങളുടെ സമയം എങ്ങനെ ചെലവഴിക്കുന്നുവെന്ന് മനസിലാക്കുന്നതിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ടൈം യൂസര്‍ സര്‍വെ നടത്തുന്നു. നാല് ഘട്ടങ്ങളിലായി ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാകും ശേഖരിക്കുന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിനു കീഴില്‍ നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസാണ് സര്‍വേ സംഘടിപ്പിക്കുന്നത്. രാജ്യത്തുടനീളം ഇത്തരമൊരു സര്‍വേ സംഘടിപ്പിക്കുന്നത് നടാടെയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വേയുടെ ചെറു പതിപ്പ് 1998-99 ല്‍ കേരളം, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്. ഒഡീഷ, മേഘാലയ എന്നീ ആറ് സംസ്ഥാനങ്ങളില്‍ നടത്തിയിരുന്നു. ആളുകളുടെ ജോലിയെ പെയ്ഡ്, അണ്‍ പെയ്ഡ് എന്നിങ്ങന രണ്ട് വിഭാഗമായി തിരിച്ചാണ് കണക്കെടുക്കുന്നത്.

വരുമാനം നേടാന്‍ സഹായിക്കുന്ന ബിസിനസുകളിലും തൊഴിലുകളിലും ചെലവഴിക്കുന്ന സമയത്തെയാണ് പെയ്ഡ് വിഭാഗത്തില്‍ അളക്കുന്നത്. സന്നദ്ധപ്രവര്‍ത്തനം, ആഭ്യന്തര, ഗൃഹ സേവനങ്ങള്‍ ഉള്‍പ്പെടയുള്ള പേമെന്റ് ഇല്ലാത്ത സംരംഭങ്ങളിലെ വിവരങ്ങള്‍ രണ്ടാമത്തെ വിഭാഗത്തില്‍ അളക്കുമെന്നും ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ പ്രവീണ്‍ ശ്രീവാസ്തവ പറഞ്ഞു. ‘ജനങ്ങള്‍ എങ്ങനെയാണ് അവരുടെ സമയം ചെലവഴിക്കുന്നത് എന്നാണ് സര്‍വേ വിശകലനം ചെയ്യുക. അവരുടെ ജോലികളില്‍ നിന്ന് വലിയ സാമ്പത്തിക ഇടപാടുകള്‍ യാഥാര്‍ത്ഥ്യമാകുന്നുണ്ട്. എന്നാല്‍ അണു കുടുംബങ്ങളില്‍ ദമ്പതികള്‍ വീട്ടുജോലിക്കും മറ്റുമായും ധാരാളം സമയം ചെലവഴിക്കുന്നുണ്ട്. ഉദാഹരണത്തിന് പാചകം, കുട്ടികളുടെ പരിപാലനം എന്നിവ നിര്‍വഹിച്ചുകൊണ്ട് വനിതകള്‍ പുരുഷന്‍മാരെ പല മേഖലകളില്‍ സമയം ചെലവഴിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത്തരം പ്രവൃത്തികളുടെ വിവരങ്ങള്‍ ഇതുവരെ ശേഖരിക്കുകയോ ഒത്തുനോക്കുകയോ ചെയ്തിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Categories: FK News