സമ്പന്നര്‍ പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം

സമ്പന്നര്‍ പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതം

കാലാവസ്ഥാവ്യതിയാനത്തില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കാന്‍ സമ്പന്നര്‍ ധൂര്‍ത്ത് ഉപേക്ഷിക്കണം

സമ്പന്നര്‍ക്ക് ഭാരിച്ച സ്വത്ത് കൂടാതെ, മറ്റുള്ളവരെ അപേക്ഷിച്ച് അവര്‍ പുറംതള്ളുന്ന കാര്‍ബണിന്റെ അളവും കൂടുതലാണ്. ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൂട്ടുക, വലിയ യാത്രകള്‍ക്കായി ഫോസില്‍ ഇന്ധനങ്ങള്‍ കാര്യമായി ചെലവാക്കുകയും തല്‍ഫലമായി കൂടുതല്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുകയും ചെയ്യുന്നു. ചുറ്റിക്കറങ്ങുക, ആഡംബര വസ്തുക്കള്‍ വാങ്ങുക, മാളികകള്‍ സംരക്ഷിക്കുക, വില കൂടിയ കാറുകള്‍ ഓടിക്കുകതുടങ്ങിയവയെല്ലാം വലിയ തോതില്‍ കാര്‍ബണ്‍ പുറത്തുവിടുന്ന പ്രവര്‍ത്തനങ്ങളാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പുറംതള്ളുന്ന കാര്‍ബണ്‍ അളവ് പരമദരിദ്രരായ 10 ശതമാനം പുറംതള്ളുന്നതിനേക്കാള്‍ 175 ശതമാനം ഇരട്ടിയാണ്. എന്നാല്‍ കാലാവസ്ഥാ പ്രതിസന്ധിയെ സഹായിക്കാന്‍ സമ്പന്നര്‍ക്ക്് കഴിയുമെന്ന് ചിലര്‍ വാദിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ സമ്പന്നരുടെ വാങ്ങല്‍ തീരുമാനങ്ങള്‍ സാധാരണക്കാരുടെ തീരുമാനത്തേക്കാള്‍ വളരെ കൂടുതലാണ്.

പോട്സ്ഡാം ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ഇംപാക്റ്റ് റിസര്‍ച്ചിലെ ഇലോന ഓട്ടോയും സംഘവും കണക്കാക്കുന്നത് അതിസമ്പന്നമയ കുടുംബം പ്രതിവര്‍ഷം 129 ടണ്‍ കാര്‍ബണ്‍ പുരംതള്ളുമെന്നാണ്. ഇതില്‍് 65 ടണ്‍ കാര്‍ബണ്‍ ഒരു വ്യക്തി മാത്രം ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഇത് ആഗോള ശരാശരിയേക്കാള്‍ 10 ഇരട്ടിയാണ്.ഈ കണക്കുകള്‍ കോടീശ്വരന്മാര്‍ പുറംതള്ളുന്ന യഥാര്‍ത്ഥ കാര്‍ബണിനേക്കാള്‍ തുലോം കുറവായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ജീവിതശൈലി തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചിടത്തോളം, സമ്പന്നര്‍ക്ക് വളരെയധികം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയും, ഉദാഹരണത്തിന്, വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിക്കുക, ഇലക്ട്രിക് കാറുകള്‍ വാങ്ങുക, വിമാനയാത്രകള്‍് ഒഴിവാക്കുക എന്നിവയൊക്കെ ഉചിത മാര്‍ഗങ്ങളാണ്. വിമാനയാത്രകളില്‍ നിന്നുണ്ടാകുന്ന കാര്‍ബണ്‍ പുറംതള്ളലില്‍ പകുതിയും അതിസമ്പന്നരായ ദമ്പതികള്‍ ഉണ്ടാക്കുന്നതാണ്.

സമ്പന്നര്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ കൂടുതല്‍ എളുപ്പമുണ്ടാകുമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ഉയര്‍ന്ന വരുമാനമുള്ള ഒരു ഉപഭോക്താവിന് ഇഷ്ടമുള്ളതു വാങ്ങാന്‍ പ്രാപ്തിയുണ്ടാകും. കൂടാതെ പ്രകൃതിസൗഹൃദ ഉല്‍പ്പന്നങ്ങളോ പ്രാദേശിക കര്‍ഷകരില്‍ നിന്ന് വിളകളോ വാങ്ങാനും കഴിയും. അതേ പോലെ പണക്കാര്‍ക്ക് ഏറ്റവും മുന്തിയ സാധനങ്ങളും സേവനങ്ങളും കരഗതമാകും. പുതിയ ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ പരീക്ഷിക്കുന്നതിനുള്ള വിഭവങ്ങള്‍ ഉയര്‍ന്ന വരുമാനമുള്ള നഗരങ്ങള്‍ക്കും ഉയര്‍ന്ന വരുമാനമുള്ള വ്യക്തികള്‍ക്കും ഉണ്ട്, ചരക്കുകള്‍ക്ക് കൂടുതല്‍ സുസ്ഥിര വിപണി സൃഷ്ടിക്കാനുള്ള ശേഷിയും അവര്‍ക്കുണ്ട്. പണം ചെലവഴിക്കാന്‍ ഏത് വ്യവസായങ്ങളില്‍ നിക്ഷേപിക്കണം അല്ലെങ്കില്‍ നിക്ഷേപിക്കരുതെന്ന് സമ്പന്നര്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. ഫോസില്‍ ഇന്ധനമേഖലയില്‍ ബിസിനസ്സ് താല്‍പ്പര്യമുള്ള പട്ടികയിലുള്ള ശതകോടീശ്വരന്മാരുടെ എണ്ണം 2010 ല്‍ 54 ല്‍ നിന്ന് 2015 ല്‍ 88 ആയി ഉയര്‍ന്നുവെന്നും അവരുടെ സമ്പാദ്യത്തിന്റെ വലുപ്പം 200 ബില്യണ്‍ ഡോളറില്‍ നിന്ന് 300 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചതായും കണക്കാക്കുന്നു.

എന്നാല്‍ സമ്പന്നരായ നിക്ഷേപകര്‍ പരിസ്ഥിതിക്കു ഹാനികരമായ വ്യവസായങ്ങളിലെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കുന്ന പ്രവണത പുതുതായി കാണാനാകുന്നു. 1,100 ലധികം കമ്പനികളും 59,000 വ്യക്തികളു ചേര്‍ന്ന് 8.8 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ഫോസില്‍ ഇന്ധനപദ്ധതികളില്‍ നിന്ന് പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഡൈവസ്റ്റ് ഇന്‍വെസ്റ്റ് എന്ന ഓണ്‍ലൈന്‍ പ്രസ്ഥാനത്തിലൂടെയാണിത്. ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോയും അദ്ദേഹം നേതൃത്വം വഹിക്കുന്ന പരിസ്ഥിതി ഫൗണ്ടേഷനും അവര്‍ക്കു സ്വാധീനമുള്ള 22 വ്യക്തികളും തങ്ങളുടെ നിക്ഷേപം എണ്ണ, വാതകം, കല്‍ക്കരി പദ്ധതികളില്‍ നിന്ന് പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചു. സമ്പന്നര്‍ സാമ്പത്തികകാര്യങ്ങളില്‍ മാത്രം തീരുമാനമെടുക്കുന്നവരല്ല, അവര്‍ക്ക് രാഷ്ട്രീയ സ്വാധീനവും ഉണ്ടാകും. അവര്‍ സഹായിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും പ്രചാരണങ്ങളിലും നിര്‍ണായക തീരുമാനമെടുക്കാന്‍ കഴിയുന്ന അവര്‍ക്ക് ഭരണം ലഭിച്ചാല്‍ സര്‍ക്കാരിലും വ്യക്തമായ അധീശത്വമുണ്ടാകും.

പരിസ്ഥിതി സംരക്ഷണത്തെ പിന്തുണയ്ക്കാനും സമ്പന്നവിഭാഗത്തിനു കഴിയും. 2015 ല്‍, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് തന്റെ സമ്പത്തില്‍ രണ്ടു ബില്യണ്‍ ഡോളര്‍ പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ ഗവേഷണത്തിനും വികസനത്തിനും ചെലവഴിച്ചതായി കണ്ടെത്തി. മേയ് മാസത്തില്‍, ഒരു സംഘം ശാസ്ത്രജ്ഞര്‍ ബ്രിട്ടണിലെ 100 സമ്പന്ന കുടുംബങ്ങള്‍ക്കും സാമ്പത്തികശേഷിയുള്ള സന്നദ്ധ സംഘടനകള്‍ക്കും പാരിസ്ഥിതികവും കാലാവസ്ഥയുമായി ബന്ധപ്പെട്ടതുമായ പ്രശ്‌നങ്ങള്‍ക്കുള്ള ധനസഹായത്തില്‍ അസാധാരണമായ വര്‍ദ്ധനവ് ആവശ്യപ്പെട്ട് കത്തെഴുതി. കാലാവസ്ഥസംരക്ഷണ നടപടി ആവശ്യപ്പെടാന്‍ സമ്പന്നര്‍ക്ക് ധാരാളം പ്രോത്സാഹനങ്ങള്‍ ഉണ്ട്. കാലാവസ്ഥാ നയങ്ങള്‍ വൈകുന്നത് ലോകത്തെ മുന്‍നിര കമ്പനികള്‍ക്ക് അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 1.2 ട്രില്യണ്‍ ഡോളര്‍ നഷ്ടമുണ്ടാക്കുമെന്ന് യുഎന്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കി.

Comments

comments

Categories: Health