- ബിപിഎസ്എല്‍ 1,774.82 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി അലഹബാദ് ബാങ്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു
- കൂടുതല്‍ ബാങ്കുകള്‍ ബിപിഎസ്എല്ലിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്
ന്യൂഡെല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്കിന് പുറമെ മറ്റൊരു പൊതുമേഖലാ സ്ഥാപനമായ അലഹബാദ് ബാങ്കും തട്ടിപ്പിനരയായതായി റിപ്പോര്‍ട്ട്. ഭൂഷണ് പവര്‍ ആന്‍ഡ് സ്റ്റീല്‍ ബാങ്കിനെ കബളിപ്പിച്ച് 1,774.82 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി അലഹബാദ് ബാങ്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ അറിയിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 3,805.15 കോടിയുടെ തട്ടിപ്പാണ് നടത്തിയ ഭൂഷണ് പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് എന്ന കമ്പനി നടത്തിയത്. നേരത്തെ വജ്ര വ്യാപാരി നീരവ് മോദി ബാങ്കിന്റെ ജാമ്യ രേഖ ഉപയോഗിച്ച് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് പുരോഗമിക്കുന്നതിനിടെയാണ് പുതിയ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
പിഎന്‍ബിക്ക് പുറമെ കൂടുതല്‍ ബാങ്കുകള്‍ ബിപിഎസ്എല്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് അലഹബാദ് ബാങ്കും തട്ടിപ്പ് നടന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലും ബാങ്കിന്റെ ഫണ്ടില്‍ ബിപിഎസ്എല്‍ തിരിമറി നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ബാങ്കിനെതിരെയും ഡയറക്റ്റര്മാര്ക്കെതിരെയും സിബിഐ സ്വമേധയാ എടുത്ത കേസിലെ അന്വേഷണത്തിലും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തട്ടിപ്പ് പുറത്തുവന്നതെന്ന് ബാങ്ക് ആര്‍ബിഐയെ അറിയിച്ചു.
ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചും രേഖകളില്‍ കൃത്രിമം കാണിച്ചും ഭൂഷണ് പവര്‍ ആന്‍ഡ് പണം തട്ടിയെന്നാണ് പിഎന്‍ബി പറയുന്നത്. പിഎന്‍ബി കമ്പനിക്ക് നല്‍കിയിട്ടുള്ള 4,399 കോടി രൂപയുടെ വായ്പയില്‍ ഏകദേശം 85 ശതമാനം തുക കബളിപ്പിച്ച് നേടിയതാണ്. ബാങ്ക് വായ്പ ദുര്‍വിനിയോഗം ചെയ്തതായാണ് അലഹബാദ് ബാങ്കിന്റെയും ആരോപണം. വായ്പയെടുക്കുന്നതിന് രേഖകളില്‍ കൃത്രിമം കാണിച്ചും എക്കൗണ്ട് ബുക്കുകളില്‍ തിരിമറി നടത്തിയും ബാങ്കുകളെ കബളിപ്പിച്ചതായി അലഹബാദ് ബാങ്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ബിപിഎസ്എല്ലിന്റെ വായ്പ എക്കൗണ്ടിനായി ഇതിനോടകം 900.20 അലഹബാദ് ബാങ്ക് നീക്കിവെച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. മികച്ച തുക കേസില്‍ വീണ്ടെടുക്കാനാകുമെന്ന് തന്നെയാണ് പിഎന്‍ബിയെ പോലെ അലഹബാദ് ബാങ്കും പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ബാങ്കുകള്‍ ബിപിഎസ്എല്ലിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
2017 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 33 ബാങ്കുകളില്‍ നിന്ന് ബിപിഎസ്എല്‍ വായ്പകള്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പാപ്പരായി പ്രഖ്യാപിക്കാന്‍ അപേക്ഷ നല്കി കാത്തിരിക്കുകയാണ് കമ്പനി. കമ്പനിയുടെ അവശേഷിക്കുന്ന ആസ്തിയില്‍ നിന്ന് നഷ്ടമായ പണം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബാങ്ക്.
പിഎന്‍ബി, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ഐഡിബിഐ ബാങ്ക്, യുകോ ബാങ്ക് തുടങ്ങിയവയുടെ വായ്പാ എക്കൗണ്ടില്‍ നിന്നും ഡയറക്റ്റര്‍മാരെയും ജിവനക്കാരെയും ഉപയോഗിച്ച് 2,348 കോടി രൂപ ബിപിഎസ്എല്‍ 200ല്‍ അധികം ഷെല്‍ കമ്പനികളിലേക്ക് വകമാറ്റിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. വ്യക്തമായ യാതൊരു ഉദ്ദേശവുമില്ലാതെയാണ് ഇത് ചെയ്തതെന്ന് സിബിഐ പറയുന്നു.
ബാങ്കിന്റെ ഫണ്ട് കമ്പനി ദുരുപയോഗം ചെയ്തതായും ബിപിഎസ്എല്‍ ചെയര്മാന് സഞ്ജയ് സിംഗാള്‍ വൈസ് ചെയര്മാന് ആരതി സിംഗാള്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും സിബിഐ അറിയിച്ചു. സംശയത്തിലുള്ള ഡയറക്റ്റര്മാര്ക്കെതിയും എഫ്ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.