ആഡംബരത്തിന്റെ അവസാന വാക്കായി ബെന്റ്‌ലി ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റ്

ആഡംബരത്തിന്റെ അവസാന വാക്കായി ബെന്റ്‌ലി ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റ്

വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമോയെന്ന് വ്യക്തമല്ല. ഒരുപക്ഷേ, ലിമിറ്റഡ് എഡിഷന്‍ മോഡലായി പുറത്തിറക്കിയേക്കാം

ശതാബ്ദി ആഘോഷനിറവിലാണ് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ബെന്റ്‌ലി മോട്ടോഴ്‌സ്. 1919 ല്‍ പ്രവര്‍ത്തനമാരംഭിച്ച ബെന്റ്‌ലി മോട്ടോഴ്‌സ്, നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി അനാവരണം ചെയ്ത ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റ് ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. ബെന്റ്‌ലി മോട്ടോഴ്‌സിന്റെ ആസ്ഥാനമായ ഇംഗ്ലണ്ടിലെ ക്രൂവിലാണ് കണ്‍സെപ്റ്റ് കാര്‍ അനാവരണം ചെയ്തത്. സെല്‍ഫ് ഡ്രൈവിംഗ് കഴിവുകള്‍ ഉള്ളവനാണ് ഇലക്ട്രിക് കണ്‍സെപ്റ്റായ ബെന്റ്‌ലി ഇഎക്‌സ്പി 100 ജിടി.

ആറായിരം എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാണ് ബെന്റ്‌ലി ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റിലെ കൂറ്റന്‍ മെഷ് ഗ്രില്‍ നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ഇഡികള്‍ നേര്‍ത്ത ചെമ്പുകൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. ബെന്റ്‌ലിയില്‍ മാത്രം കാണാന്‍ കഴിയുന്ന വൃത്താകൃതിയിലുള്ള ഡയമണ്ട് കട്ട് ഹെഡ്‌ലൈറ്റുകള്‍ നല്‍കിയിരിക്കുന്നു. ഇലക്ട്രിക് ഡ്രൈവ്‌ട്രെയ്‌നും ബാറ്ററികളും തണുപ്പിക്കുന്നതിന് ഗ്രില്ലില്‍ ആക്റ്റീവ്, പാസ്സീവ് എയര്‍ ഇന്‍ടേക്കുകള്‍ നല്‍കി. ‘ഫ്‌ളൈയിംഗ് ബി’ എന്ന ഹുഡ് ഓര്‍ണമെന്റ് ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റിലും തുടര്‍ന്നു. ബെന്റ്‌ലി ആര്‍-ടൈപ്പ് കോണ്ടിനെന്റല്‍ മോഡലിനെ അനുസ്മരിപ്പിക്കുന്നതാണ് ചെരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍. ടെയ്ല്‍ലൈറ്റുകള്‍ ഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. കുതിരലാടത്തിന്റെ ആകൃതിയില്‍ 3ഡി ഒഎല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ ആകര്‍ഷകമാണ്.

കൈ ആംഗ്യങ്ങളിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന ഫീച്ചറുകള്‍ ധാരാളം ഉണ്ടായിരിക്കും. ബയോമെട്രിക് സെന്‍സറുകള്‍ നല്‍കിയിരിക്കുന്ന സീറ്റുകള്‍ ഡ്രൈവര്‍ക്ക് വേണ്ടവിധം പ്രതിപ്രവര്‍ത്തിക്കും. ഡ്രൈവിംഗ് സ്‌റ്റൈല്‍, ഇന്റീരിയര്‍ ലൈറ്റിംഗ്, ശബ്ദം, സുഗന്ധം എന്നിവ യാന്ത്രികമായി ക്രമീകരിക്കാന്‍ സാങ്കേതികവിദ്യക്ക് കഴിയും. പ്രത്യേക സുഗന്ധങ്ങള്‍, തനിയെ നിലംപതിച്ച മരങ്ങളില്‍നിന്നുള്ള തടി, വീഞ്ഞ് ഉണ്ടാക്കുന്ന വീപ്പകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സീറ്റുകള്‍ എന്നിവ ആഡംബര കാറിന്റെ കാബിന്‍ വിശേഷങ്ങളാണ്. ഇന്റീരിയറില്‍, മൂഡ് ലൈറ്റിംഗ് ലഭിക്കുന്നതിന് തുണിയില്‍ ഫൈബര്‍ ഓപ്റ്റിക്‌സ് ഇഴചേര്‍ത്തിരിക്കുന്നു. കാറിന്റെ അകവും പുറവും അലങ്കരിക്കുന്നതിന് ചെമ്പും അലുമിനിയവും ഉപയോഗിച്ചു.

സെന്റര്‍ കണ്‍സോളില്‍ ഇല്യുമിനേറ്റഡ് കംബ്രിയ ക്രിസ്റ്റല്‍ കാണാം. വാഹനത്തിലെ ഇന്റലിജന്റ് പേഴ്‌സണ്‍ അസിസ്റ്റന്റിലേക്ക് ഇതുവഴി പ്രവേശിക്കാം. അഞ്ച് ഓട്ടോണമസ് ഡ്രൈവിംഗ് മോഡുകള്‍ സവിശേഷതയാണ്. കാബിനില്‍ ഒഎല്‍ഇഡി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേകള്‍ നല്‍കിയിരിക്കുന്നു. കാര്‍ ഓട്ടോണമസ് മോഡില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഓട്ടോമാറ്റിക് ഡാര്‍ക്കനിംഗ് സ്‌ക്രീനില്‍ വേണമെങ്കില്‍ സിനിമ കാണാം. കാബിനിലെ വായുവിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിന് സിഒ2 നില നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. പുറത്തേക്കും മുകളിലേക്കും തുറക്കാന്‍ കഴിയുന്നതാണ് ഡോറുകള്‍. റൂഫ് പൂര്‍ണ്ണമായും ഗ്ലാസില്‍ തീര്‍ത്തിരിക്കുന്നു.

19 അടി (5,791 എംഎം) നീളവും 7.8 അടി (2,377 എംഎം) വീതിയുമുള്ള വലിയ കാറാണ് ബെന്റ്‌ലി ഇഎക്‌സ്പി 100 ജിടി. ഉപയോക്താക്കള്‍ക്ക് അസാധാരണ യാത്രകള്‍ സമ്മാനിക്കുന്നതായിരിക്കും ഇഎക്‌സ്പി 100 ജിടി എന്ന് ബെന്റ്‌ലി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഡ്രിയാന്‍ ഹാള്‍മാര്‍ക്ക് പറഞ്ഞു. ആഡംബര കാര്‍ സ്വന്തമാക്കാന്‍ ഭാഗ്യമുള്ളവരുടെ യാത്രകളെ സമ്പന്നമാക്കുന്ന തരത്തിലാണ് ഗ്രാന്‍ഡ് ടൂറര്‍ (ജിടി) രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1,900 കിലോഗ്രാമാണ് ആഡംബര കാറിന്റെ ആകെ ഭാരം. കണ്‍സെപ്റ്റ് കാറിന്റെ നിര്‍മ്മാണത്തിന് അലുമിനിയവും കാര്‍ബണ്‍ ഫൈബറും വ്യാപകമായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ ഭാരം ഈവിധം കുറഞ്ഞു. ഓള്‍ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

1,500 ന്യൂട്ടണ്‍ മീറ്ററാണ് കണ്‍സെപ്റ്റ് കാറിലെ ഇലക്ട്രിക് പവര്‍ട്രെയ്ന്‍ ഉല്‍പ്പാദിപ്പിക്കുന്ന പരമാവധി ടോര്‍ക്ക്. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കുന്നതിന് 2.5 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 300 കിലോമീറ്ററാണ് ടോപ് സ്പീഡ്. സിംഗിള്‍ ചാര്‍ജില്‍ 700 കിലോമീറ്റര്‍ സഞ്ചരിക്കാമെന്ന് ബെന്റ്‌ലി മോട്ടോഴ്‌സ് അവകാശപ്പെടുന്നു. ഫാസ്റ്റ് ചാര്‍ജിംഗ് വഴി വെറും 15 മിനിറ്റിനുള്ളില്‍ 80 ശതമാനം ബാറ്ററി റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും. പൂര്‍ണ്ണമായും ഓട്ടോണമസ് കാറായ ബെന്റ്‌ലി ഇഎക്‌സ്പി 100 ജിടി ആവശ്യമെങ്കില്‍ ഡ്രൈവിംഗ് മോഡിലേക്ക് മാറ്റാം. ബെന്റ്‌ലി ഇഎക്‌സ്പി 100 ജിടി കണ്‍സെപ്റ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമോയെന്ന് വ്യക്തമല്ല. ഒരുപക്ഷേ, ലിമിറ്റഡ് എഡിഷന്‍ മോഡലായി പുറത്തിറക്കിയേക്കാം.

Comments

comments

Categories: Auto