ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും: പിഡബ്ല്യൂസി

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരും: പിഡബ്ല്യൂസി

‘2030ല്‍ പശ്ചിമേഷ്യയുടെ ജിഡിപിയില്‍ 11 ശതമാനം എഐ രംഗത്ത് നിന്നായിരിക്കും’

ദുബായ്: 2030ഓടെ പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്(എഐ)രംഗത്ത് നിന്നും 320 ബില്യണ്‍ ഡോളറിന്റെ സംഭാവനയുണ്ടാകുമെന്ന് ആഗോള കണ്‍സണ്‍ട്ടന്‍സി കമ്പനിയായ പിഡബ്ല്യൂസി. എഐ രംഗത്തെ വരുംകാല കണ്ടുപിടിത്തങ്ങള്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും പശ്ചിമേഷ്യയില്‍ യുഎഇ ആണ് എഐ രംഗത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കുകയെന്നും പിഡബ്ലൂസി പറയുന്നു. അതേസമയം വരും വര്‍ഷങ്ങളില്‍ എഐ രംഗത്തുള്ള ചിലവിടല്‍ ഇരട്ടിക്കുമെന്നും പ്രവചനമുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് രംഗത്തും കൊഗ്നിറ്റീവ് ഇന്റെലിജന്‍സ് രംഗത്തും ഉള്ള പദ്ധതികള്‍ക്കായി പശ്ചിമേഷ്യയും ആഫ്രിക്കയും 2021ഓടെ 100 മില്യണ്‍ ഡോളറിലധികം ചിലവഴിക്കുമെന്നാണ് ഐഡിസി( ഇന്റെര്‍നാഷ്ണല്‍ ഡാറ്റ കോര്‍പ്പറേഷന്‍)പ്രവചിക്കുന്നത്. പക്ഷേ ഈ ചിലവ് വെറുതെയാകില്ല, 2030ല്‍ പശ്ചിമേഷ്യയുടെ മൊത്തം ആഭ്യന്ത ഉല്‍പ്പാദനത്തിന്റെ 11 ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് മേഖലയുടെ സംഭാവനയായിരിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് രംഗത്ത് നിന്നും ഏറ്റവുമധികം നേട്ടമുണ്ടാക്കാന്‍ പോകുന്നത് യുഎഇയാണ്, 2030ല്‍ യുഎഇയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 13.6 ശതമാനം എഐ രംഗത്ത് നിന്നായിരിക്കുമെന്ന് പിഡബ്ലൂസി പ്രവചിക്കുന്നു.

സുരക്ഷാരംഗം ഉള്‍പ്പടെ യുഎഇയിലെ പല വ്യാവസായിക മേഖലകളിലും മാറ്റം കൊണ്ടുവരുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സംവിധാനങ്ങളുടെ പങ്ക് വലുതാണ്. വഞ്ചിതരാകാതിരിക്കുക എന്ന ലക്ഷ്യത്തോടെ എഐ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനങ്ങളാണ് രാജ്യത്തെ മിക്ക സ്ഥാപനങ്ങളും ഇന്ന് തിരയുന്നത്. വിസ കമ്പനിയുടെ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനമായ, വിസ അഡ്വാന്‍സ്ഡ് ഓതറൈസേഷന്‍ പ്രതിവര്‍ഷം 25 ബില്യണ്‍ ഡോളറിന്റെ തട്ടിപ്പ് തടയാന്‍ ധനകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നുണ്ടെന്ന് കമ്പനി അടുത്തിടെ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. എക്കൗണ്ടുടമകള്‍ നടത്തുന്ന സത്യസന്ധമായ ഇടപാടുകളെയും തട്ടിപ്പുകാര്‍ നടത്തുന്ന വ്യാജ ഇടപാടുകളെയും തമ്മില്‍ വേര്‍തിരിക്കുകയെന്നത് ഏറെ ദുഷകരമായ ജോലിയാണെന്ന് വിസയിലെ ഡാറ്റ,റിസ്‌ക് ആന്‍ഡ് ഐഡിന്റിറ്റി പ്രോഡക്ട്‌സ് സൊലൂഷന്‍സ് ആഗോള മേധാവിയും വൈസ് പ്രസിഡന്റുമായ മെലിസ്സ മക്‌ഷെറി പറയുന്നു. മനുഷ്യരുടെ അനുഭവപരിചയവും സാങ്കേതികരംഗത്തെ കണ്ടുപിടിത്തങ്ങളും ശരിയായി കൂട്ടിയോജിപ്പിച്ച് കൊണ്ട് ഈ പ്രശ്‌നത്തെ നേരിടാമെന്നും അവര്‍ പറയുന്നു.

2030ഓടെ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് എഐ രംഗത്ത് നിന്നും 15.7 ട്രില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാകുമെന്നും പിഡബ്ല്യൂസി പ്രവചിക്കുന്നുണ്ട്. ഇതില്‍ 6.6 ട്രില്യണ്‍ എഐ മൂലമുണ്ടാകുന്ന അധിക ഉല്‍പ്പാദനത്തിലൂടെയും ബാക്കി 9.1 ട്രില്യണ്‍ ഡോളര്‍ എഐ വഴി ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന നേട്ടങ്ങളിലൂടെയുമാണ് ലഭ്യമാകുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അഥവാ കൃത്രിമബുദ്ധി ഇന്ന് ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികമേഖലയാണ്. എല്ലാ മേഖലകളിലും തന്നെ എഐ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അതിനാല്‍ തന്നെ ഈ മേഖലയുടെ വളര്‍ച്ചയും വളരെ പെട്ടെന്നാണ്. വ്യവസായിക, ബിസിനസ് മേഖലകളും പല ആവശ്യങ്ങള്‍ക്ക് എഐ ഉപയോഗപ്പെടുത്തുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് വ്യക്തികേന്ദ്രീകൃതമായ അനുഭവങ്ങള്‍ നല്‍കുന്നതിന് എഐ ഉപയോഗപ്പെടുത്തുന്ന രീതി ഇന്ന് വ്യാപകമാണ്. ഇ-കൊമേഴ്‌സ് രംഗം ഇതിന് മികച്ച ഉദാഹരണമാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലെ ഉപഭോക്താക്കളുടെ തിരച്ചിലിനെ അധാരമാക്കി അവര്‍ക്ക് വേണ്ടുന്ന വിവരങ്ങളും ഉല്‍പ്പന്നങ്ങളും സ്‌ക്രീനിന് മുമ്പില്‍ എത്തിച്ച് കൊടുക്കുന്നത് കൃത്രിമ ബുദ്ധിയെ ആശ്രയിച്ച് കൊണ്ടാണ്. കൂടാതെ എച്ച്ആര്‍ രംഗത്തും കമ്പനികള്‍ ഇന്ന് വലിയ തോതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഉപയോഗപ്പെടുത്തുന്നു. ഉല്‍പ്പന്നങ്ങള്‍ മികച്ചതാണെങ്കില്‍ കൂടിയും മോശം ഉപഭോക്തൃ സേവനം സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പ്രകടനത്തെ ബാധിക്കും. അതിനാല്‍ ജീവനക്കാരുടെ പ്രവര്‍ത്തനവും മനോനിലകളും വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇതിനായി ചില കമ്പനികള്‍ എഐ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു.

Comments

comments

Categories: Arabia