ഉടനടി ലൈസന്‍സ് സേവനവുമായി അബുദാബി ഊര്‍ജ വകുപ്പ്

ഉടനടി ലൈസന്‍സ് സേവനവുമായി അബുദാബി ഊര്‍ജ വകുപ്പ്

യോഗ്യതയുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ ലൈസന്‍സും

അബുദാബി: ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അബുദാബി ഊര്‍ജ വകുപ്പും അബുദാബി ഡിജിറ്റല്‍ അതോറിറ്റിയും ചേര്‍ന്ന് എമിറേറ്റില്‍ ‘ഉടനടി ലൈസന്‍സ്’ സേവനം ലഭ്യമാക്കാനൊരുങ്ങുന്നു. എമിറേറ്റിലെ സര്‍ക്കാര്‍ സംവിധാനമായ ‘താം’ മുഖേനയാണ് ഈ സേവനം നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.

യോഗ്യതയുള്ള ബിസിനസുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് സൗജന്യ ലൈസന്‍സ് ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്. ഒരു പ്രവൃത്തി ദിവസത്തിനുള്ളില്‍ തന്നെ ഇത് ലഭ്യമാക്കുമെന്ന് ഊര്‍ജ വകുപ്പ് അറിയിച്ചു. എമിറേറ്റിലെ ചെറുകിട ഊര്‍ജ കമ്പനികള്‍ക്ക് വേഗതയുള്ളതും കാര്യക്ഷമവുമായ സേവനങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം നടപ്പിലാക്കുന്നത്.

രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക, തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, ബിസിനസ് മത്സരക്ഷമത വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യുഎഇ നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി വരികയാണ്. രാജ്യത്തെ എല്ലാ എമിറേറ്റുകളും ഇതിനോടനുബന്ധിച്ച് പല പരിഷ്‌കാരങ്ങളും നടപ്പിലാക്കുന്നുണ്ട്. വിസാ ചട്ടങ്ങളില്‍ ഇളവ്, ചില മേഖലകളില്‍ 100 ശതമാനം വരെ വിദേശ നിക്ഷേപത്തിന് അനുമതി, സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസിളവ് എന്നിവ അവയില്‍ ചിലതാണ്.

അബുദാബിയിലെ 50 ബില്യണ്‍ ദിര്‍ഹത്തിന്റെ ത്രിവര്‍ഷ ഉത്തേജന പാക്കേജായ ഗദന്‍ 21ന്റെ ഭാഗമായാണ് ഉടനടി ലൈസന്‍സ് സേവനം ലഭ്യമാക്കുന്നത്. ജലോല്‍പാദന, ശുദ്ധീകരണ പദ്ധതികള്‍, വൈദ്യുതോല്‍പാദന പദ്ധതികള്‍, മലിനജല ശേഖരണം തുടങ്ങിയ ഊര്‍ജ സംബന്ധ ബിസിനസുകള്‍ക്കാണ് പുതിയ ലൈസന്‍സ് നയം ബാധകമാകുക.

Comments

comments

Categories: Arabia